ശ്രീനിവാസന്‍ വധക്കേസിലും റൗഫിന് പങ്കെന്ന് പോലീസ്; ഒറ്റപ്പാലത്തെ BJP നേതാവിനെയും ലക്ഷ്യമിട്ടു


എന്‍.ഐ.എ. കസ്റ്റഡിയിലുള്ള റൗഫിന്റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുമെന്ന് ശ്രീനിവാസന്‍ കേസിന്റെ അന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്.പി. എം. അനില്‍കുമാര്‍ പറഞ്ഞു.

സി.എ. റൗഫിനെ എറണാകുളം എൻ.ഐ.എ. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ

പാലക്കാട്: ആര്‍.എസ്.എസ്. നേതാവായിരുന്ന, പാലക്കാട് മൂത്താന്തറ സ്വദേശി എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) മുന്‍ സംസ്ഥാനസെക്രട്ടറി സി.എ. റൗഫിന് മുഖ്യപങ്കെന്ന് അന്വേഷണസംഘം.

ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന്റെ തലേന്ന് ഗൂഢാലോചന നടത്തിയതിലും കൃത്യത്തിനുശേഷം പ്രതികളെ ഒളിപ്പിക്കാന്‍ ആസൂത്രണം നടത്തിയതിലും റൗഫിന് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.ശ്രീനിവാസനെ കൊലപ്പെടുത്തിയത് സംസ്ഥാനനേതാക്കളുടെ അറിവോടെയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ആദ്യമായാണ് പി.എഫ്.ഐ. സംസ്ഥാനനേതാവിന് പങ്കുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിക്കുന്നത്. ഇത് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പേ വിവരം കിട്ടിയതായും സൂചനയുണ്ട്. ആര്‍.എസ്.എസ്. നേതാക്കളുടെ പട്ടിക തയ്യാറാക്കിയാണ് പി.എഫ്.ഐ. കൊലപാതകങ്ങള്‍ നടത്തുന്നതെന്ന് സംസ്ഥാനപോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

എന്‍.ഐ.എ. കസ്റ്റഡിയിലുള്ള റൗഫിന്റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുമെന്ന് ശ്രീനിവാസന്‍ കേസിന്റെ അന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്.പി. എം. അനില്‍കുമാര്‍ പറഞ്ഞു. കേസില്‍ ഒളിവില്‍ കഴിയുന്നവരെ സംരക്ഷിക്കുന്നതിലും റൗഫിന് പങ്കുണ്ടെന്ന് സംശയമുണ്ട്. എന്‍.ഐ.എ.യുടെ ചോദ്യംചെയ്യലിനുശേഷം പ്രതിയെ വിട്ടുകിട്ടാനുള്ള സാധ്യതകളും പോലീസ് തേടും.

ശ്രീനിവാസന്‍ വധക്കേസില്‍ ഇതുവരെ 30 പേരെയാണ് അറസ്റ്റുചെയ്തത്. 44 പേര്‍ പ്രതിപ്പട്ടികയിലുണ്ട്. എസ്.ഡി.പി.ഐ. സംസ്ഥാനകമ്മിറ്റിയംഗം അമീറലിയെ ഇതേ കേസില്‍ 26-ന് അറസ്റ്റുചെയ്തിരുന്നു.

ഏപ്രില്‍ 16-ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ എസ്.കെ.എസ്. ഓട്ടോസ് എന്ന സ്ഥാപനത്തില്‍ക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്.

ഒറ്റപ്പാലത്തെ ബി.ജെ.പി. നേതാവിനെ പ്രതികള്‍ ലക്ഷ്യംവെച്ചതായി പോലീസ്

ഒറ്റപ്പാലം: ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന ശ്രീനിവാസന്റെ കൊലപാതകത്തിനുമുമ്പ്, കേസിലുള്‍പ്പെട്ടവര്‍ ഒറ്റപ്പാലത്തെ ബി.ജെ.പി. നേതാവിനെ ലക്ഷ്യംവെച്ചിരുന്നെന്ന് പോലീസ്. കേസില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് മേപ്പറമ്പ് സ്വദേശി കെ. ബഷീറിനെ (39) ലക്കിടിയില്‍ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് മറ്റൊരുനേതാവിനെ ലക്ഷ്യംവെച്ചതായി അന്വേഷണസംഘം വെളിപ്പെടുത്തിയത്.

ലക്കിടി കിന്‍ഫ്രാ പാര്‍ക്കിന് എതിര്‍വശത്തുള്ള സ്ഥലത്ത് ഇവര്‍ സംഘംചേര്‍ന്നിരുന്നതായി പോലീസിന് സി.സി.ടി.വി. ക്യാമറാദൃശ്യങ്ങളുള്‍പ്പെടെയുള്ള തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലക്കിടിയില്‍ ബഷീറിനെയെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

ശ്രീനിവാസന്‍ കൊല്ലപ്പെട്ട ഏപ്രില്‍ 16-ന് രാവിലെയാണ് കേസിലുള്‍പ്പെട്ടവര്‍ ഇവിടെ സംഘംചേര്‍ന്നത്. അഞ്ച് ബൈക്കുകളിലും ഒരു കാറിലുമായി 13 പേരാണ് ഇവിടെയെത്തിയത്. ഒറ്റപ്പാലത്തെ ബി.ജെ.പി. നേതാവിനെ വധിക്കാന്‍ അവസരംനോക്കി ഇവര്‍ പുലര്‍ച്ചെ മൂന്നുമണിമുതല്‍ വൈകീട്ട് ആറുമണിവരെ കാത്തുനിന്നതായി പോലീസ് പറയുന്നു. ഇങ്ങനെ കാത്തുനില്‍ക്കുന്ന ദൃശ്യങ്ങളാണ് കിന്‍ഫ്ര പാര്‍ക്കിന് സമീപത്തെ ക്യാമറകളില്‍ പതിഞ്ഞിട്ടുള്ളത്.

ഈ ശ്രമം നടക്കാതെവന്നതോടെയാണ് പാലക്കാട്ടേക്കുപോയി ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. രാവിലെ 11 മണിയോടെയാണ് ലക്കിടിയില്‍ പ്രതി ബഷീറിനെയുംകൊണ്ട് നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. കെ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പിനെത്തിയത്. അറസ്റ്റിലായ പ്രതികള്‍ തമ്പടിച്ച സ്ഥലവും വാഹനങ്ങള്‍ നിര്‍ത്തിയിട്ടഭാഗങ്ങളും ബഷീര്‍ പോലീസിനോട് വിശദീകരിച്ചു.

Content Highlights: pfi former state leader has role in palakkad sreenivasan murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented