ബാലസുബ്രഹ്മണ്യം
പാലക്കാട്: യുവാവും പെണ്‍കുട്ടിയും വീട്ടിനകത്തെ മുറിയില്‍ തീകൊളുത്തി മരിച്ചതിന്റെ നടുക്കത്തിലാണ് കൊല്ലങ്കോട് പൊള്ളാച്ചി റോഡിലെ കിഴക്കേഗ്രാമം. 23കാരനായ ബാലസുബ്രഹ്മണ്യവും പാവടി സ്വദേശിനിയായ പതിനാറുകാരിയുമാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഇരുവരും ഞായറാഴ്ച ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ് മരിച്ചത്.
ബാലസുബ്രഹ്മണ്യന്റെ പിറന്നാളായിരുന്നു ഞായറാഴ്ച. രാവിലെ ഏഴരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. യുവാവിന്റെ അമ്മയും ഇളയസഹോദരനും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. മുറിക്കുള്ളില്‍നിന്ന് ശബ്ദം കേട്ടെത്തിയ ബാലസുബ്രഹ്മണ്യന്റെ അമ്മ, മകനും പെണ്‍കുട്ടിയും കത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടത്. വീട്ടില്‍നിന്ന് തീയും പുകയും ഉയര്‍ന്നതോടെയാണ് സമീപവാസികളും സംഭവമറിഞ്ഞത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരാണ് തീയണച്ച് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയത്.
ബാലസുബ്രഹ്മണ്യത്തിന് 95 ശതമാനത്തോളവും പെണ്‍കുട്ടിക്ക് 90 ശതമാനത്തോളവും പൊള്ളലേറ്റിരുന്നു. തീപ്പൊള്ളലേറ്റ് ആന്തരിക അവയവങ്ങള്‍ക്കടക്കം സാരമായി പരിക്കേറ്റിരുന്നു. പാലക്കാട്ടെ രണ്ട് ആശുപത്രികളില്‍ ചികിത്സ നല്‍കിയ ശേഷമാണ് ഇരുവരേയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇരുവരും തമ്മില്‍ ഇഷ്ടത്തിലായിരുന്നെന്നാണ് വീട്ടുകാർ പറയുന്നത്. അഞ്ചു വര്‍ഷത്തിന് ശേഷം കല്യാണകാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് ഇരുവീട്ടുകാരും ധാരണയിലെത്തിയത്. എന്നാല്‍ ഇന്നുരാവിലെ പെണ്‍കുട്ടി വീട്ടിലെത്തിയ കാര്യം അറിഞ്ഞിരുന്നില്ലെന്നും ബാലസുബ്രഹ്മണ്യന്റെ അമ്മ പറഞ്ഞു.
ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് പെണ്‍കുട്ടി രാവിലെ വീട്ടില്‍നിന്ന് ഇറങ്ങിയതെന്ന് ചില നാട്ടുകാര്‍ പറഞ്ഞു. ഇരുവരും തമ്മില്‍ അഞ്ചു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. പ്രായപൂര്‍ത്തിയായ ശേഷം വിവാഹം ആലോചിക്കാമെന്നാണ് ഇരുവീട്ടുകാരും ധാരണയിലെത്തിയിരുന്നത്. നേരത്തെ ഇരുവരുടെയും കുടുംബം അടുത്തടുത്ത വീടുകളിലായിരുന്നു താമസം. എന്നാല്‍ ഒരുതവണ ഇരുവരും ആത്മഹത്യാ ശ്രമം നടത്തിയതിന്റെ പേരിലാണ് പെണ്‍കുട്ടിയുടെ കുടുംബം പിന്നീട് തൊട്ടടുത്ത പ്രദേശത്തേക്ക് താമസം മാറ്റിയതെന്നും നാട്ടുകാര്‍ പറയുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനായി കൊല്ലങ്കോട് പോലീസ് എറണാകുളത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ കൊല്ലങ്കോട്ടേക്ക് കൊണ്ടുവരും.
Content Highlights: palakkad young man and giril suicide case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..