പണമെണ്ണുന്ന നേരം കാത്തിരുന്ന് കള്ളന്‍മാര്‍; കോഴിക്കോട് പെട്രോള്‍ പമ്പുകളില്‍ മുന്‍പും കവര്‍ച്ച


കാക്ക രഞ്ജിത്തുള്‍പ്പെടെ സ്ഥിരം കവര്‍ച്ചാസംഘങ്ങള്‍ക്ക് കോട്ടൂളിയിലെ കേസിലും പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

കോട്ടൂളി പെട്രോൾപമ്പിലെ ജീവനക്കാരനെ കവർച്ച നടത്തുന്നതിനുമുമ്പ് മോഷ്ടാവ് മൽപ്പിടിത്തത്തിലൂടെ കീഴടക്കുന്നതിന്റെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞ ദൃശ്യം

കോഴിക്കോട്: കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ വ്യാഴാഴ്ച അരലക്ഷംരൂപ തട്ടിയെടുത്തിനു സമാനമായ കവര്‍ച്ച മുന്‍പും കോഴിക്കോട് നഗരത്തില്‍ നടന്നിട്ടുണ്ട്. നാല് പെട്രോള്‍ പന്പുകളിലാണ് ഇത്തരത്തില്‍ കവര്‍ച്ച നടന്നത്. ഒരുതവണ പെട്രോള്‍ പന്പില്‍നിന്ന് ബാങ്കിലടയ്ക്കാന്‍ കൊണ്ടുവന്ന പണവും തട്ടിയെടുത്തു.

2007-ല്‍ മാഹിയിലെ കെ.ടി.സി. പെട്രോള്‍ പമ്പില്‍നിന്ന് കോഴിക്കോട് എസ്.ബി.ഐ. ശാഖയില്‍ അടയ്ക്കാന്‍ കൊണ്ടുവന്ന 21.13 ലക്ഷം ഗുണ്ടാതലവന്‍ കാക്ക രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പട്ടാപ്പകല്‍ തട്ടിയെടുത്തതാണ് പ്രധാന സംഭവം. രണ്ടുവര്‍ഷം കഴിഞ്ഞാണ് ഈ കേസില്‍ പ്രതികളെ പിടികൂടുന്നതും കാക്ക രഞ്ജിത്തിന്റെ പങ്ക് പുറത്തുവരുന്നതും.

2012-ല്‍ കോവൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച് അജ്ഞാതസംഘം രണ്ടുലക്ഷം രൂപ കവര്‍ന്നിരുന്നു. എണ്ണിത്തിട്ടപ്പെടുത്തി മേശപ്പുറത്തുവെച്ച പണമാണ് മൂര്‍ച്ചയുള്ള ദണ്ഡുകൊണ്ട് മര്‍ദിച്ച് അക്രമികള്‍ തട്ടിയെടുത്തത്. കോട്ടൂളിയിലേതുപോലെ കവര്‍ച്ചയ്ക്കുശേഷം പ്രതികള്‍ പിറകിലെ മതിലിലൂടെ ചാടിപ്പോവുകയായിരുന്നു. 2017 ഒക്ടോബറില്‍ ചെറൂട്ടിറോഡ്-കോര്‍ട്ട് റോഡ് ജങ്ഷനിലെ പെട്രോള്‍ പമ്പില്‍നിന്ന് 18,200 രൂപ കവര്‍ന്നിരുന്നു. 2018-ല്‍ കട്ടാങ്ങലിലെ പെട്രോള്‍ പമ്പില്‍ നിന്ന് തോക്കു ചൂണ്ടി 1.08 ലക്ഷം രൂപയും 2020-ല്‍ നടക്കാവിലെ പെട്രോള്‍ പമ്പിലെ ജീവനക്കാരന്റെ കണ്ണില്‍ മണ്ണ് വാരിയെറിഞ്ഞ് 32,000 രൂപയും കവര്‍ന്നിരുന്നു.

മിക്കയിടങ്ങളിലും പമ്പ് പൂട്ടി പണമെണ്ണുന്ന നേരം നോക്കിയാണ് കവര്‍ച്ചാസംഘങ്ങളെത്തിയത്. കാക്ക രഞ്ജിത്തുള്‍പ്പെടെ സ്ഥിരം കവര്‍ച്ചാസംഘങ്ങള്‍ക്ക് കോട്ടൂളിയിലെ കേസിലും പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കോട്ടൂളിഭാഗത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ ബെന്നിലാലുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

വ്യാഴാഴ്ച കവര്‍ന്നത് അരലക്ഷം രൂപ;
ജീവനക്കാരന്റെ പേഴ്‌സിലെ മുന്നൂറ് രൂപയും കവര്‍ന്നു

കോഴിക്കോട്: നഗരത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ പെട്രോള്‍പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദിച്ച് അരലക്ഷം രൂപ കവര്‍ന്നു. മാവൂര്‍ റോഡില്‍ കോട്ടൂളിയിലെ നോബിള്‍ പെട്രോള്‍പമ്പില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.40-നാണ് സംഭവം. മുളകുപൊടി വിതറിയശേഷമാണ് കവര്‍ച്ചനടത്തിയത്. ജീവനക്കാരനായ പുതിയറ സ്വദേശി മുഹമ്മദ് റാഫിയെ (55) മോഷ്ടാവ് മര്‍ദിക്കുന്നതുള്‍പ്പെടെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണുന്നുണ്ടെങ്കിലും മുഖംമൂടിയണിഞ്ഞതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വിരലടയാളം പതിയാതിരിക്കാന്‍ മോഷ്ടാവ് റേസിങ് ഗ്ലൗസും ധരിച്ചിട്ടുണ്ട്.

പെട്രോള്‍പമ്പിന്റെ മതിലിലൂടെ മേല്‍ക്കൂരയില്‍ കയറി അവിടെനിന്ന് ജനലിലൂടെയാണ് മോഷ്ടാവ് ഉള്ളില്‍ക്കടന്നത്. 1.30 വരെ മറ്റൊരുജീവനക്കാരന്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹം പോയിക്കഴിഞ്ഞ് 10 മിനിറ്റിനകമാണ് കവര്‍ച്ചനടന്നത്. പെട്രോള്‍പന്പില്‍ നിര്‍ത്തിയിട്ട മൂന്നുബസുകളിലും ബസ് ജീവനക്കാര്‍ ഉറങ്ങുന്നുണ്ടായിരുന്നെങ്കിലും അവര്‍ പോലീസ് എത്തിയശേഷമാണ് സംഭവമറിയുന്നത്. മോഷ്ടാവിനെ കണ്ടതിന്റെ ഞെട്ടലില്‍ ശബ്ദിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായിപ്പോയെന്നാണ് ജീവനക്കാരന്‍ പറഞ്ഞത്.

ഓഫീസിനകത്തേക്ക് കടക്കാനുള്ള വഴികളുള്‍പ്പെടെ മോഷ്ടാവ് മനസ്സിലാക്കിവെച്ചിട്ടുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. അര്‍ധരാത്രി 12 മണിവരെയാണ് പെട്രോള്‍പമ്പ് പതിവായി പ്രവര്‍ത്തിക്കാറുള്ളത്. പമ്പ് അടച്ചാല്‍ പണം ഓഫീസില്‍ത്തന്നെയുള്ള ചെസ്റ്റില്‍ സൂക്ഷിക്കാറാണ് പതിവ്. സാധാരണ രാത്രിയില്‍ രണ്ടുപേര്‍ ഡ്യൂട്ടിക്ക് ഉണ്ടാവാറുണ്ടെങ്കിലും വ്യാഴാഴ്ച ഒരാള്‍ അവധിയിലായിരുന്നു.

മോഷ്ടാവ് ഉള്ളില്‍ക്കടക്കുമ്പോള്‍ റാഫി പണം എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു. മുകള്‍നിലയില്‍ ആരോ ചാടിയിറങ്ങിയ ശബ്ദംകേട്ട് ചെന്നുനോക്കിയപ്പോള്‍ റാഫിയും മോഷ്ടാവും തമ്മില്‍ മല്‍പ്പിടിത്തമുണ്ടാവുകയും റാഫിയെ താഴെവീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന്, തോര്‍ത്തുമുണ്ടുകൊണ്ട് കൈ കെട്ടിയിട്ടു. പ്രതിരോധിക്കാന്‍ശ്രമിച്ചെങ്കിലും മോഷ്ടാവ് റാഫിയുടെ ദേഹത്ത് കയറിയിരുന്ന് തുടര്‍ച്ചയായി മര്‍ദിച്ചു. ചുണ്ടിനും കണ്ണിനും പരിക്കുകളുണ്ട്. മുകളിലൂടെ ഇറങ്ങിയ മോഷ്ടാവ് മുന്‍ഭാഗത്തെ വാതില്‍ തുറന്ന് മതില്‍ ചാടിക്കടന്നാണ് തിരിച്ചുപോയതെന്നാണ് സൂചന.

മോഷ്ടാവ് തനിച്ചാണ് എത്തിയതെന്നാണ് കരുതുന്നത്. പെട്രോള്‍പന്പില്‍ എട്ട് സി.സി.സി.ടി.വി. ക്യാമറകളുണ്ടെങ്കിലും അതിലൊന്നും മറ്റാരും കടന്നുവരുന്നത് കണ്ടിട്ടില്ല. വാതിലോ ജനലോ തകര്‍ത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മുകള്‍നിലയിലെ ജനലിനും താഴേക്കുള്ള വാതിലിനും പൂട്ടില്ലാത്തതാണ് മോഷ്ടാവിന് സഹായകരമായത്. 1.30-ന് പെട്രോള്‍പമ്പിന് സമീപത്തായി മൂന്നുകാറുകള്‍ നിര്‍ത്തിയിട്ടിരുന്നത് കണ്ടിരുന്നതായി ജീവനക്കാരന്‍ പറഞ്ഞു.

റാഫിയുടെ മൊബൈല്‍ ഫോണും പേഴ്‌സിലെ മുന്നൂറുരൂപയും മോഷ്ടാവ് കൊണ്ടുപോയിട്ടുണ്ട്. ഓഫീസിലെ ലാന്‍ഡ് ഫോണില്‍നിന്ന് മാനേജരെ വിളിച്ചാണ് സംഭവമറിയിച്ചത്. മാനേജര്‍ അറിയിച്ചതനുസരിച്ചാണ് പോലീസ് എത്തിയത്. തിരുത്തിയാട് കച്ചേടത്ത് അജയ് കുമാറിന്റേതാണ് പെട്രോള്‍ പമ്പ് 12 കൊല്ലമായി റാഫി ഈ പെട്രോള്‍പമ്പില്‍ ജോലിചെയ്യുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. ആളെ തിരിച്ചറിഞ്ഞില്ലെങ്കിലും സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം തുടരുമെന്ന് മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ ബെന്നിലാലു പറഞ്ഞു. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡുമുള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Content Highlights: Petrolpump Robbery In Kozhikode

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented