ഗ്രീഷ്മയും ഷാരോണും
തിരുവനന്തപുരം: ആദ്യഭര്‍ത്താവ് മരിക്കുമെന്ന ഗ്രീഷ്മയുടെ അന്ധവിശ്വാസമാണ് മകന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഷാരോണ്‍ രാജിന്റെ അമ്മ പ്രിയ പറയുന്നു. തന്റെ ജാതകദോഷം മറികടക്കാന്‍ പെണ്‍കുട്ടി താലിയും കുങ്കുമവുമായെത്തി ഷാരോണിനോട് വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പ്രിയയുടെ ആരോപണം. ഭാര്യയായി അഭിനയിച്ചാണ് ഗ്രീഷ്മ തന്റെ മകന്റെ ജീവനെടുത്തതെന്നും ഇവര്‍ പറയുന്നു.
ഗ്രീഷ്മയെ താലികെട്ടിയെന്നും കുങ്കുമം അണിയിച്ചെന്നും അമ്മയോട് ഷാരോണ്‍ പറഞ്ഞിരുന്നു. ദിവസവും വൈകീട്ട് കുങ്കുമം ചാര്‍ത്തി നില്‍ക്കുന്ന ഫോട്ടോ ഷാരോണിന്റെ വാട്സ്ആപ്പിലേക്ക് ഗ്രീഷ്മ അയയ്ക്കുമായിരുന്നു. മഞ്ഞച്ചരടില്‍ കോര്‍ത്ത താലിയും സിന്ദൂരവും അണിഞ്ഞുള്ള ചിത്രങ്ങള്‍ ഷാരോണിന്റെ ഫോണിലുണ്ട്.
ജാതകപ്രകാരം ആദ്യം വിവാഹം കഴിക്കുന്നയാള്‍ മരിച്ചുപോകുമെന്നും നവംബറിന് ശേഷമേ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ കഴിയൂ എന്നും ഷാരോണിനെ വിശ്വസിപ്പിച്ചു. ഇതിനിടയില്‍ മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. സെപ്റ്റംബറില്‍ വിവാഹം നടത്താനായിരുന്നു ആദ്യം തീരുമാനം. എന്നാല്‍ പിന്നീട് അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റി. അതിന് മുമ്പ് ആദ്യം താലികെട്ടിയ ഷാരോണിനെ ജാതകദോഷം മാറ്റാന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും അമ്മ പറയുന്നു.
മകന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ ഷാരോണിന്റെ അച്ഛന്‍ ജയരാജ് ഗ്രീഷ്മയോട് സംസാരിച്ചിരുന്നു. വീട്ടില്‍നിന്ന് വിഷാംശമുള്ളതൊന്നും ഷാരോണിന് നല്‍കിയില്ലെന്നും അങ്ങനെ സംശയമുണ്ടെങ്കില്‍ സിന്ദൂരം മായ്ക്കാന്‍ തയ്യാറാണെന്നും ഷാരോണിന്റെ അവസ്ഥ അറിഞ്ഞശേഷം കരയാന്‍ പോലുമാകാത്ത അവസ്ഥയാണെന്നും ഗ്രീഷ്മ പറഞ്ഞതായി ജയരാജ് പറയുന്നു. എന്നാല്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നില്ലെന്ന് പോലീസ് പറയുന്നു.
ഒരുമിച്ച് യാത്ര; ഒരുവര്‍ഷത്തെ പ്രണയം
പാറശ്ശാല: ഒരുമിച്ച് ഒരേ ബസില്‍ യാത്ര ചെയ്തപ്പോള്‍ ഉടലെടുത്തതാണ് ഷാരോണിന്റെയും ഗ്രീഷ്മയുടെയും പ്രണയബന്ധം. ഒരുവര്‍ഷത്തോളം തീവ്രമായ ബന്ധമായിരുന്നു ഇരുവരും തമ്മില്‍. അഴകിയമണ്ഡപം മുസ്ലിം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥിനിയായ ഗ്രീഷ്മയും നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ഥിയായ ഷാരോണും ഒരേ ബസിലാണ് യാത്ര ചെയ്തിരുന്നത്.
ഗ്രീഷ്മയോടൊപ്പം അഴകിയമണ്ഡപത്ത് ഇറങ്ങുന്ന ഷാരോണ്‍ നെയ്യൂരിലേക്കുള്ള ബസിനായി ഇവിടെ കാത്തുനില്‍ക്കുമായിരുന്നു. ഏറെനേരം ഇരുവരും ബസ് സ്റ്റാന്‍ഡില്‍ ചെലവഴിക്കാറുണ്ട്. ഇവിടെയുണ്ടായ സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയത്. പിന്നീട് ബസ് യാത്ര നിര്‍ത്തി ഇരുചക്രവാഹനത്തിലായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്നത്. പല ദിവസങ്ങളിലും ഇരുവരും വിദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.
ബി.എ.ക്ക് എട്ടാം റാങ്ക് നേടിയ ഗ്രീഷ്മ എം.എ.ക്കു പഠിത്തത്തില്‍ പിന്നിലേക്കു പോയിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ പ്രണയം കണ്ടെത്തിയത്. എന്നാല്‍, ഈ ബന്ധം അവസാനിപ്പിച്ചതായി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഷാരോണിന്റെ ഫോണില്‍ ഇവരുടെ യാത്രകളുടെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. ഇവയൊക്കെയാണ് ഇപ്പോള്‍ കേസില്‍ വഴിത്തിരിവായിരിക്കുന്നത്. ഗ്രീഷ്മയെയും കുടുംബത്തെയുംകുറിച്ച് നാട്ടുകാര്‍ക്ക് നല്ല അഭിപ്രായമാണ്. ഹോട്ടല്‍ ജീവനക്കാരനാണ് അച്ഛന്‍. അധ്യാപകര്‍ക്കൊക്കെ പ്രിയപ്പെട്ടവളുമായിരുന്നു.
അവസാനംവരെ നിഷേധിച്ചു; ഷാരോണ്‍ വിശ്വസിച്ചു
തിരുവനന്തപുരം: മരണത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളിലും ഷാരോണിന് താന്‍ വിഷം നല്‍കിയിട്ടില്ലെന്നതില്‍ ഗ്രീഷ്മ ഉറച്ചുനിന്നു. ഇരുവരും തമ്മിലുള്ള ചാറ്റുകളില്‍ ഇക്കാര്യം വ്യക്തമാണ്. വിഷം ഉള്ളില്‍ച്ചെന്ന് അവശനായി ആശുപത്രിയില്‍ കിടക്കുമ്പോഴും ഗ്രീഷ്മ തന്നെ വഞ്ചിക്കില്ലെന്ന് ഷാരോണ്‍ വിശ്വസിച്ചു.
''സോറി ഇച്ചായാ. ഞാന്‍ ഇത്രേം പ്രതീക്ഷിച്ചില്ല. കഷായം കുടിച്ചശേഷം എനിക്കും ഛര്‍ദിയുണ്ടായിരുന്നു. ജ്യൂസ്‌കൂടി കുടിച്ചതുകൊണ്ടായിരിക്കും ഛര്‍ദിലുണ്ടായത്'' എന്നാണ് കഷായത്തെക്കുറിച്ചുള്ള ഷാരോണിന്റെ ചോദ്യങ്ങള്‍ക്ക് ഗ്രീഷ്മ മറുപടി നല്‍കിയത്. മെഡിക്കല്‍ സ്റ്റോറില്‍നിന്ന് ഛര്‍ദിക്ക് മരുന്നുവാങ്ങിക്കഴിക്കാനും ഉപദേശിക്കുന്നുണ്ട്.
ആശുപത്രിയിലായിരിക്കുമ്പോഴും പല തവണയായി ഷാരോണ്‍ കഷായത്തെക്കുറിച്ചും ജ്യൂസിനെക്കുറിച്ചും ഗ്രീഷ്മയോടു ചോദിക്കുന്നുണ്ട്. എന്നാല്‍, യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഷാരോണിനോട് ഇതേക്കുറിച്ച് അറിയില്ലെന്ന് തറപ്പിച്ചു പറയുന്നു. കൂടാതെ പലപ്പോഴും വൈകാരികമായി പൊട്ടിക്കരയുന്നുമുണ്ട്.
ഷാരോണിന്റെ മരണശേഷവും ഇക്കാര്യത്തില്‍ ഗ്രീഷ്മ ഉറച്ചുനില്‍ക്കുകയായിരുന്നു. തെളിവുകളൊക്കെ തനിക്ക് എതിരാണെന്ന് ഉറപ്പായിട്ടും രക്ഷപ്പെടുമെന്ന് ഗ്രീഷ്മ അവസാനനിമിഷംവരെ വിശ്വസിച്ചു. ഷാരോണിന്റെ സുഹൃത്തുക്കളോട്, അവനോട് ഞാന്‍ അങ്ങനെ ചെയ്യോ എന്നാണ് ഗ്രീഷ്മ ചോദിക്കുന്നത്.
താന്‍ കുടിച്ചിരുന്ന കഷായത്തിന്റെ ബാക്കിയാണ് ഷാരോണ്‍ കുടിച്ചതെന്നും കഷായം കഴിച്ച് തീരേണ്ട അവസാന ദിവസമായിരുന്നെന്നും സുഹൃത്തുക്കളോട് പറയുന്നുണ്ട്. താന്‍ മറ്റൊന്നും നല്‍കിയിട്ടില്ലെന്നും അവനെ താന്‍ എന്തിനാണ് അപായപ്പെടുത്തുന്നതെന്നും ചോദിക്കുന്നുണ്ട്. ഇതേ കഷായം താനും തന്റെ ചേച്ചിയും കുടിച്ചിട്ടുള്ളതായും അതിനാല്‍ കഷായത്തില്‍ പ്രശ്‌നമില്ലെന്നും പറഞ്ഞു.
ആശുപത്രിയിലാണ്, തീരെ സുഖമില്ല, എനിക്ക് പറ്റൂല്ല വാവേ, എന്നെ മറക്കരുത് എന്നാണ് അവസാനത്തെ ചാറ്റില്‍ ഷാരോണ്‍ പറയുന്നത്. അതിന് മറുപടിയായി സ്‌നേഹത്തിന്റെ സ്‌മൈലിയും ഞാനും അങ്ങനെതന്നെ പറയട്ടെ എന്നുമായിരുന്നു ഗ്രീഷ്മയുടെ സന്ദേശം.
വിഷത്തെക്കുറിച്ച് സൂചന കിട്ടിയിരുന്നെങ്കില്‍...
ശരീരത്തിന് അസ്വസ്ഥതയുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആദ്യദിവസം തന്നെ ഗ്രീഷ്മയോട് ഷാരോണ്‍ താന്‍ കുടിച്ച കഷായം ഏതാണെന്ന് ചോദിച്ചിരുന്നു. എന്നാല്‍ ഈ ചാറ്റിന് മറുപടി പറയാതെ ഗ്രീഷ്മ ഒഴിഞ്ഞുമാറി. കഷായത്തില്‍ വിഷം കലര്‍ത്തിയത് മറച്ചുവയ്ക്കാനായി ജ്യൂസില്‍ നിന്നാണ് പ്രശ്നം ഉണ്ടായതെന്ന് ആശങ്കപ്പെടുകയും ചെയ്തു.
കൂടാതെ വീട്ടിലെത്തിയ ഒരു ഓട്ടോ ഡ്രൈവര്‍ക്കും ജ്യൂസ് കുടിച്ച് ആരോഗ്യപ്രശ്നമുണ്ടായതായും ഗ്രീഷ്മ തെറ്റിധരിപ്പിച്ചു. എന്നാല്‍ ഇത്തരം ഒരു ഓട്ടോ ഡ്രൈവറെ പോലീസിന് കണ്ടെത്താനായിട്ടില്ല. ഇത് ഗ്രീഷ്മയുടെ കള്ളക്കഥയാവാമെന്നാണ് പോലീസ് കരുതുന്നത്. വിഷം കലര്‍ത്തിയെന്ന് ഗ്രീഷ്മ അപ്പോള്‍ തന്നെ പറഞ്ഞിരുന്നെങ്കില്‍ ഷാരോണിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഷാരോണിന്റെ സഹോദരനായ ആയുര്‍വേദ ഡോക്ടര്‍ ഷിമോന്‍, ഗ്രീഷ്മയെ വിളിച്ച് സംസാരിച്ചിരുന്നു. ഏത് കഷായമാണ് കുടിച്ചതെന്നും ഏത് ഡോക്ടറാണ് ഇത് നിര്‍ദ്ദേശിച്ചത് എന്നൊക്കെ ചോദിച്ചെങ്കിലും ഗ്രീഷ്മ അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.
കുപ്പിയിലെ സ്റ്റിക്കറും അടപ്പിന്റെ ചിത്രവുമെല്ലാം ആവശ്യപ്പെട്ടെങ്കിലും മറ്റൊരു കുപ്പിയില്‍ ഒഴിച്ചാണ് മരുന്നു നല്‍കിയതെന്നും തെളിവൊന്നുമില്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി. എന്നാല്‍ സ്റ്റിക്കര്‍ ഇളക്കിമാറ്റിയെന്നും കുപ്പി അമ്മ കഴുകിവച്ചെന്നും നേരത്തെ പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയില്ല. അമ്മയാണ് തനിക്ക് മരുന്നു തരുന്നതെന്നും മരുന്നിന്റെ പേര് അറിയില്ലെന്നും പറഞ്ഞ് മനഃപൂര്‍വം ഒഴിഞ്ഞുമാറി. ഇതും ഷാരോണിന്റെ വീട്ടുകാരെ സംശയത്തിലേക്ക് നയിച്ചു.
സംശയം ഉയര്‍ന്നപ്പോള്‍ ആത്മഹത്യാ ഭീഷണി
ഷാരോണിന്റെ കൊലപാതകത്തെക്കുറിച്ച് ബന്ധുക്കള്‍ സംശയം ഉയര്‍ത്തിയതോടെ പെണ്‍കുട്ടി പലരോടും ആത്മഹത്യാ ഭീഷണി മുഴക്കി. തന്നെ തെറ്റുകാരിയാക്കാന്‍ ശ്രമിച്ചാല്‍ താനും മരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഭീഷണി. ഷാരോണിന്റെ കുടുംബക്കാരോട് താന്‍ ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്ന് കരഞ്ഞുകൊണ്ട് പറയുകയും ചെയ്തിരുന്നു.
ജ്യൂസ് ചലഞ്ചും വില്ലനായോ
തിരുവനന്തപുരം: 'ജ്യൂസ് ചലഞ്ച്'എന്ന് പറഞ്ഞ് പല തവണയായി ശീതളപാനീയം കുടിപ്പിച്ച ദൃശ്യങ്ങള്‍ ഷാരോണിന്റെ ഫോണില്‍നിന്ന് ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഷാരോണിന്റെ മരണത്തില്‍ ജ്യൂസിനും കഷായത്തിനും പങ്കുണ്ടോയെന്ന സംശയം ജനിക്കുന്നത്. എന്നാല്‍ ആരോഗ്യം തകരാറിലായി ആശുപത്രിക്കിടക്കയിലായിരിക്കുമ്പോഴും ഗ്രീഷ്മ നല്‍കിയ ജ്യൂസിനെക്കുറിച്ചും കഷായത്തെക്കുറിച്ചും ഷാരോണിന് സംശയമുണ്ടായിരുന്നില്ല.
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ തമ്മില്‍ കാണുമ്പോഴെല്ലാം ഗ്രീഷ്മ, 'ജ്യൂസ് ചലഞ്ച്' എന്ന പേരില്‍ ഷാരോണിന് ശീതളപാനീയം നല്‍കിയിരുന്നു. രണ്ടുപേര്‍ക്കുമുള്ള മാംഗോ ജ്യൂസ് ഗ്രീഷ്മ തന്നെ കൈയില്‍ കരുതിയിരിക്കും. ഇതില്‍ നിറവ്യത്യാസമുള്ള കുപ്പിയില്‍ നിന്നുള്ള ജ്യൂസാണ് ഷാരോണിന് കുടിക്കാനായി നല്‍കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ചലഞ്ച് എന്താണെന്ന് ഷാരോണ്‍ ചോദിക്കുമ്പോള്‍ പിന്നീട് വിശദീകരിക്കാമെന്ന് പറഞ്ഞ് ഗ്രീഷ്മ ഒഴിഞ്ഞുമാറുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ഷാരോണിന്റെ ഫോണില്‍നിന്ന് പോലീസിന് ലഭിച്ചിരുന്നു. ജ്യൂസ് കുടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടിരുന്നു.
അവസാനദിവസങ്ങളിലും ഇരുവരും നടത്തിയ ചാറ്റില്‍ ജ്യൂസ് കുടിച്ചതിനെക്കുറിച്ചും പിന്നീട് ഛര്‍ദിയുണ്ടായതായും ഷാരോണ്‍ പറയുന്നുണ്ട്.
രോഗബാധിതനായി ആശുപത്രിയില്‍ കിടക്കുമ്പോഴും ഗ്രീഷ്മയുടെ വീട്ടിലെത്തിയപ്പോള്‍ കഷായം കുടിച്ചെന്ന് ഷാരോണ്‍ പറഞ്ഞിരുന്നില്ല. മുമ്പ് കുടിച്ച ജ്യൂസ് ഉപയോഗയോഗ്യമല്ലാത്തതാകാം എന്നുപറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഷാരോണിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ജ്യൂസില്‍ വിഷം കലര്‍ന്നതാകാമെന്ന സംശയമുന്നയിക്കുന്നത്. തുടര്‍ന്നിവര്‍ ഗ്രീഷ്മയോട് ഇതേക്കുറിച്ച് പലതവണ ചോദിക്കുന്നുണ്ട്.
എന്നാല്‍ താന്‍ ഷാരോണിന് വിഷം നല്‍കിയില്ലെന്നും ജ്യൂസ് കുടിച്ചിട്ട് ഒന്നും സംഭവിക്കില്ലെന്നും കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. ഗ്രീഷ്മ പലതവണ ചലഞ്ചിന്റെ പേരില്‍ ജ്യൂസ് നല്‍കിയിരുന്നതായി ഷാരോണ്‍ അമ്മയോടും അനുജനോടും പറഞ്ഞിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. വീട്ടിലെത്തിയപ്പോഴും വിഷം കലര്‍ന്ന കഷായം നല്‍കിയശേഷം ഗ്രീഷ്മ അരുചി മാറാന്‍ ജ്യൂസ് നല്‍കിയിരുന്നു.
ഷാരോണ്‍ ചികിത്സയിലിരിക്കെ മൂത്ത സഹോദരന്‍ ഷിമോണ്‍ ഗ്രീഷ്മയെ വിളിച്ച് കഷായത്തിന്റെ പേര് ചോദിച്ചു. ആയുര്‍വേദ ഡോക്ടറായ തനിക്ക് മരുന്നുകളെക്കുറിച്ച് അറിയാമെന്നും കൂടുതല്‍ വിശദാംശങ്ങള്‍ വേണമെന്നും പറഞ്ഞു. കുപ്പി കഴുകിയെന്നും മരുന്നിന്റെ പേരും വിശദാംശങ്ങളും അടങ്ങുന്ന സ്റ്റിക്കര്‍ ഇല്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ഇങ്ങനെ പലതും പറഞ്ഞ് ഒഴിവാകുന്ന ശബ്ദസന്ദേശം ഷാരോണിന്റെ വീട്ടുകാര്‍ പുറത്തുവിട്ടിരുന്നു.
Content Highlights: parassala sharon murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..