പ്രതീകാത്മക ചിത്രം | PTI
സുല്‍ത്താന്‍ബത്തേരി: ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിന്റെ ഡ്യൂപ്ലിക്കേറ്റ് സിംകാര്ഡുപയോഗിച്ച് സ്വകാര്യാശുപത്രിയുടെ അക്കൗണ്ടുകളില്‍നിന്ന് 10.83 ലക്ഷം രൂപ തട്ടിയെടുത്തു. ബത്തേരിയിലെ അസംപ്ഷന്‍ ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്നാണ് പണം നഷ്ടമായത്. കാത്തലിക് സിറിയന്‍ ബാങ്കിന്റെ ബത്തേരി ബ്രാഞ്ചിലുള്ള രണ്ട് അക്കൗണ്ടുകളില്‍നിന്നാണ് അജ്ഞാതര്‍ ഓണ്‍ലൈന്‍വഴി പണം തട്ടിയെടുത്തത്.
ആശുപത്രിയുടെ ഒരക്കൗണ്ടില്നിന്ന് രണ്ടുതവണകളായി 6.83 ലക്ഷം രൂപയും മറ്റൊരക്കൗണ്ടില്‍ നിന്ന് നാല് ലക്ഷം രൂപയുമാണ് ആശുപത്രിയധികൃതര്‍ അറിയാതെ മറ്റൊരക്കൗണ്ടിലേക്ക് മാറ്റിയത്. ഡിസംബര്‍ മൂന്നിനാണ് ഈ പണമിടപാടെല്ലാം നടന്നിട്ടുള്ളത്. രോഗികള്‍ ഓണ്‍ലൈനായി അയക്കുന്ന പണം അക്കൗണ്ടിലെത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങള്‍ നഷ്ടമായ വിവരം അറിയുന്നത്. ഉടന്‍തന്നെ ആശുപത്രിയധികൃതര്‍ ബാങ്കില്‍ വിവരമറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
സൈബര്‍ പോലീസാണ് കേസന്വേഷിക്കുന്നത്. എം.ഡി. ഷാരൂഖ് എന്നയാളുടെ പേരിലുള്ള പശ്ചിമബംഗാളിലുള്ള യൂണിയന് ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ അക്കൗണ്ടില്‍നിന്ന് ഉടന്‍തന്നെ മറ്റ് രണ്ട് അക്കൗണ്ടുകളിലേക്ക് പണം മാറ്റി. പിന്നീട് ഹൗറയിലുള്ള എ.ടി.എമ്മുകളില്‍നിന്ന് പണം പിന്‍വലിച്ചതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ആശുപത്രിയില്‍ മുമ്പ് ജോലി ചെയ്തിരുന്ന സിസ്റ്ററുടെ ഫോണ്‍ നമ്പറാണ് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരുന്നത്. ഈ ഫോണ്‍ നമ്പറിന്റെ ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡ് വ്യാജ രേഖകളുപയോഗിച്ചെടുത്താണ് തട്ടിപ്പ് നടത്തിയത്. എറണാകുളത്തുനിന്നാണ് ഡ്യൂപ്ലിക്കേറ്റ് സിം എടുത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. കന്യാസ്ത്രീയുടെ വേഷമണിഞ്ഞെത്തിയ ഒരു സ്ത്രീയും മറ്റൊരാളുമാണ് സിം എടുക്കാനായി എത്തിയതെന്നാണ് മൊബൈല്‍ നെറ്റ് വര്‍ക്ക് സ്ഥാപനത്തിലെ ജീവനക്കാര്‍ നല്കിയ വിവരം. മലയാളം സംസാരിക്കുന്നവരാണിവര്‍. സിസ്റ്ററുടെ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് വ്യാജമായി നിര്‍മിച്ചാണ് സിം എടുക്കാനായി നല്‍കിയത്. ആധാര്‍ കാര്‍ഡിലെ വിലാസവും നമ്പറുമെല്ലാം കൃത്യമാണെങ്കിലും അതിലെ ഫോട്ടോ വേറൊരാളുടേതാണ് ഉപയോഗിച്ചിട്ടുള്ളത്. പണം തട്ടിയ സംഭവത്തില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. അസംപ്ഷന്‍ ആശുപത്രിയുടെ അക്കൗണ്ടുകളില്‍നിന്ന് പണം നഷ്ടമായ അന്നുതന്നെ വിവരം അറിഞ്ഞിട്ടുണ്ടെന്നും ഇടപാടുകളെക്കുറിച്ച് പരിശോധിച്ചുവരികയാണെന്നും ബാങ്കധികൃതര്‍ പറഞ്ഞു.
Content Highlights: online money fraud bathery private hospital lost ten lakhs from their bank account
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..