പ്രതീകാത്മക ചിത്രം, പ്രകടനത്തിന് ആളുകളെ കൊണ്ടു പോയ ബസ് | Photo: മാതൃഭൂമി
പാലക്കാട്: ബിരിയാണി വാങ്ങിത്തരാം എന്ന് പറഞ്ഞ് എസ്.എഫ്.ഐ. പ്രവർത്തകർ വിദ്യാർഥികളെ സമരത്തിന് കൊണ്ടുപോയി എന്ന് പരാതി. പാലക്കാട് പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസിലെ വിദ്യാർഥികളുടെ കലക്ട്രേറ്റ് സമര പങ്കാളിത്തമാണ് വിവാദത്തിലായിരിക്കുന്നത്. അനുമതിയില്ലാതെ കുട്ടികളെ പ്രകടനത്തിന് കൊണ്ടു പോയവർക്കെതിരെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. എന്നാൽ ആരോപണം ശരിയല്ലെന്ന് എസ്.എഫ്.ഐ. പറഞ്ഞു.
എസ്.എഫ്.ഐ. പാലക്കാട് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിലേക്കാണ് സ്കൂളിൽ നിന്ന് വിദ്യാർഥികളെ അനുമതിയില്ലാതെ കൊണ്ടു പോയതെന്നാണ് ആക്ഷേപം.
ക്ലാസിലെത്തിയ എസ്.എഫ്.ഐ. പ്രവർത്തകർ നിർബന്ധിച്ച് കൊണ്ടു പോവുകയായിരുന്നു. ഭക്ഷണം ഉണ്ടാവും എന്ന് പറഞ്ഞാണ് തങ്ങളെ കൊണ്ടു പോയത്, എന്നാൽ ഒന്നും കിട്ടിയില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു.
പ്രകടനത്തിന് പോയ കുട്ടികൾ രാവിലെ മുതൽ ക്ലാസിൽ ഉണ്ടായിരുന്നില്ല എന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. സ്കൂളിൽ വരാത്ത കുട്ടികളുടെ ദൈനംദിന വിവരം പതിവു പോലെ രക്ഷിതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അറിയിച്ചു. അപ്പോഴാണ് കുട്ടികൾ ക്ലാസിൽ എത്തിയില്ലെന്ന് അറിയുന്നത്. ആരോടും ചോദിക്കാതെ കുട്ടികളെ പ്രകടനത്തിന് കൊണ്ടു പോയവർക്കെതിരെ കേസെടുക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. സംഘാടകർക്കെതിരെ തട്ടിക്കൊണ്ടു പോകലിന് കേസെടുക്കണമെന്ന് കാട്ടി യൂത്ത് കോൺഗ്രസ് മങ്കട പോലീസിൽ പരാതി നൽകി.
ഇല്ലാത്ത ബിരിയാണിക്കഥ ഉണ്ടാക്കി ക്യാമ്പസുകളിലും വിദ്യാർഥികളിലും അരാഷ്ട്രീയത കുത്തിവെക്കണമെന്ന താൽപര്യമുള്ള ചിലരെ കൂട്ടുപിടിച്ചു കൊണ്ടുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എസ്.എഫ്.ഐ. വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..