Photo | ANI
അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ രണ്ട് അര്‍ധ സൈനികര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കുണ്ട്. ഗുജറാത്തിലെ പോര്‍ബന്തറിനടുത്ത് ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. വെടിവെപ്പില്‍ തൊയ്ബ സിങ്, ജിതേന്ദ്ര സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചോരജിത്ത്, റോഹികാന എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരും മണിപ്പൂര്‍ സ്വദേശികളാണ്.
വെടിവെച്ചതിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പു ജോലിക്കായി മണിപ്പുരില്‍നിന്നെത്തിയ റിസര്‍വ് ബറ്റാലിയന് അംഗങ്ങളായിരുന്നു ഇവര്‍. സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ഇവരില്‍ ഒരാള്‍ എ.കെ. 47 ഉപയോഗിച്ച് സഹപ്രവര്‍ത്തകര്‍ക്കു നേരെ നിറയൊഴിച്ചു.
പരിക്കേറ്റവരില്‍ ഒരാള്‍ക്ക് വയറിനും മറ്റേ ആള്‍ക്ക് കാലിനുമാണ് വെടിയേറ്റത്. ഇവരെ പ്രാഥമിക ചികിത്സയ്ക്കായി പോര്‍ബന്തറിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജാംനഗര്‍ ആശുപത്രിയിലേക്ക് മാറ്റി.
ഗുജറാത്തില്‍ ഡിസംബര്‍ ഒന്നിന് ആദ്യഘട്ട വോട്ടെടുപ്പും ഡിസംബര്‍ അഞ്ചിന് രണ്ടാംഘട്ട വോട്ടെടുപ്പും നടക്കും. എട്ടിനാണ് വോട്ടെണ്ണുക.
Content Highlights: paramilitary personnel on gujarat election duty shoots 2 colleagues dead
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..