സൃഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ തെളിവെടുപ്പിനിടെ പ്രതി ഫിറോസ് വസ്ത്രങ്ങൾ കത്തിച്ച സ്ഥലം പോലീസിന് കാണിച്ചുകൊടുക്കുന്നു
ഒറ്റപ്പാലം: അഴിക്കലപ്പറമ്പില്‍ സൃഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി. ലക്കിടിമംഗലം കേലത്ത് വീട്ടില്‍ ആഷിഖിനെ (24) കൊലപ്പെടുത്തിയ കേസിലാണ് പോലീസ് ആയുധങ്ങള്‍ക്കായി അന്വേഷണം തുടങ്ങിയത്.
ഇതിന്റെ ഭാഗമായി റിമാന്‍ഡില്‍ക്കഴിഞ്ഞിരുന്ന പ്രതിയായ അഴിക്കലപ്പറമ്പ് പാറയ്ക്കല്‍ മുഹമ്മദ് ഫിറോസിനെ (25) ഒറ്റപ്പാലം പോലീസ് കോടതിമുഖാന്തരം കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് തുടങ്ങി.
കൊന്ന് കുഴിച്ചുമൂടിയ അഴിക്കലപ്പറമ്പിലെ സ്ഥലം, സമീപത്തെ തോട്, ഫിറോസിന്റെ വീട് എന്നിവിടങ്ങളിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. കൊലയ്ക്കുശേഷം കത്തി തോട്ടിലേക്ക് വലിച്ചെറിഞ്ഞെന്ന് ഫിറോസ് പറഞ്ഞെങ്കിലും ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ കത്തി കണ്ടെത്താനായില്ല. ഇതിനായി വിശദമായ തിരച്ചില്‍ നടത്താനൊരുങ്ങുകയാണ് പോലീസ്. ഒപ്പം കുഴിച്ചിടാനുപയോഗിച്ച ആയുധങ്ങളും കണ്ടെത്താനുണ്ട്. എന്നാല്‍, ഈസ്റ്റ് ഒറ്റപ്പാലത്തെ ആളൊഴിഞ്ഞ പറമ്പില്‍നിന്ന് കൊലനടത്തി മൃതദേഹം അഴിക്കലപ്പറമ്പിലെത്തിക്കാന്‍ ഉപയോഗിച്ച ഗുഡ്സ് ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഒറ്റപ്പാലം ഇന്‍സ്പെക്ടര്‍ വി. ബാബുരാജന്‍ പറഞ്ഞു.
മോഷണക്കേസില്‍ കഴിഞ്ഞയാഴ്ച പട്ടാമ്പിയില്‍ അറസ്റ്റിലായ ഫിറോസ് ചോദ്യംചെയ്യുന്നതിനിടെയാണ് ആഷിഖിനെ കൊന്ന് കുഴിച്ചുമൂടിയ വിവരം പുറത്തുപറയുന്നത്. തുടര്‍ന്ന്, കഴിഞ്ഞ 15-ന് മൃതദേഹം കണ്ടെത്തുകയും ഫിറോസിനെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പട്ടാമ്പിയില്‍നിന്നും കേസ് ഒറ്റപ്പാലത്തേക്ക് കൈമാറിയതിന് പിന്നാലെയാണ് തെളിവെടുപ്പിനായി ഇയളെ കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരുന്നത്.കോടതി അഞ്ചുദിവസത്തേക്കാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
കൊന്നതെങ്ങനെ.... പതര്‍ച്ചയില്ലാതെ വിശദീകരിച്ച് ഫിറോസ്
ഒറ്റപ്പാലം: ആ മുഖത്ത് ഒരു പതര്‍ച്ചയുമുണ്ടായിരുന്നില്ല. കൊന്നതും കുഴിച്ചുമൂടിയതും തെളിവ് നശിപ്പിച്ചതുമെല്ലാം ഒരു സിനിമാക്കഥപോലെ തെല്ലും പതര്‍ച്ചയില്ലാതെ അയാള്‍ പോലീസിനോട് വിശദീകരിച്ചു. സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ തെളിവെടുപ്പിനായെത്തിയ അഴിക്കലപ്പറമ്പ് പാറയ്ക്കല്‍ മുഹമ്മദ് ഫിറോസാണ് (25) കുറ്റബോധം തെല്ലുമില്ലാതെ കൊലപാതകം വിശദീകരിച്ചത്.
ഫിറോസ് പോലീസിനോട് പറഞ്ഞതിങ്ങനെ: ഡിസംബര്‍ 17-ന് ഉച്ചയ്ക്കാണ് ഈസ്റ്റ് ഒറ്റപ്പാലത്തെ ആളൊഴിഞ്ഞ പറമ്പില്‍ ഇരുവരും കണ്ടുമുട്ടുന്നത്. ആഷിഖിനുള്ള ഭക്ഷണവുമായി ഫിറോസ് ഇവിടേക്കെത്തി. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ വൈകീട്ട് അഞ്ചരയോടെയാണ് തര്‍ക്കമുണ്ടാകുന്നത്. ഇതിനിടെ ആഷിഖ് കൈയിലിരുന്ന കത്തിയെടുത്ത് ഫിറോസിനെ ആക്രമിച്ചു. തുടര്‍ന്ന് കത്തിപിടിച്ചുവാങ്ങിയ ഫിറോസ്, ആഷിഖിന്റെ കഴുത്തിന് കുത്തുകയായിരുന്നു.
തുടര്‍ന്ന്, മൃതദേഹം തന്റെ ഗുഡ്സ് ഓട്ടോറിക്ഷയില്‍ക്കയറ്റി പുല്ലും ചെടികളുമുപയോഗിച്ച് മറച്ച് അഴിക്കലപ്പറമ്പിലെ സ്ഥലത്തെത്തിച്ചു. മൃതദേഹം തോടിന്റെ കരയില്‍ വെച്ചശേഷം ഇരുവരുടെയും വസ്ത്രം കത്തിക്കയും കത്തി വലിച്ചെറിയുകയും വാഹനം തോട്ടിലേക്കിറക്കി കഴുകുകയും ചെയ്തു. പിന്നീട് വീട്ടിലെത്തുകയും കുളിച്ച് ഭക്ഷണംകഴിച്ചശേഷം രാത്രി ഒരുമണിക്കാണ് ഈ സ്ഥലത്തേക്ക് തിരിച്ചെത്തുന്നത്. അതുവരെ മൃതദേഹം തോടിന്റെ കരയില്‍ കിടന്നു.
'കാട്ടുപന്നികള്‍ തോണ്ടിയെടുക്കാതിരിക്കാന്‍ ആദ്യം ആറടി കുഴിക്കാനാണ് വിചാരിച്ചത്. എന്നാല്‍ മൂന്നടിയായപ്പോഴേക്കും ഞാന്‍ ക്ഷീണിച്ചതിനാല്‍ അതിലിട്ട് മൂടി' -കൊലപാതകം നടത്തിയ പതര്‍ച്ചയുടെ ലക്ഷണമില്ലാതെ ഫിറോസ് പോലീസിനോട് പറഞ്ഞു. തുടര്‍ന്ന്, മൂന്നുമണിയോടെ ഇവിടത്തെ ഏറുമാടത്തില്‍ കിടന്നുറങ്ങിയെന്നും പിറ്റേദിവസം രാവിലെ ആഷിഖിന്റെ മൊബൈല്‍ഫോണ്‍ പറളിയിലെത്തി സ്വിച്ച് ഓഫ് ചെയ്ത് പുഴയിലേക്ക് വലിച്ചെറിഞ്ഞെന്നും ഫിറോസ് പോലീസിനോട് വിശദീകരിച്ചു. ഫിറോസിന്റെ മൊഴിയും തെളിവുകളും വേര്‍തിരിച്ച് പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്.
Content Highlights: ottappalam ashiq murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..