പാറ്റൂർ ഗുണ്ടാ ആക്രമണക്കേസിൽ നേരത്തെ പിടിയിലായ പ്രതികൾ | Screengrab: Mathrubhumi News
തിരുവനന്തപുരം: പാറ്റൂര്‍ ആക്രമണക്കേസിലെ പ്രതികളും ഗുണ്ടാത്തലവന് ഓംപ്രകാശിന്റെ കൂട്ടാളികളുമായ മൂന്നുപേര്‍ കോടതിയില്‍ കീഴടങ്ങി. ആസിഫ്, ആരിഫ്, ജോമോന് എന്നിവരാണ് ശനിയാഴ്ച രാവിലെ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 11-ല്‍ കീഴടങ്ങിയത്. മറ്റൊരു പ്രതിയായ രഞ്ജിത്തും കീഴടങ്ങാന്‍ എത്തിയിരുന്നെങ്കിലും ശാരീരികാസ്വാസ്ഥ്യം കാരണം ഇയാള്‍ കോടതിയില്‍ എത്താതെ ആശുപത്രിയിലേക്ക് പോയി.
ജനുവരി എട്ടിന് പുലര്‍ച്ചെയാണ് പാറ്റൂരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടമയായ നിഥിന് അടക്കമുള്ള നാലുപേരെ കാര്‍ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുണ്ടാത്തലവന് ഓംപ്രകാശും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചെങ്കിലും ഓംപ്രകാശ് അടക്കമുള്ളവര്‍ ഒളിവില്‍പോവുകയായിരുന്നു.
മൊബൈല്‍ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആരിഫും മറ്റുചിലരും ഊട്ടിയിലുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഒളിവില്‍ കഴിയവേ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയുമായും സി.പി.ഐ നേതാവിന്റെ മകളുമായും ആരിഫ് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും വ്യക്തമായി. ഇതുസംബന്ധിച്ച അന്വേഷണം തുടരുന്നതിനിടെയാണ് ആരിഫ് അടക്കമുള്ളവര്‍ കോടതിയില്‍ കീഴടങ്ങിയത്.
അതിനിടെ, ഗുണ്ടാത്തലവന് ഓംപ്രകാശ് ഡല്‍ഹി കേന്ദ്രീകരിച്ച് ഒളിവില്കഴിയുന്നതായാണ് പോലീസിന്റെ സംശയം. ഇയാളെ പിടികൂടാനായി ഇതരസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം തുടരുകയാണ്. കേസിലെ രണ്ട് പ്രതികളെ ബെംഗളൂരുവില്‍നിന്ന് പോലീസ് പിടികൂടിയിരുന്നു.
ഓംപ്രകാശിന്റെ കൂട്ടാളികളായ ആരിഫിന്റെയും ആസിഫിന്റെയും വീട് ആക്രമിച്ചതിനെ തുടര്‍ന്നാണ് പാറ്റൂരിലെ ഏറ്റുമുട്ടലുണ്ടാകുന്നത്. വീടാക്രമണത്തിന് പ്രതികാരമായാണ് എതിര്‍സംഘത്തിലെ നിഥിന് അടക്കം നാലുപേരെ തിരിച്ച് ആക്രമിച്ചത്. നിഥിനുമായുള്ള സാമ്പത്തികതര്‍ക്കങ്ങളും ആക്രമണത്തിന് കാരണമായി.
Content Highlights: pattoor goonda attack case omprakash's aides surrenders in court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..