ശ്രീനിവാസൻ/ അക്രമി സംഘം എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
പാലക്കാട്: ആര്.എസ്.എസ്. പ്രവര്ത്തകന് ശ്രീനിവാസന് വധിക്കപ്പെട്ട കേസില്‍ സംസ്ഥാനത്ത് ഇതുവരെ കാണാത്തതരത്തിലുള്ള ഗൂഢാലോചന നടന്നതായി പോലീസ്. കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കി നടത്തിയ സംസ്ഥാനത്തെ ആദ്യകൊലപാതകമാണ് പാലക്കാട് മേലാമുറിയില്‍ അരങ്ങേറിയതെന്ന്, റിമാന്‍ഡിലുള്ള നാലുപ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പാലക്കാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ അപേക്ഷയില്‍ പോലീസ് പറഞ്ഞു.
കേസില്‍ അറസ്റ്റിലായ മുഹമ്മദ് ബിലാല്‍, റിയാസുദീന്‍, സഹദ്, മുഹമ്മദ് റിസ്വാന് എന്നിവരുടെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. പട്ടികയില്‍നിന്ന് തിരഞ്ഞെടുത്താണ് ശ്രീനിവാസനെ കൊല്ലാന്‍ തീരുമാനമെടുത്തത്. വലിയതോതില്‍ ഗൂഢാലോചന നടന്നു. മുഹമ്മദ് ബിലാലും റിയാസുദീനും ഗൂഢാലോചനയില്‍ സജീവമായി പങ്കെടുത്തവരാണ്. പ്രതികള്‍ക്ക് ആയുധമെത്തിക്കുകയുംചെയ്തു.
റിസ്വാനാണ് പ്രതികളുടെ മൊബൈല്‍ ഫോണ്‍ ശേഖരിച്ച് തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചതെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. പ്രതികള്‍ക്ക് ജാമ്യം നല്കിയാല് തെളിവുനശിപ്പിക്കുമെന്ന ആശങ്കയും റിപ്പോര്‍ട്ടില്‍ പോലീസ് പങ്കുവെയ്ക്കുന്നുണ്ട്.
പോലീസ് നിലപാട് പരിഗണിച്ച കോടതി നാലുപ്രതികളെയും ഞായറാഴ്ചവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ഏപ്രില്‍ 16-നാണ് ആര്.എസ്.എസ്. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന് വെട്ടേറ്റുമരിച്ചത്. മൂന്ന് ഇരുചക്രവാഹനങ്ങളിലെത്തിയ ആറുപേരടങ്ങിയ സംഘത്തിലെ മൂന്നുപേരാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി ആക്രമിച്ചത്. കൃത്യം നടത്തിയ സംഘത്തിലെ മൂന്നുപേരും ഗൂഢാലോചനയില്‍ പങ്കാളികളായ 10 പേരുമാണ് ഇതിനകം അറസ്റ്റിലായത്.
Content Highlights: palakkad sreenivasan murder
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..