.jpg?$p=9745ddf&f=16x10&w=856&q=0.8)
കൊല്ലപ്പെട്ട മുഹമ്മദ് ഷാൻ, അറസ്റ്റിലായ മാതാവ് ആസിയ | Screengrab: Mathrubhumi News
പാലക്കാട്: എലപ്പുള്ളിയിലെ മൂന്ന് വയസ്സുകാരന്റെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന ആരോപണവുമായി കുട്ടിയുടെ മുത്തച്ഛന്‍ ഇബ്രാഹിം. കുട്ടിയുടെ മാതാവ് ആസിയ മാത്രമല്ല കൊലപാതകത്തിന് പിന്നിലെന്നും ഇവരുടെ സഹോദരിക്കും സഹോദരീഭര്‍ത്താവിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേസില്‍ അറസ്റ്റിലായ ആസിയയുടെ ഭര്‍തൃപിതാവാണ് ഇബ്രാഹിം.
അതേസമയം, കുട്ടിയുടെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ആസിയയുടെ സഹോദരി ഹാജിറയുടെ പ്രതികരണം. കൊല്ലപ്പെട്ട മുഹമ്മദ് ഷാനിനെ തനിക്ക് അത്രയേറെ ഇഷ്ടമായിരുന്നു. ആസിയക്ക് കുഞ്ഞിനെ വേണ്ട എന്നുണ്ടെങ്കില്‍ താന്‍ വളര്‍ത്തുമായിരുന്നു. കുഞ്ഞിന്റെ കൊലപാതകത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും ഹാജിറ പറഞ്ഞു.
കഴിഞ്ഞദിവസമാണ് എലപ്പുള്ളി ചുട്ടിപ്പാറയിലെ മൂന്നുവയസ്സുകാരനായ മുഹമ്മദ് ഷാനിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. മാതാവ് ആസിയയാണ് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആസിയയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആസിയയും ഭര്‍ത്താവ് ഷമീറും രണ്ടുവര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. ഇതിനിടെ, ആസിയ മറ്റൊരു യുവാവുമായി അടുപ്പത്തിലായി. എന്നാല്‍ യുവതിക്ക് കുഞ്ഞുണ്ടെന്ന വിവരം യുവാവ് അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് യുവാവുമായി ജീവിക്കാനായി കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ആസിയയുടെ മൊഴി.
ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് ആസിയയുടെ ചുട്ടിപ്പാറയിലെ വീട്ടിലെ കിടപ്പുമുറിയില്‍ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആസിയയെ ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..