ജലീലിനെ ആശുപത്രിയിൽ എത്തിച്ചയാളുടെ സിസിടിവി ദൃശ്യം(ഇടത്ത്) കൊല്ലപ്പെട്ട ജലീൽ(വലത്ത്) Screengrab: Mathrubhumi News
മലപ്പുറം: നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. അലിമോന്, അല്‍ത്താഫ്, റഫീഖ്, അനസ്ബാബു, മണികണ്ഠന് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയെന്ന് കരുതുന്ന യഹിയ ഒളിവിലാണെന്നും സംഭവത്തില്‍ കൂടുതല്‍പേര്‍ പ്രതികളാകുമെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് പറഞ്ഞു.
സ്വര്‍ണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മരിച്ച അബ്ദുള്‍ ജലീലിന് ക്രൂരമായ മര്‍ദനമേറ്റിരുന്നു. 15-ാം തീയതി മുതല്‍ 18-ാം തീയതി വരെ ഇയാള്‍ പ്രതികളുടെ കസ്റ്റഡിയിലായിരുന്നു. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും മര്‍ദനമേറ്റിട്ടുണ്ട്. ദേഹം മുഴുവന്‍ മുറിവുകളാണ്. വടിയും ഇരുമ്പ് വടിയും ഉപയോഗിച്ചാണ് പ്രതികള്‍ ജലീലിനെ ആക്രമിച്ചതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ഒളിവിലുള്ള പ്രതി യഹിയക്ക് കുഴല്‍പ്പണം, സ്വര്‍ണക്കടത്ത് ഇടപാടുകളില്‍ പങ്കുണ്ടെന്നാണ് വിവരം. പിടിയിലായ അല്‍ത്താഫ്, അലിമോന്, റഫീഖ് എന്നിവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികളെ രക്ഷപ്പെടാനും മറ്റും ഒട്ടേറെപേര്‍ സഹായിച്ചിട്ടുണ്ട്. ഇവരും കേസിലെ പ്രതികളാകുമെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
15-ാം തീയതി ജിദ്ദയില്‍നിന്ന് നാട്ടിലെത്തിയ അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീലി(42)നെയാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയതിന് പിന്നാലെ ഒരുസംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് അബ്ദുള്‍ ജലീലിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അബോധാവസ്ഥയിലായ ജലീലിനെ വ്യാഴാഴ്ച രാവിലെയാണ് മുഖ്യപ്രതിയെന്ന് കരുതുന്ന യഹിയ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ ഇയാള്‍ ആശുപത്രിയില്‍നിന്നും കടന്നുകളയുകയായിരുന്നു.
ജിദ്ദയില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന അബ്ദുള്‍ ജലീല്‍ 15-ാം തീയതി രാവിലെയാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് വീട്ടിലേക്ക് വിളിച്ച് വിമാനമിറങ്ങിയെന്ന വിവരമറിയിച്ചു. വീട്ടുകാര്‍ ജലീലിനെ കൂട്ടാനായി പുറപ്പെട്ടെങ്കിലും അവരോട് തിരികെ മടങ്ങാനാണ് ജലീല്‍ പറഞ്ഞത്. കൂട്ടുകാരനൊപ്പം വീട്ടിലെത്താമെന്നും അറിയിച്ചു. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഇതോടെ വീട്ടുകാര്‍ അഗളി പോലീസില്‍ പരാതി നല്കി. പിറ്റേദിവസം വീട്ടുകാര്‍ ജലീലിനെ വിളിച്ചപ്പോള്‍ ഫോണില്‍ ലഭിക്കുകയും പരാതി നല്കിയ കാര്യം അറിയിക്കുകയും ചെയ്തു. പരാതി പിന്‍വലിക്കാനും അടുത്തദിവസം വീട്ടില്‍ വരുമെന്നുമായിരുന്നു ജലീലിന്റെ മറുപടി. എന്നാല്‍ ഇതിനുശേഷം ജലീലിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ജലീലിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അജ്ഞാതന്‍ ഫോണ്‍വിളിച്ച് അറിയിച്ചത്. ജലീലിനെ ആശുപത്രിയില്‍ എത്തിച്ച് ഒളിവില്‍പോയ യഹിയ തന്നെയാണ് വീട്ടിലേക്ക് വിളിച്ച് വിവരമറിയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..