അറസ്റ്റിലായ സിറാജുദ്ദീനെ പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ
പാലക്കാട്: ആര്‍.എസ്.എസ്. മുന്‍പ്രചാരകന്‍ പാലക്കാട് മൂത്താന്തറ എ. ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനായ മലപ്പുറം സ്വദേശി അറസ്റ്റില്‍. മലപ്പുറം ഓമച്ചപ്പുഴ കരിങ്കപ്പാറ മാരക്കാട്ടില്‍ വീട്ടില്‍ സിറാജുദ്ദീനാണ് (38) പോലീസ് പിടിയിലായത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഏരിയാറിപ്പോര്‍ട്ടറാണ് സിറാജുദ്ദീന്‍. കേസിലെ ഒളിവിലുള്ള 13-ാം പ്രതി കാജാഹുസൈനെ ഒളിവില്‍ കഴിയുന്നതിന് സഹായിച്ചതിനും ഗൂഢാലോചനയില്‍ പങ്കെടുത്തതിനുമാണ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.
ഏപ്രില്‍ 16-ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ എസ്.കെ.എസ്. ഓട്ടോസ് എന്ന സ്ഥാപനത്തില്‍ കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകനായ സുബൈര്‍ എലപ്പുള്ളിയില്‍ വെട്ടേറ്റ് മരിച്ച് 24 മണിക്കൂര്‍ തികയുംമുമ്പാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്.
ശനിയാഴ്ച അറസ്റ്റിലായ സിറാജുദ്ദീന്‍ 38-ാം പ്രതിയാണ്. കോട്ടയ്ക്കലില്‍ യുനാനി ക്ലിനിക് നടത്തിയിരുന്ന ഇയാളെ മലപ്പുറത്തുനിന്നാണ് പിടികൂടിയത്. കൊലയ്ക്കുമുമ്പ് നടന്ന ഗൂഢാലോചനയില്‍ ഇയാള്‍ പങ്കാളിയായിരുന്നെന്ന് പോലീസ് പറയുന്നു. മറ്റ് പല കൊലക്കേസുകളിലും ഉള്‍പ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇയാള്‍ താമസസൗകര്യമൊരുക്കിയിട്ടുണ്ട്.
സിറാജുദ്ദീന്റെ ബാഗില്‍നിന്ന് കണ്ടെടുത്ത പെന്‍ഡ്രൈവില്‍, പാലക്കാട്ടെ ആര്‍.എസ്.എസ്. പ്രാദേശികനേതാവ് സഞ്ജിത്തിന്റെ കൊലപാതകശേഷം പകര്‍ത്തിയ ദൃശ്യങ്ങളുള്ളതായി പോലീസ് കണ്ടെത്തി. സഞ്ജിത്ത് വെട്ടേറ്റ് മരിച്ചുകിടക്കുന്നതുമുതല്‍ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതടക്കമുള്ള ദൃശ്യങ്ങളാണിത്. കൊലപാതകത്തിലുള്‍പ്പെട്ട് ഇപ്പോഴും ഒളിവിലുള്ളവര്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങളെന്ന് പോലീസ് പറഞ്ഞു.
സിറാജുദ്ദീന് സഞ്ജിത് വധത്തില്‍ പങ്കുണ്ടോയെന്നതും പോലീസ് പരിശോധിക്കും. പട്ടിക തയ്യാറാക്കി കൊലപാതകം നടത്തുന്ന സംഘമാണ് എസ്.ഡി.പി.ഐ.യ്ക്കും പോപ്പുലര്‍ഫ്രണ്ടിനുമുള്ളതെന്നതിന്റെ ശക്തമായ തെളിവുകള്‍ സിറാജുദ്ദീന്റെ ബാഗില്‍നിന്ന് ലഭിച്ചതായും പോലീസ് വ്യക്തമാക്കി. മലപ്പുറത്തെയും ആലത്തൂരിലെയും ബി.ജെ.പി, ആര്‍.എസ്.എസ്. നേതാക്കളുടെ പട്ടികകളും ചിത്രങ്ങളും പോലീസ് കണ്ടെത്തി. 12 പേരുടെ വിവരങ്ങളാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. മലപ്പുറത്തെ ഒരു കേസിലെ സാക്ഷിയുടെ ചിത്രവും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നുണ്ട്.
Content Highlights: palakkad sreenivasan murder case one more popular front worker arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..