ജുനൈസ്, നിസാബ്
കളമശ്ശേരി: അഴുകിയ കോഴിയിറച്ചി വില്പന കേന്ദ്രം നടത്തിയിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് ഒതുക്കും പുറത്ത് ജുനൈസി (37) നെയും മാനേജര്‍ മണ്ണാര്‍ക്കാട് കോട്ടോപ്പാടം ചേലക്കല്‍ വീട്ടില്‍ നിസാബി (33) നെയും കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
ജുനൈസിന്റെ പേരില്‍ മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ വധശ്രമം ഉള്‍പ്പെടെ അഞ്ച് കേസുകളുണ്ട്. രണ്ട് വധശ്രമം, രണ്ട് അടിപിടി, സ്ത്രീയെ ഉപദ്രവിക്കല്‍ എന്നിങ്ങനെയാണ് കേസെന്ന് കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. ശശിധരന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേസിനെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ജുനൈസ് ഒളിവില്‍ കഴിഞ്ഞു. മണ്ണാര്‍ക്കാടിനു സമീപത്തുനിന്നാണ് ഇരുവരും പിടിയിലായത്.
കളമശ്ശേരി കൈപ്പടമുകളില്‍ ജുനൈസ് വാടകയ്ക്ക് എടുത്തിരുന്ന കെട്ടിട ഉടമ വെളുത്തേടത്ത് നിസാര്‍ മരയ്ക്കാരും കേസില്‍ പ്രതിയാണ്. ഇയാള്‍ ഒളിവിലാണ്. കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും.
ജുനൈസ് ഗള്‍ഫിലായിരുന്നു. അവിടെ നിന്ന് നാട്ടിലെത്തിയ ശേഷം ഒന്നര വര്‍ഷം മുന്‍പാണ് കോഴി ഇറച്ചി വില്പന കേന്ദ്രം തുടങ്ങിയത്. പൊള്ളാച്ചിയില്‍ നിന്നാണ് കോഴിയിറച്ചി വാങ്ങിയിരുന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി ആണെന്ന അറിവോടെയാണ് ഇത് കൊണ്ടുവന്നിട്ടുള്ളത്. സിറ്റിയിലെ വിവിധ കടകള്‍ക്ക് അഴുകിയ കോഴിയിറച്ചി വില കുറച്ചാണ് വിറ്റിരുന്നത്. മോശമായ കോഴിയിറച്ചി ആണെന്ന അറിവോടെയാണ് കടക്കാരും കോഴിയിറച്ചി വാങ്ങിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
വില്‍പ്പന കേന്ദ്രത്തില്‍നിന്നു കണ്ടെത്തിയ ബില്ലുകള്‍ വിശദമായി പരിശോധിച്ചാല്‍ മാത്രമേ ഏതെല്ലാം കടകള്‍ക്കാണ് കോഴിയിറച്ചി വിറ്റിരുന്നതെന്ന് അറിയാന്‍ കഴിയൂ. കൈപ്പടമുകളിലെ അനധികൃത വില്‍പ്പന കേന്ദ്രത്തില്‍നിന്ന് 12-നാണ് കളമശ്ശേരി നഗരസഭാ ആരോഗ്യവിഭാഗം 500 കിലോയിലേറെ അഴുകിയ കോഴിയിറച്ചി പിടിച്ചത്. കോഴിയിറച്ചി വില്‍പ്പന കൂടാതെ ഷവര്‍മ, അല്‍ഫാം തുടങ്ങിയവ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തിരുന്നു.
Content Highlights: owner of the rotten chicken meat selling center is accused in many criminal cases
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..