'കല്യാണാലോചന കൊണ്ടുവരാമെന്നു പറഞ്ഞ് 10000 രൂപ വാങ്ങി, ഒന്നും നടന്നില്ല'; ബ്രോക്കറെ കുത്തിക്കൊന്നു


പ്രതി മുഹമ്മദലിയെ കൊപ്പം പോലീസ് ഇടുതറയിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ, അബ്ബാസ്

കൊപ്പം: പട്ടാമ്പിക്കടുത്ത് കൊപ്പം വണ്ടുംതറയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഗൃഹനാഥനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. വണ്ടുംതറ കടുകതൊടി പടിഞ്ഞാറേതില്‍ അബ്ബാസാണ് (64) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലായ മഞ്ചക്കല്ല് കുണ്ടില്‍ മുഹമ്മദലിയെ (40) കൊപ്പം പോലീസ് അറസ്റ്റുചെയ്തു. വിവാഹദല്ലാളായ അബ്ബാസുമായി സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ 6.30-ഓടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയില്‍ അബ്ബാസിന്റെ വീടിനുമുന്നില്‍ വന്നിറങ്ങിയ മുഹമ്മദലി, അബ്ബാസിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കിയാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കൈയിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് മുഹമ്മദലി, അബ്ബാസിനെ കുത്തുന്നത് തടയാന്‍ മകന്‍ ശിഹാബ് ശ്രമിച്ചു. എന്നാല്‍, മുഹമ്മദലി ശിഹാബിനെയും ആക്രമിക്കാന്‍ ശ്രമിച്ചെന്ന് പോലീസ് പറയുന്നു. ശിഹാബിന്റെ കൈകള്‍ക്ക് പരിക്കുണ്ട്.

സംഭവശേഷം മുഹമ്മദലി ഓട്ടോറിക്ഷയില്‍ക്കയറി രക്ഷപ്പെട്ടു. കുത്തേറ്റ അബ്ബാസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മണിക്കൂറുകള്‍ക്കകം കൊപ്പം എസ്.ഐ. എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മുഹമ്മദലിയെ പിടികൂടി.

അബ്ബാസ് നല്ല കല്യാണ ആലോചനകള്‍ കൊണ്ടുവരാമെന്നുപറഞ്ഞ് മുഹമ്മദലിയില്‍നിന്ന് 10,000 രൂപ വാങ്ങിയെന്നും തുടര്‍ന്ന് കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്നും മുഹമ്മദലി മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു. പണം തിരിച്ചുനല്‍കാത്തതുമായി ബന്ധപ്പെട്ട് മുമ്പും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെന്നും അതേത്തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറയുന്നു.

ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നബീസയാണ് അബ്ബാസിന്റെ ഭാര്യ. മക്കള്‍: സുഹറ, സാജിത, ശിഹാബ്, ഇര്‍ഷാദ്, സീനത്ത്, അസീസ്, താഹിറ.

രഹസ്യവിവരത്തില്‍ ഉടന്‍ അറസ്റ്റ്

പോലീസിനുലഭിച്ച രഹസ്യവിവരമാണ് പ്രതിയിലേക്കെത്താന്‍ സഹായകമായത്. ഇടുതറയില്‍നിന്ന് പ്രതിയെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന്, സ്റ്റേഷനിലെത്തിച്ച് വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. വൈകുന്നേരത്തോടെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി.

അബ്ബാസിനെ കുത്താനുപയോഗിച്ച കത്തി ഇടുതറയിലെ കുറ്റിക്കാട്ടില്‍നിന്ന് കണ്ടെത്തി. കൊല്ലപ്പെട്ട അബ്ബാസിന്റെ വീട്ടിലും മുഹമ്മദലിയെ എത്തിച്ച് തെളിവെടുത്തു. തുടര്‍ന്ന്, പട്ടാമ്പികോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വണ്ടുംതറ ഉണര്‍ന്നത് കൊലപാതകവാര്‍ത്ത കേട്ട്

കൊപ്പം: വണ്ടുംതറ കുടുകത്തൊടി പടിഞ്ഞാറേതില്‍ അബ്ബാസിന്റെ കൊലപാതകവാര്‍ത്തയറിഞ്ഞാണ് ചൊവ്വാഴ്ച വണ്ടുംതറ ഗ്രാമം ഉണര്‍ന്നത്. അതിരാവിലെതന്നെ വീട്ടില്‍ വന്ന അജ്ഞാതന്‍ അബ്ബാസിനെ കുത്തിക്കൊന്നെന്നത് ഗ്രാമവാസികള്‍ക്ക് ആദ്യം വിശ്വസിക്കാനായില്ല.

കൊലപാതകത്തിലേക്ക് നയിക്കാന്‍ മാത്രമുള്ള സംഭവങ്ങള്‍ പറഞ്ഞുകേട്ടിട്ടുപോലുമില്ലെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു. പ്രതിയെ വൈകാതെ പോലീസ് പിടികൂടിയതോടെയാണ് സംഭവത്തില്‍ വ്യക്തതയുണ്ടായത്.

സാമ്പത്തിക ഇടപാടുകള്‍തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു. മറ്റ് ദുരൂഹതകളില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

നല്ല വിവാഹാലോചനകള്‍ കൊണ്ടുവരാമെന്ന് പറഞ്ഞ് അബ്ബാസ് തന്റെ കൈയില്‍നിന്ന് മാസങ്ങള്‍ക്കുമുമ്പ് 10,000 രൂപ വാങ്ങിയിരുന്നെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാത്രി ഇരുവരും തമ്മില്‍ ഫോണില്‍ തര്‍ക്കങ്ങളുണ്ടായെന്ന് പോലീസ് പറയുന്നു. ഇതില്‍നിന്നുണ്ടായ പ്രകോപനമാണ് കൊലാപാതകത്തിലേക്ക് നയിച്ചത്.

ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. വി. സുരേഷ്, പട്ടാമ്പി സി.ഐ. പ്രശാന്ത് ക്ലിന്റണ്‍, കൊപ്പം എസ്.ഐ. എം.ബി. രാജേഷ്, പോലീസ് ഡോഗ് സ്‌ക്വാഡ്, ശാസ്ത്രീയപരിശോധനാവിഭാഗം തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

Content Highlights: Palakkad koppam murder

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented