പ്രതീകാത്മക ചിത്രം | Photo: PTI & AP
ജയ്പുര്‍: ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരെ അടക്കം ലക്ഷ്യമിട്ടുള്ള പാക് വനിതകളുടെ ഹണിട്രാപ്പ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരം ഹണിട്രാപ്പ് കേസുകള്‍ വര്‍ധിച്ചതോടെ രാജസ്ഥാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഹണിട്രാപ്പില്‍ കുടുക്കി വിവരം ചോര്‍ത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ സാങ്കേതികസഹായത്തോടെയും അല്ലാതെയും വലിയരീതിയിലുള്ള നിരീക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി രാജസ്ഥാന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്(സെക്യൂരിറ്റി) എസ്. സെങ്കതിര്‍ 'ഹിന്ദുസ്ഥാന്‍ ടൈംസി'നോട് പറഞ്ഞു.
'പാക് ചാരസംഘടനയുടെ ഭാഗമായുള്ള സ്ത്രീകളാണ് സൈനികരുമായും മറ്റു സാധാരണക്കാരുമായും വാട്സാപ്പിലൂടെ ബന്ധം സ്ഥാപിക്കുന്നത്. ഈ ശൃംഖലയില്‍ ഉള്‍പ്പെട്ട പലരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. നൂറുകണക്കിന് പേരെ ചോദ്യംചെയ്യുകയും ചെയ്തു. ഈ വര്‍ഷം മാത്രം ഇത്തരത്തിലുള്ള എട്ട് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്'- അദ്ദേഹം വ്യക്തമാക്കി. സൈനികരെ മാത്രമല്ല, അതിര്‍ത്തിമേഖലകളില്‍ താമസിക്കുന്ന സാധാരണക്കാരെയും പാക് ചാരസംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹണിട്രാപ്പുകാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2019 മുതല്‍ 28 പേരെയാണ് ചാരവൃത്തി ചുമത്തി രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ സൈനികരും സൈന്യവുമായി ബന്ധപ്പെട്ട ജോലികള്‍ ഏറ്റെടുത്തുചെയ്യുന്നവരും അല്ലാത്തവരും ഉണ്ട്. ഇവരെല്ലാം പാക് വനിതകളുടെ ഹണിട്രാപ്പില്‍ കുടുങ്ങിയവരായിരുന്നു. ഹണിട്രാപ്പാണെന്ന് മനസിലാക്കാതെ പലരും പലവിവരങ്ങളും തങ്ങളുടെ 'കാമുകി'മാര്‍ക്ക് കൈമാറുകയായിരുന്നു.
ജോധ്പുരില്‍ സൈനികനായിരുന്ന പ്രദീപ് കുമാര്‍ 2021-ല്‍ തന്റെ ഫോണിലേക്ക് വന്ന ഒരു മിസ്‌കോളിലൂടെയാണ് പാക് വനിതയുടെ ഹണിട്രാപ്പില്‍ കുടുങ്ങുന്നത്. തിരികെ വിളിച്ചതോടെ മറുഭാഗത്ത് ഫോണ്‍ എടുത്ത യുവതി സ്വയം പരിചയപ്പെടുത്തി. റിയ എന്നാണ് പേരെന്നും ബെംഗളൂരുവിലെ സൈനിക ആശുപത്രിയിലാണ് ജോലിയെന്നും പറഞ്ഞു. തുടര്‍ന്ന് റിയയും പ്രദീപ്കുമാറും സൗഹൃദം തുടര്‍ന്നു. മണിക്കൂറുകളോളം ഫോണ്‍വിളി പതിവായി. സഹോദരിയാണെന്ന് പറഞ്ഞ് മറ്റൊരു യുവതിയെ വീഡിയോകോളിലൂടെയും പരിചയപ്പെടുത്തി നല്‍കി. ഇതിനിടെയാണ് പ്രദീപ്കുമാറില്‍നിന്ന് ചില വിവരങ്ങളും യുവതി കൈക്കലാക്കിയത്. ലെഫ്. കേണലായ തനിക്ക് ചില ജോലികളില്‍ സഹായം വേണമെന്നാണ് ഇവര്‍ പ്രദീപ്കുമാറിനോട് ആവശ്യപ്പെട്ടത്. ഇതിനായി പ്രദീപ് ജോലിചെയ്യുന്ന യൂണിറ്റിലെ ചില രേഖകളുടെ സാംപിളുകളും ആവശ്യപ്പെട്ടു. സൈന്യത്തില്‍ തന്നെ ജോലിചെയ്യുന്ന കാമുകിയെ വിശ്വസിച്ച പ്രദീപ് ഇതെല്ലാം അയച്ചുനല്‍കുകയും ചെയ്തു. പിന്നീട് രാജസ്ഥാന്‍ പോലീസ് തന്നെ തേടി എത്തിയപ്പോളാണ് ഹണിട്രാപ്പില്‍ കുരുങ്ങിയതാണെന്ന യാഥാര്‍ഥ്യം പ്രദീപ് തിരിച്ചറിഞ്ഞത്.
റിയ എന്ന പേരില്‍ സൗഹൃദം പുലര്‍ത്തിയിരുന്നത് പാക് ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ചാരവനിതയാണെന്ന് പോലീസ് പറഞ്ഞിട്ടും പ്രദീപ്കുമാറിന് ആദ്യം വിശ്വസിക്കാനായിരുന്നില്ല. തന്റെ കാമുകി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നായിരുന്നു ഇയാളുടെ മറുപടി. തന്നെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകണമെന്നും കാമുകിയോട് നേരിട്ട് ചോദിക്കാമെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നു.
ചാരവൃത്തിക്ക് അറസ്റ്റിലായ മറ്റൊരു സൈനിക ഉദ്യോഗസ്ഥനായ ശാന്തിമോയ് റാണയെയും സമാനമായരീതിയിലാണ് പാക് വനിത കെണിയില്‍വീഴ്ത്തിയത്. ഓഗസ്റ്റ് 2021-ലാണ് അങ്കിത എന്ന പേരില്‍ ഒരു യുവതി ഇയാളെ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദം വളര്‍ന്നു. സൈനികന് സമ്മാനമായി 5000 രൂപയും അയച്ചുനല്‍കി. ഇതിനിടെ തന്ത്രപൂര്‍വം സൈനികനില്‍നിന്ന് പല വിവരങ്ങളും യുവതി കൈക്കലാക്കിയിരുന്നു. സെപ്റ്റംബര്‍ അവസാനവാരം വിവാഹം നിശ്ചയിച്ചിരുന്ന ശാന്തിമോയ് നിലവില്‍ ജയിലിലാണ്.
സൈന്യത്തിന് പച്ചക്കറിയും പഴവര്‍ഗങ്ങളും വിതരണം ചെയ്യുന്ന നിതിന്‍ യാദവ് എന്നയാളെ 2022 ഏപ്രിലിലാണ് ചാരവൃത്തിക്ക് പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെയും പാക് വനിതയാണ് ഹണിട്രാപ്പില്‍ കുടുക്കിയത്. സൈന്യത്തിലേക്ക് വിതരണം ചെയ്യുന്ന സാധനങ്ങളുടെ ബില്ലുകളും മറ്റു വിശദാംശങ്ങളുമാണ് ഇയാളില്‍നിന്ന് പാക് ചാര വനിത സ്വന്തമാക്കിയതെന്നും പോലീസ് പറഞ്ഞു.
പാക് ചാരസംഘടനയില്‍പ്പെട്ടവര്‍ക്ക് സിംകാര്‍ഡുകള്‍ നല്‍കിയതിന് നാരായണ്‍ എന്നയാളെയും അടുത്തിടെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കാനായാണ് ഇവര്‍ ഇന്ത്യന്‍ സിംകാര്‍ഡുകള്‍ വാങ്ങിയിരുന്നത്. രാജസ്ഥാനിലെ മൗണ്ട് അബുവിലേക്കാണ് നാരായണ്‍ ഈ സിംകാര്‍ഡുകള്‍ അയച്ചുനല്‍കിയിരുന്നത്. ഇതുപിന്നീട് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും അവിടെനിന്ന് ദുബായിലേക്കുമായിരുന്നു എത്തിയിരുന്നത്. ഓരോ സിംകാര്‍ഡിനും മൂവായിരം മുതല്‍ അയ്യായിരം രൂപ വരെ ലഭിച്ചിരുന്നു എന്നായിരുന്നു നാരായന്റെ മൊഴി.
അതിര്‍ത്തിമേഖലയില്‍ താമസിക്കുന്ന കുല്‍ദീപ് സിങ് എന്നയാള്‍ കഴിഞ്ഞമാസമാണ് രാജസ്ഥാന്‍ പോലീസിന്റെ പിടിയിലായത്. സാമൂഹികമാധ്യമങ്ങളില്‍ സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി സൈനികരുമായി സൗഹൃദം സ്ഥാപിച്ച് വിവരങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിച്ചതായിരുന്നു ഇയാള്‍ക്കെതിരായ കുറ്റം. നേരത്തെ ഒരു പാക് വനിതയുമായി കുല്‍ദീപ് സാമൂഹികമാധ്യമത്തിലൂടെ സൗഹൃദത്തിലായിരുന്നു. ഈ ബന്ധം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇയാള്‍ അവരുടെ നിര്‍ദേശപ്രകാരം വ്യാജ അക്കൗണ്ടുകളുണ്ടാക്കി സൈനികരില്‍നിന്ന് വിവരം ശേഖരിക്കാന്‍ ശ്രമിച്ചത്.
പാക് വനിതകള്‍ കെണിയൊരുക്കുന്നതെല്ലാം ഒരേരീതിയിലാണെന്നാണ് പോലീസ് പറയുന്നത്. മിസ് കോളിലൂടെയും സാമൂഹിക മാധ്യമങ്ങളിലെ ഫ്രണ്ട് റിക്വസ്റ്റുകളിലൂടെയുമാണ് തുടക്കം. തുടര്‍ന്ന് ചാറ്റിങ്ങും ഫോണ്‍വിളിയും ആരംഭിക്കും. വിശ്വാസം നേടാന്‍ വീഡിയോ കോളും ചെയ്യും. പിന്നീട് ഈ സംഭാഷണങ്ങള്‍ മണിക്കൂറുകളോളം നീളും. മാനസികമായി അടുപ്പം സ്ഥാപിക്കും. പ്രലോഭിപ്പിക്കാനായി നഗ്നചിത്രങ്ങള്‍ വരെ കൈമാറുമെന്നും പോലീസ് പറയുന്നു.
ഇത്തരം കേസുകള്‍ വര്‍ധിച്ചതോടെ അതിര്‍ത്തിമേഖലകളില്‍ ഹണിട്രാപ്പിനെക്കുറിച്ചുള്ള ബോധവത്കരണം വിപുലമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പോലീസ് മാത്രമല്ല വിവിധ സൈനികവിഭാഗങ്ങളും ഇതേ ദൗത്യവുമായി രംഗത്തുണ്ട്. പൊതുജനങ്ങള്‍ക്കിടയിലും സൈനികര്‍ക്കിടയിലും ഇത്തരം ഹണിട്രാപ്പിനെക്കുറിച്ച് പരമാവധി ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം. സംശയാസ്പദമായരീതിയില്‍ എന്തെങ്കിലും ഫോണ്‍കോള്‍ വന്നാല്‍ ലോക്കല്‍ പോലീസിനെ അറിയിക്കണമെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, സാമൂഹികമാധ്യമങ്ങളുടെ ഉപയോഗം സംബന്ധിച്ച് സൈന്യത്തിന് ഒരു നയമുണ്ടെന്നും ഓരോസമയത്തും ഇത് പരിഷ്‌കരിക്കാറുണ്ടെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. സാമൂഹികമാധ്യമങ്ങളുടെ ഉപയോഗം സൈന്യത്തില്‍ നിരോധിച്ചിട്ടുണ്ട്. ഇവ ഉപയോഗിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യത്തിനുള്ളിലും പുറത്തും ഇതിന് നിരീക്ഷണസംവിധാനമുണ്ട്. ഇന്റലിജന്‍സ് സംവിധാനങ്ങളും സൈബര്‍ പരിശോധനയും അടക്കം ഉള്‍പ്പെടുന്നതാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: pakistan spy woman honey trap
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..