പാലക്കയം വില്ലേജ് ഓഫീസ്(ഇടത്ത്) കൈക്കൂലിക്കേസിൽ പിടിയിലായ സുരേഷ്‌കുമാർ(വലത്ത്) | Screengrab: Mathrubhumi News
പാലക്കാട്: കൈക്കൂലി കേസില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ്‌കുമാര്‍(51) അറസ്റ്റിലായതിന് പിന്നാലെ പാലക്കയം വില്ലേജ് ഓഫീസിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ വിജിലന്‍സിന്റെ നിരീക്ഷണത്തില്‍. സുരേഷ് കുമാറില്‍നിന്ന് ലക്ഷങ്ങള്‍ കണ്ടെടുത്തതോടെയാണ് വില്ലേജ് ഓഫീസിലെ മറ്റു ഉദ്യോഗസ്ഥരെയും വിജിലന്‍സ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. അതേസമയം, സുരേഷ്‌കുമാര്‍ കൈക്കൂലി വാങ്ങുന്നത് തനിക്കറിയില്ലെന്നായിരുന്നു പാലക്കയം വില്ലേജ് ഓഫീസര്‍ വിജിലന്‍സ് സംഘത്തിന് നല്‍കിയ മൊഴി. താന്‍ ഇതുവരെ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും വില്ലേജ് ഓഫീസര്‍ മൊഴി നല്‍കിയിട്ടുണ്ട്.
പിടിയിലായ സുരേഷ്‌കുമാര്‍ ഒരുമാസമായി വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. ഇതിനിടെയാണ് ഇയാള്‍ക്കെതിരേ പരാതി ലഭിച്ചത്. മന്ത്രി നടത്തിയ പരാതി പരിഹാര അദാലത്ത് നടക്കുന്നയിടത്ത് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ചൊവ്വാഴ്ച വിജിലന്‍സ് സംഘം സുരേഷ്‌കുമാറിനെ പിടികൂടിയത്. ഇയാളുടെ വാടകമുറിയില്‍ നടത്തിയ പരിശോധനയില്‍ പണമായി മാത്രം 35 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. 17 കിലോ നാണയങ്ങളും പിടിച്ചെടുത്തു. ഇത് 9508 രൂപയുണ്ടായിരുന്നു. ഇതിനുപുറമേ 71 ലക്ഷം രൂപയുടെ വിവിധ നിക്ഷേപങ്ങള്‍ സംബന്ധിച്ച രേഖകളും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.
പണം മാത്രമല്ല, എന്തുസാധനം കിട്ടിയാലും സുരേഷ് വാങ്ങിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാളുടെ വാടകമുറിയില്‍നിന്ന് തേനും കുടംപുളിയും 150 പേനകളും പത്തോളം പുതിയ ഷര്‍ട്ടുകളും കിടക്കവിരികളും കണ്ടെടുത്തിട്ടുണ്ട്. അലങ്കോലമായി വൃത്തിയില്ലാതെ കിടന്നിരുന്ന മുറിയില്‍ പണം മാത്രമാണ് സുരേഷ്‌കുമാര്‍ ഭദ്രമായി സൂക്ഷിച്ചിരുന്നത്. വീടുവെക്കാനായാണ് അഴിമതിയിലൂടെ പണം സമ്പാദിച്ചതെന്നാണ് ഇയാള്‍ വിജിലന്‍സിന് നല്‍കിയ മൊഴി. കഴിഞ്ഞദിവസം തൃശ്ശൂരിലെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂണ്‍ ഏഴുവരെ റിമാന്‍ഡ് ചെയ്തു. വിജിലന്‍സ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടറും ഉത്തരവിറക്കി.
അതേസമയം, കൈക്കൂലി സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ മൂന്നുമാസം മുന്‍പ് സുരേഷ്‌കുമാറിനെ സ്‌പെഷ്യല്‍ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ താക്കീത് ചെയ്തിരുന്നതായാണ് വിവരം. ഇതിനുശേഷമാണ് സുരേഷ്‌കുമാര്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലായത്. റവന്യൂ അടക്കമുള്ള പല സര്‍ക്കാര്‍ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ നിലവില്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലുണ്ടെന്നും സൂചനകളുണ്ട്.
Content Highlights: palakkayam village office bribery case many officers under vigilance scanner
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..