
കൊല്ലപ്പെട്ട സുബൈർ(ഇടത്ത്) പ്രതികളുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യം(വലത്ത്)
പാലക്കാട്: എലപ്പുള്ളി സുബൈര്‍ വധക്കേസില്‍ മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രമേശ്, ശരവണന്‍, അറുമുഖന്‍ എന്നിവരെയാണ് കസബ പോലീസ് കസ്റ്റഡിയിലെടുത്തത്.
പിടിയിലായ രമേശ് വാടകയ്‌ക്കെടുത്ത കാറിലാണ് സംഭവസ്ഥലത്തുനിന്ന് പ്രതികള്‍ രക്ഷപ്പെട്ടത്. കൃപേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കാര്‍, അലിയാറില്‍നിന്നാണ് രമേശ് വാടകയ്‌ക്കെടുത്തത്. നേരത്തെ കൊല്ലപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാര്‍ ഉപയോഗിച്ചാണ് പ്രതികള്‍ സുബൈറിനെ ഇടിച്ചുവീഴ്ത്തിയത്. തുടര്‍ന്ന് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രമേശ് വാടകയ്‌ക്കെടുത്ത കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഈ കാര്‍ പിന്നീട് കഞ്ചിക്കോട്ട് ഉപേക്ഷിച്ചനിലയിലും കണ്ടെത്തി.
അതേസമയം, കഞ്ചിക്കോട്ടുനിന്ന് പ്രതികളുടേതെന്ന് സംശയിക്കുന്ന ചില സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാര്‍ വഴിയില്‍ ഉപേക്ഷിച്ച ശേഷം ദേശീയപാതയ്ക്കരികില്‍ കൂടി മൂന്നുപേര്‍ നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സുബൈറിനെ ഒരുസംഘം വെട്ടിക്കൊന്നത്. പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുബൈറിനെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
അതിനിടെ, ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലും രണ്ടുപ്രതികള്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളുടെ സഹോദരന്‍ അടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. കേസിലെ പ്രതികളെ പിടികൂടാനായി ഒട്ടേറെപേരുടെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..