പ്രതീകാത്മക ചിത്രം / മാതൃഭൂമി
ന്യൂഡല്‍ഹി: എസ്.ഡി.പി.ഐ. കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഡല്‍ഹിയിലെ കാനറാ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്.
പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതിക്ക് ഈ അക്കൗണ്ടില്‍നിന്ന് പണമെത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ട് മരവിപ്പിച്ചത്. ശ്രീനിവാസന്‍ വധക്കേസിലെ 13-ാം പ്രതി അബ്ദുള്‍ റഷീദിനാണ് എസ്.ഡി.പി.ഐ. കേന്ദ്ര കമ്മിറ്റിയുടെ അക്കൗണ്ടില്‍നിന്ന് പണം എത്തിയത്.
പാലക്കാട് മേലാമുറിയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസമാണ് പോലീസ് സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് നേതാവ് എലപ്പുള്ളി സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമായിട്ടാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. കേസില്‍ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥനടക്കം ആകെ 26 പ്രതികളാണുള്ളത്. ഇതില്‍ 25 പേര്‍ അറസ്റ്റിലായി.
893 പേജുകളുള്ള കുറ്റപത്രത്തിനൊപ്പം 284 രേഖകളും വിവിധ തൊണ്ടിമുതലുകളും 24 ഡിജിറ്റല്‍ തെളിവുകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആകെ 279 സാക്ഷികളാണ് കേസിലുള്ളത്. വധിക്കേണ്ടവരുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കിയാണ് കൊലയാളികള്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
2022 ഏപ്രില്‍ 16-നാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊന്നത്. ഇതിന്റെ തലേദിവസം പാലക്കാട് എലപ്പുള്ളിയില്‍ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറും കൊല്ലപ്പെട്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..