മരിച്ച രണജിത്ത്, ഭാര്യ സജിനി
പത്തനംതിട്ട: അടൂര്‍ ഏനാദിമംഗലം മാരൂരില്‍ 'മാതൃഭൂമി' ഏജന്റ് രണജിത്തിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് ഭാര്യ. കഴിഞ്ഞദിവസം അറസ്റ്റിലായ അനില്‍കുമാറിന്റെ സഹോദരനും ബന്ധുവിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും രണജിത്തിന്റെ ഭാര്യ സജിനി ആരോപിച്ചു.
ഭര്‍ത്താവിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. കല്ല് കൊണ്ട് തലയ്ക്കടിച്ചിട്ടുണ്ടെന്നും സജിനി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സംഭവം ഒതുക്കിതീര്‍ക്കാന്‍ പ്രതിയുടെ ബന്ധുക്കള്‍ ശ്രമിച്ചതായും ഇവര്‍ ആരോപിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 27-ന് രാത്രിയാണ് രണജിത്തിന് മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ രണജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ രണ്ടാം തീയതി മരിച്ചു. ഇതിനുപിന്നാലെയാണ് രണജിത്തിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ അയല്‍ക്കാരനായ അനില്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
'മാരൂര്‍ ചങ്ങാതിക്കൂട്ടം' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ തര്‍ക്കത്തെ തുടര്‍ന്നാണ് ഭര്‍ത്താവിന് മര്‍ദനമേറ്റതെന്നും അനില്‍കുമാര്‍ അടക്കമുള്ളവരാണ് ഇതിന് പിന്നിലെന്നും സജിനി നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് രണജിത്തിന്റെ മരണത്തിന് കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
'മാരൂര്‍ ചങ്ങാതിക്കൂട്ടം' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് രണജിത്തിന്റെ ബന്ധുക്കള്‍ പറയുന്നത്. ഗ്രൂപ്പ് അംഗമായ ഒരാളുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുട്ടിക്ക് വസ്ത്രം വാങ്ങി നല്‍കിയിരുന്നു. ഇത് വ്യക്തിപരമായ സമ്മാനമാണോ അതോ ഗ്രൂപ്പിന്റെ സമ്മാനമാണോ എന്നതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. വ്യക്തിപരമായ ആക്ഷേപങ്ങളിലേക്കും കടന്നു. ഇതോടെ രണജിത്ത് അടക്കമുള്ള ചിലര്‍ ഗ്രൂപ്പില്‍നിന്ന് ഒഴിവായി. ഇതിനുപിന്നാലെയാണ് വീണ്ടും പ്രശ്‌നങ്ങളുണ്ടായത്.
Content Highlights: pathanamthitta enadimangalam ranajith murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..