പ്രതീകാത്മക ചിത്രം | Photo: Thomas White| REUTERS
മുംബൈ: ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടിനല്‍കാമെന്ന് പറഞ്ഞ് പത്താംക്ലാസുകാരിയില്‍നിന്ന് തട്ടിയെടുത്തത് 55,000 രൂപ. മുംബൈയിലെ 16-കാരിയാണ് ഇന്‍സ്റ്റഗ്രാം വഴിയുള്ള തട്ടിപ്പില്‍ വീണത്. പിതാവിന്റെ അക്കൗണ്ടില്‍നിന്നാണ് ഇത്രയും തുക പെണ്‍കുട്ടി അയച്ചുനല്‍കിയതെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
പിതാവിന്റെ മൊബൈല്‍ ഫോണിലാണ് 16-കാരി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചിരുന്നത്. മാര്‍ച്ച് ഒന്നാം തീയതി 'സൊനാലി സിങ്' എന്ന പേരിലുള്ള ഐ.ഡി.യില്‍നിന്ന് പെണ്‍കുട്ടിക്ക് ഫോളോ റിക്വസ്റ്റ് വന്നു. ഇത് സ്വീകരിച്ചതിന് പിന്നാലെ സൊനാലി സിങ്ങില്‍നിന്ന് സന്ദേശവും എത്തി. താന്‍ സ്‌കൂളിലെ പഴയ സഹപാഠിയാണെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇതിനുപിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാന്‍ സഹായിക്കാമെന്ന സന്ദേശവും അയച്ചത്.
രണ്ടായിരം രൂപ നല്‍കിയാല്‍ ഒരുമണിക്കൂറിനുള്ളില്‍ ഫോളോവേഴ്‌സിന്റെ എണ്ണം 50,000 ആക്കിനല്‍കാമെന്നായിരുന്നു ആദ്യത്തെ വാഗ്ദാനം. എന്നാല്‍ ആ സമയത്ത് 16-കാരിയുടെ കൈയില്‍ 600 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ പണം അയച്ചുനല്‍കി. തുടര്‍ന്ന് മാര്‍ച്ച് നാലാം തീയതിയാണ് അടുത്ത സന്ദേശം എത്തിയത്. നേരത്തെ അടച്ച പണം മതിയാകില്ലെന്നും നാലായിരം രൂപ കൂടി നല്‍കണമെന്നുമായിരുന്നു ഇത്തവണത്തെ സന്ദേശം. ഇതോടെ പെണ്‍കുട്ടി പിതാവിന്റെ അക്കൗണ്ടില്‍നിന്ന് ഓണ്‍ലൈന്‍ വഴി പണം നല്‍കി. ഇത്തരത്തില്‍ വിവിധഘട്ടങ്ങളിലായി 55,000 രൂപയാണ് പെണ്‍കുട്ടിയില്‍നിന്ന് തട്ടിയെടുത്തത്.
ദിവസങ്ങള്‍ക്ക് മുമ്പ് ഫോണിലെ ഡിജിറ്റല്‍ വാലറ്റില്‍നിന്ന് പണമെല്ലാം നഷ്ടപ്പെട്ടത് പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഓണ്‍ലൈന്‍ തട്ടിപ്പ് പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇദ്ദേഹം മകളോട് കാര്യംതിരക്കിയപ്പോള്‍ പെണ്‍കുട്ടി എല്ലാം തുറന്നുപറയുകയും ഇരുവരും പോലീസിനെ സമീപിക്കുകയുമായിരുന്നു.
Content Highlights: online money fraud class 10 girl pays 55k to increase instagram followers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..