പീഡന പരാതിയിൽ അറസ്റ്റിലായ ശേഷം പി.സി. ജോർജ് തൈക്കാട് ഗസ്റ്റ്ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: ബിജുവർഗീസ്/ മാതൃഭൂമി
തിരുവനന്തപുരം: പീഡന പരാതിയില്‍ താന്‍ നിരപരാധിയാണെന്ന കാര്യം തെളിയുമെന്ന് പി.സി. ജോര്‍ജ്. കേസിലെ വസ്തുത എന്താണെന്ന് താന്‍ തെളിയിക്കുമെന്നും സത്യം തെളിയിച്ച് പുറത്തിറങ്ങുമെന്നും അദ്ദേഹം പീഡനക്കേസില്‍ അറസ്റ്റിലായതിന് പിന്നെലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ കാര്യം കൊണ്ടൊന്നും മുഖ്യമന്ത്രി പിണറായി വിജയന് രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രിയുടെ കൈയില്‍നിന്ന് പണം വാങ്ങി പരാതിക്കാരി നടത്തുന്ന മര്യാദകേടിന് ദൈവം അവരോട് പൊറുക്കട്ടെയെന്നും പി.സി. പറഞ്ഞു.
മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് പറഞ്ഞാണ് പി.സി. ജോര്‍ജ് ആദ്യം സംസാരിച്ചത്. പിന്നീട് പരാതിക്കാരിയുടെ പേര് പറയുന്നത് ശരിയാണോയെന്ന് മാധ്യമപ്രവര്‍ത്തക ചോദിച്ചപ്പോള്‍ പി.സി.ജോര്‍ജ് ക്ഷുഭിതനായി. നിങ്ങളുടെ പേര് പറയാമോ എന്നായിരുന്നു പി.സി.യുടെ മറുചോദ്യം. മാധ്യമപ്രവര്‍ത്തകയെ ആക്ഷേപിക്കുന്നരീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പി.സി. ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്:-
'പരാതിക്കാരിയെ യഥാര്‍ഥത്തില്‍ പീഡിപ്പിച്ചവരെല്ലാം സന്തോഷമായി റോഡില്‍ കൂടെ നടക്കുന്നു. ആ സ്ത്രീയോട് ഏറ്റവും മാന്യമായി പെരുമാറിയ ഏക രാഷ്ട്രീയക്കാരന് പിസി ജോര്‍ജാണെന്ന് അവര്‍ തന്നെ പത്രസമ്മേളനം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ അവര്‍ പറയുന്നു, വേണ്ടാധീനമൊന്നുമല്ല, അവരെ പിടിച്ചെന്ന് മാത്രം. വേറൊരു കേസായി.
11 മണിക്ക് കടലാസില്‍ എഴുതിക്കൊണ്ട് സ്റ്റേഷനില്‍ കൊടുത്തു. സ്വാഭാവികമായും പോലീസ് കേസെടുത്തു. വളരെ സന്തോഷം. ഞാന്‍ കോടതിയില്‍ പോവുകയാണ്. ഞാന്‍ നിരപരാധിയാണെന്ന് തെളിയും. അത് നൂറു ശതമാനം ഉറപ്പുപറയുന്നു.
ഈയൊരു കാര്യം കൊണ്ടൊന്നും പിണറായി വിജയന് രക്ഷപ്പെടില്ല. ഇന്ന് ക്രൈംബ്രാഞ്ച് വേറൊരു കേസില്‍ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തി. ആ കേസില്‍ അവര്‍ മാന്യമായി സംസാരിച്ചു. പോലീസിനോട് കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് 11 മണിക്ക് പ്രത്യേകം ഒരു കേസ് ഇവിടെ എടുത്തിരിക്കുന്നത്.
ഞാന്‍ ഒളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പോലീസിനൊപ്പം പോയി കോടതിയില്‍ പോകും. സ്വാഭാവികമായും റിമാന്‍ഡ് ചെയ്യും. റിമാന്‍ഡ് ചെയ്താല്‍ സന്തോഷം.അതുകഴിഞ്ഞ് എന്റെ വസ്തുത എന്താണെന്ന് ഞാന്‍ തെളിയിക്കും. സത്യസന്ധമായി ഇറങ്ങും.
Also Read
ഞാന്‍ ഏതായാലും ഒരു സ്ത്രീയേയും പീഡിപ്പിക്കുകയില്ല. ഞാന്‍ പൊതുപ്രവര്‍ത്തകനാണ്. എന്റെയടുത്ത് വരുന്ന പെണ്‍കുട്ടികളെ മോളെ ചക്കരേ സ്വന്തമെന്നല്ലാതെ വിളിക്കുകയില്ല. ആ സ്നേഹവും ബഹുമാനവും കാണിക്കുന്ന വ്യക്തിയാണ് ഞാന്‍. ഈ പിണറായി വിജയന്റെ ചില്ലറയും വാങ്ങിച്ച് കാണിക്കുന്ന മര്യാദകേടിന് ദൈവം തമ്പുരാന് അവരോട് ക്ഷമിക്കട്ടെ.
പിസി മാത്രമാണ് മാന്യത കാണിച്ചതെന്ന് അവര്‍ പറഞ്ഞതാണ്. എന്റെ ഭാഗത്തുനിന്ന് വൃത്തികേട് ഉണ്ടാവില്ല.
ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ പീഡിപ്പിച്ചെന്ന കേസില്‍ സാക്ഷി പറയണമെന്ന് എന്നോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി ആ കേസ് സിബിഐക്ക് വിട്ടിരിക്കുകയാണ്. സിബിഐ എന്നെ ചോദ്യംചെയ്യാന്‍ വിളിച്ചിരുന്നു. ഇവര്‍ എന്റെ വീട്ടില്‍വന്നു. പത്താം തീയതി ഇവിടെവന്നു.
ആദ്യം ഇവര്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസില്‍വെച്ച് പീഡിപ്പിച്ചെന്നാണ്. അത് കേട്ടപ്പോള്‍ ഉമ്മന്‍ചാണ്ടി മര്യാദകേട് കാണിക്കുമോയെന്ന് ഞാന്‍ സംശയിച്ചു. പിന്നീട് എഴുതി തന്നപ്പോള്‍ അത് ക്ലിഫ് ഹൗസില്‍വെച്ചായി. അത് നുണയാണെന്ന് മനസിലായി. എനിക്ക് കള്ളസാക്ഷി പറയാന്‍ പറ്റില്ല. ഇത് പച്ചക്കള്ളമാണെന്ന് സിബിഐയോട് പറഞ്ഞു. അതിന്റെ വൈരാഗ്യം തീര്‍ക്കുന്നതിന്റെ ഭാഗമാണ് ഇതെല്ലാം'. - പി.സി ആരോപിച്ചു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..