സുഹൈൽ
ഒറ്റപ്പാലം: അഴിക്കലപ്പറമ്പില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊല്ലപ്പെട്ട ലക്കിടി മംഗലം കേലത്ത് വീട്ടില്‍ ആഷിഖിന്റെ (24) മൃതദേഹം കുഴിച്ചുമൂടാന്‍ സഹായിച്ചെന്ന് കരുതുന്ന ഒറ്റപ്പാലം പാലപ്പുറം പാറയ്ക്കല്‍ വീട്ടില്‍ സുഹൈലിനെയാണ് (22) ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതകം നടത്തിയ അഴിക്കലപ്പറമ്പ് പാറയ്ക്കല്‍ മുഹമ്മദ് ഫിറോസിനെ (25) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ബന്ധുവാണ് സുഹൈല്‍. ലഹരിയിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഇവര്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഈസ്റ്റ് ഒറ്റപ്പാലത്തെ ആളൊഴിഞ്ഞ പറമ്പില്‍വെച്ചാണ് കൊലപാതകം നടന്നത്. ഇവിടെനിന്ന് മൃതദേഹം ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ അഴിക്കലപ്പറമ്പില്‍ എത്തിക്കാനും തോടിനരികിലെ ഒഴിഞ്ഞ പറമ്പില്‍ കുഴിച്ചിടാനും ഫിറോസിനൊപ്പം സുഹൈലുമുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
അന്നേദിവസം ഫിറോസ് സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം സുഹൈലിന്റെ സാന്നിധ്യവുമുണ്ടായിരുന്നതായി മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഈസ്റ്റ് ഒറ്റപ്പാലത്തെ ആളൊഴിഞ്ഞ പറമ്പില്‍ മൂവരും ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ആഷിഖ് കൊല്ലപ്പെട്ട സമയത്ത് താനവിടെ ഇല്ലായിരുന്നുവെന്നാണ് സുഹൈലിന്റെ മൊഴി. ഈ സമയം ഈസ്റ്റ് ഒറ്റപ്പാലത്തേക്ക് ഭക്ഷണം വാങ്ങാന്‍ പോയതായിരുന്നുവെന്നും സുഹൈല്‍ മൊഴി നല്‍കി. ഹോട്ടല്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇയാള്‍ ഭക്ഷണം വാങ്ങാനെത്തിയിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മോഷണക്കേസില്‍ പട്ടാമ്പിയില്‍ അറസ്റ്റിലായ ഫിറോസിനെ ചോദ്യംചെയ്യുന്നതിനിടെയാണ് ആഷിഖിനെ കൊന്ന് കുഴിച്ചുമൂടിയ വിവരം പറയുന്നത്. തുടര്‍ന്ന് ഫെബ്രുവരി 15-ന് മൃതദേഹം കണ്ടെത്തുകയും ഫിറോസിനെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഒറ്റപ്പാലം പോലീസ് ഇന്‍സ്‌പെക്ടര്‍ വി. ബാബുരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുഹൈലിനെ അറസ്റ്റ് ചെയ്തത്.
Content Highlights: ottappalam ashik murder case one more accused arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..