മധു (ഫയൽ ഫോട്ടോ) - Mathrubhumi archives
മണ്ണാർക്കാട്: ആദിവാസിയുവാവ് മധുവിനെ കസ്റ്റഡിയിലെടുത്ത പോലീസുകാർക്ക് മധുവിന്റെ മരണത്തിൽ പങ്കുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷണോദ്യോഗസ്ഥൻ ചോദിച്ചിട്ടില്ലെന്ന് മുൻ എസ്.ഐ. പ്രസാദ് വർക്കി കോടതിയിൽ മൊഴി നൽകി. മധുവിനെ മുക്കാലിയിൽനിന്ന് കസ്റ്റഡിയിലെടുത്ത അന്നത്തെ എസ്.ഐ. പ്രസാദ് വർക്കിയെ ചൊവ്വാഴ്ച വീണ്ടും വിസ്തരിച്ചു.
കേസന്വേഷണത്തിന്റെ ഭാഗമായി താങ്കളുൾപ്പെടെയുള്ള പോലീസുകാരെ അന്വേഷണോദ്യോഗസ്ഥൻ ഏതെങ്കിലും സാഹചര്യത്തിൽ ചോദ്യം ചെയ്തിട്ടുണ്ടോയെന്നായിരുന്നു പ്രതിഭാഗം വക്കീൽ ബാബു കാർത്തികേയന്റെ ചോദ്യം. അത്തരം സാഹചര്യം ഉണ്ടായിട്ടില്ലെന്നായിരുന്നു മറുപടി. മധു പോലീസ് ജീപ്പിൽ വെച്ചാണോ മരിച്ചതെന്ന ചോദ്യത്തിന് അറിയില്ല എന്നും ഡോക്ടർ പറഞ്ഞാണ് മരണം അറിഞ്ഞതെന്നും അദ്ദേഹം മറുപടി നൽകി.
മധുവിനെ പോലീസ് ജീപ്പിൽ കയറ്റിയത് താങ്കളായിരുന്നോയെന്ന ചോദ്യത്തിന് ഓർമയില്ലെന്നു മറുപടി പറഞ്ഞു. പോലീസ് ജീപ്പിൽ മധുവിനെ കയറ്റിയത് തങ്ങളായിരുന്നുവെന്ന് കോടതിയിലും മജിസ്‌ട്രേറ്റിനുമുന്നിലും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനുമുന്നിലും മൊഴി നൽകിയതിന്റെ രേഖകൾ പ്രതിഭാഗം സമർപ്പിച്ചു.
കേസന്വേഷണത്തിന്റെ തുടർനടപടികളിൽ നേരിട്ടോ അല്ലാതെയോ ഇടപെട്ടിട്ടുണ്ടോ, അന്വേഷണോദ്യോഗസ്ഥൻ ഏതെങ്കിലും സഹായം ആവശ്യപ്പെട്ടിരുന്നോ എന്നതിനും ഇല്ലെന്നായിരുന്നു മറുപടി.
അന്വേഷണത്തിന്റെ ഭാഗമായി തൊട്ടടുത്ത ദിവസം സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. എന്നാൽ, തെളിവെടുപ്പിനിടെ പ്രസാദ് വർക്കി ജീപ്പിനുസമീപം നിൽക്കുന്ന ചിത്രം സഹിതം പ്രദർശിപ്പിച്ച് പ്രതിഭാഗം ഇതിനെ ഖണ്ഡിച്ചു.
മധുവിനെ ജീപ്പിൽവെച്ച് ചോദ്യംചെയ്തിരുന്നോയെന്നതിന്, ചില കാര്യങ്ങൾ ചോദിച്ചുമനസ്സിലാക്കാൻ ശ്രമിച്ചുവെന്നാണ് അദ്ദേഹം മറുപടി നൽകിയത്. മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിലുള്ള ഏഴുപേരിൽ ആരെങ്കിലും തന്നെ മർദിച്ചവരാണെന്ന് മധു പറഞ്ഞിട്ടുണ്ടോയെന്നതിന്, ഓർമയില്ലെന്നു മറുപടി നൽകി. മധുവിന്റെ അമ്മ മല്ലിയെയും ഡിവൈ.എസ്.പി. സുബ്രഹ്മണ്യനെയും വീണ്ടും വിസ്തരിക്കാൻ പ്രതിഭാഗം ചൊവ്വാഴ്ച ഹർജി നൽകി. കേസ് കോടതി ബുധനാഴ്ചയും പരിഗണിക്കും.
Content Highlights: palakkad attappadi madhu murder investigating officer didn't ask about police involvement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..