വ്യാജമദ്യ നിർമാണകേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടം,വീട്ടിൽനിന്ന് കണ്ടെടുത്ത മദ്യക്കുപ്പികൾ
ഇരിങ്ങാലക്കുട: നഗരമധ്യത്തില്‍ വ്യാജമദ്യം നിര്‍മിച്ചുവന്നിരുന്ന കേന്ദ്രം എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും ഇരിങ്ങാലക്കുട റേഞ്ച് എക്‌സൈസ് സംഘവും നടത്തിയ പരിശോധനയില്‍ കണ്ടെത്തി. രണ്ടുപേര്‍ അറസ്റ്റിലായി. കെട്ടിട ഉടമ കണക്കപ്പറമ്പില്‍ രഘുനാഥന്‍ (62), കൊടുങ്ങല്ലൂര്‍ കുന്നുംപുറത്ത് വീട്ടില്‍ വിനു (37) എന്നിവരെയാണ് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ മനോജ്കുമാര്‍, ഇരിങ്ങാലക്കുട റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.എ. അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്ക് എതിര്‍വശത്ത് വില്ലേജ് ഓഫീസ് റോഡില്‍ പേ ആന്‍ഡ് പാര്‍ക്ക് സ്ഥലത്തിന് പിറകിലുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. താഴത്തെ നിലയിലാണ് ഉടമ രഘുനാഥന്‍ താമസിച്ചിരുന്നത്. മുകളിലത്തെ നിലയിലെ ഹാളിലും മുറിയിലുമായിട്ടായിരുന്നു മദ്യനിര്‍മാണം.
ഇവിടെനിന്ന് പ്ലാസ്റ്റിക് ബാരലുകളിലും ടാങ്കിലുമായി സൂക്ഷിച്ചിരുന്ന 585 ലിറ്റര്‍ നിറം ചേര്‍ത്ത മദ്യവും 60 ലിറ്റര്‍ സ്പിരിറ്റും കണ്ടെടുത്തതായി ഡെപ്യൂട്ടി കമ്മിഷണര്‍ പ്രേംകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വ്യാജമദ്യനിര്‍മാണത്തിനുവേണ്ടി സൂക്ഷിച്ചിരുന്ന കാരമല്‍, ഗ്ലിസറിന്‍, നിറം ചേര്‍ക്കുന്നതിനുള്ള സാധനങ്ങള്‍, സീല്‍ ചെയ്യുന്നതിനുള്ള യന്ത്രം, മോട്ടോര്‍, വ്യാജ ലേബലുകള്‍, ഹോളോഗ്രാം സ്റ്റിക്കറുകള്‍, 14 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 500 എം.എലിന്റെ 2,800 കുപ്പികള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പത്ത് കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കൂട്ടിക്കലര്‍ത്തുന്നതിനുള്ള വലിയ ടാങ്കുകളും കണ്ടെടുത്തു.
നാളുകളായി വീടും പരിസരവും എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. ഒന്നരമാസംമുമ്പാണ് രഘുനാഥന്‍ വീട് താമസത്തിനായി നല്‍കിയത്. മദ്യനിര്‍മാണത്തിന് പിറകില്‍ കൂടുതല്‍ ആളുകളുണ്ടെന്നാണ് കരുതുന്നത്. അവര്‍ക്കെതിരേയുള്ള അന്വേഷണം നടന്നുവരുകയാണ്. കഴിഞ്ഞയാഴ്ച പത്ത്, 11 തീയതികളില്‍ വാടാനപ്പള്ളി റേഞ്ചിന് കീഴിലും ഇത്തരത്തില്‍ വ്യാജമദ്യം കണ്ടെത്തിയിരുന്നു. അതിന്റെ അന്വേഷണം നടന്നുവരുകയാണ്. ഇതു രണ്ടും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു.
അസി. എക്‌സൈസ് കമ്മിഷണര്‍ ഡി. ശ്രീകുമാര്‍, ഇന്റലിജന്‍സ് അസി. കമ്മിഷണര്‍ എസ്. ഷാനവാസ്, സി.ഐ. റിയാസ്, ഐ.ബി. ഇന്‍സ്‌പെക്ടര്‍ മനോജ്കുമാര്‍, റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.എ. അനീഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വ്യാജമദ്യ നിര്‍മാണകേന്ദ്രം പ്രവര്‍ത്തിച്ചത് പേ ആന്‍ഡ് പാര്‍ക്കിന്റെ മറവില്‍
നഗരമധ്യത്തില്‍ വ്യാജമദ്യനിര്‍മാണകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് പേ ആന്‍ഡ് പാര്‍ക്കിന്റെ മറവില്‍. സംഭവത്തില്‍ അറസ്റ്റിലായ ആല്‍ത്തറക്കല്‍ റവന്യൂ ഓഫീസ് ലൈനില്‍ കണക്കപറമ്പില്‍ രഘുനാഥനാണ് പേ ആന്‍ഡ് പാര്‍ക്ക് നടത്തിയിരുന്നത്. രഘുനാഥന്‍ ഒറ്റയ്ക്കായിരുന്നു താമസം. തിരക്കേറിയ റവന്യൂ ഓഫീസ് ലൈനില്‍ കേന്ദ്രം പ്രവര്‍ത്തിച്ചത് നാട്ടുകാര്‍പോലും അറിയുന്നത് എക്‌സൈസ് പരിശോധനയ്ക്ക് ശേഷമാണ്.
ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് പരിശോധന ആരംഭിച്ചത്. മുകളിലത്തെ നിലയിലായിരുന്നു വ്യാജമദ്യ നിര്‍മാണത്തിനുള്ള സാമഗ്രികള്‍ സൂക്ഷിച്ചിരുന്നത്. വീട്ടുടമ താമസിച്ചിരുന്ന താഴത്തെ നിലയുടെ ഉള്‍വശത്തുകൂടി മാത്രമേ മുകളിലേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ വീട്ടുടമയുടെ അറിവോടെയാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വീടിന്റെ മുകള്‍ഭാഗം വാടകയ്ക്ക് നല്‍കിയിട്ട് ഒന്നര മാസത്തോളമായെന്നാണ് വീട്ടുടമ പറയുന്നതെങ്കിലും ഇതു സംബന്ധിച്ച് വ്യക്തമായ രേഖകളില്ല. പേ ആന്‍ഡ് പാര്‍ക്ക് നടത്തിയിരുന്നതു മൂലം ഇവിടെ വാഹനങ്ങള്‍ വരുന്നതും പോകുന്നതും ആരും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. വഴിയുടെ അവസാനത്താണ് വീടെന്നുള്ളതും പെട്ടെന്ന് മറ്റുള്ളവരുടെ ശ്രദ്ധ ഇവിടേക്ക് വരില്ലെന്നതും സംഘത്തിനു തുണയായി.
അസി. ഇന്‍സ്പക്ടര്‍ മണികണ്ഠന്‍, ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എസ്. ഷിബു, കെ.ജെ. ലോനപ്പന്‍, പി.ആര്‍. സുനില്‍കുമാര്‍, പി.ആര്‍. സുരേന്ദ്രന്‍, കെ.ആര്‍. രാമകൃഷ്ണന്‍, എക്സൈസ് റേഞ്ച് ഓഫീസര്‍മാരായ രാജേഷ്, സിബിന്‍, രാജേന്ദ്രന്‍, വനിത ഓഫീസര്‍ ജയശ്രീ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Content Highlights: Pay and Park-fake-liquor-hunt-in-irinjalakuda
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..