പ്രതീകാത്മകചിത്രം| Photo: Mathrubhumi Library
മുതലമട: നണ്ടന്‍കിഴായ ചേനപ്പന്തോട്ടത്തില് ദമ്പതിമാരുള്‍പ്പെടെ മൂന്നുപേര്‍ക്ക് വെട്ടേറ്റു. ചേനപ്പന്തോട്ടത്തില് ആയുര്‍വേദ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനത്തിന്റെ ഉടമയും പ്ലാച്ചിമട സമര ഐക്യദാര്‍ഢ്യസമിതി ജനറല്‍ കണ്‍വീനറുമായ ആറുമുഖന്‍ പത്തിച്ചിറ (47), ആയുര്‍വേദ സ്ഥാപനത്തിലെ ജീവനക്കാരി നണ്ടന്‍കിഴായ ചേനപ്പന്തോട്ടം സ്വദേശി സുധ (42), സുധയുടെ ഭര്‍ത്താവ് രാമനാഥന് (48) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വ്യക്തിപരമായ കാരണങ്ങളാണ് വെട്ടില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് ഏഴോടെ ആയുര്വേദകേന്ദ്രത്തില്വെച്ചാണ് വെട്ടേറ്റത്. രാമനാഥന് സുധയെ വെട്ടുകയായിരുന്നെന്ന് പോലീസ് പറയുന്നു. സുധയുടെ നിലവിളികേട്ടെത്തിയ ആറുമുഖന്‍ പത്തിച്ചിറയ്ക്കും തിരിച്ച് രാമനാഥനും വെട്ടേറ്റു. രാമനാഥന് മുഖത്തുള്‍പ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്.
സുധ കുറച്ചുനാളായി രാമനാഥനുമായി അകന്നാണ് താമസിച്ചുവരുന്നത്.
മധ്യസ്ഥചര്‍ച്ചകള്‍ നടന്നെങ്കിലും സുധ ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറായില്ല. ഇതിനിടെ സുധയുമൊന്നിച്ചുള്ള ചിത്രങ്ങള്‍ ആറുമുഖന്‍ സാമൂഹികമാധ്യമങ്ങളിലിട്ടു. ഇത് രാമനാഥനെ പ്രകോപിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു.
ഗുരുതരപരിക്കേറ്റ രാമനാഥനെ ജില്ലാ ആശുപത്രിയിലും സുധയെയും ആറുമുഖനെയും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കൊല്ലങ്കോട് പോലീസ് ഇന്‍സ്പെക്ടര്‍ എ. വിപിന്‍ദാസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..