സമ്മാനവും ലോണും തരാമെന്ന് പറഞ്ഞാല്‍ വീഴും,തട്ടിപ്പ് വ്യാപകം; എത്ര കിട്ടിയാലും പാഠം പഠിക്കാത്ത മലയാളി


സജീന സലിം

പ്രതീകാത്മക ചിത്രം/മാതൃഭൂമി

കോട്ടയ്ക്കല്‍: പാണ്ടിക്കാട്ട് കഴിഞ്ഞ ദിവസം നടന്ന മാലമോഷണക്കേസില്‍ ഒരു യുവാവിനെ പിടികൂടി. മോഷണത്തിലേക്ക് നയിച്ച കാരണമന്വേഷിച്ച പോലീസിനോട് അയാള്‍ പറഞ്ഞതിങ്ങനെ... ''ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ തന്റെ കുറേ പണം നഷ്ടപ്പെട്ടു. നിലവിലെ സാമ്പത്തികപ്രയാസമാണ് ഇത് ചെയ്യിപ്പിച്ചത്.''

ഇതൊരുപക്ഷേ, ഒറ്റപ്പെട്ട സംഭവമാകാം. എന്നാല്‍ തട്ടിപ്പിനിരയാകുന്നവര്‍ ഇന്ന് നിരവധിയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ കള്ളന്‍മാരുടെ ഗ്രാമമായ 'തിരിട്ടുഗ്രാമ'ത്തിന് സമാനമായ ഒരു സ്ഥലം രൂപപ്പെട്ടുകൊണ്ടിരിക്കയാണ്.

2021 മുതല്‍ 2022 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ 126 സൈബര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ കൂടുതലും പണം തട്ടിപ്പ് കേസുകളാണ്. പരാതിപ്പെടാത്ത കേസുകള്‍ ഇതിനേക്കാള്‍ കൂടും.

എത്ര കിട്ടിയാലും പാഠം പഠിക്കാത്ത മലയാളികളെ തട്ടിപ്പിനിരയാക്കാന്‍ പല രൂപത്തിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ തട്ടിപ്പുകാര്‍ പിടിമുറുക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിനിടയിലും തട്ടിപ്പുകള്‍ വ്യാപകമാണ്. കുറ്റിപ്പുറത്ത് ഒരു യുവാവ് ഓണ്‍ലൈന്‍ വഴി സാധനം ഓര്‍ഡര്‍ ചെയ്തു. ഒരാഴ്ചയ്ക്കകം സാധനം കൈയില്‍ കിട്ടി. രണ്ട് ദിവസത്തിനുശേഷം ഒഡിഷയില്‍ നിന്ന് ഒരു ഫോണ്‍വിളിയെത്തി. സൈറ്റ് നിങ്ങളെ ഭാഗ്യശാലിയായി തിരഞ്ഞെടുത്തിരിക്കുന്നു, 25 ലക്ഷം രൂപ വിലയുള്ള കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് തുകയായ 25000 രൂപ അയച്ചുകൊടുത്താല്‍ മൂന്ന് ദിവസത്തിനുള്ളില്‍ കാര്‍ വീട്ടിലെത്തുമെന്നായിരുന്നു അറിയിപ്പ്. സംശയം തോന്നിയ യുവാവ് പൈസ നല്‍കാത്തതുകൊണ്ടുമാത്രം രക്ഷപ്പെട്ടു. ഉപയോഗിച്ച സാധനങ്ങള്‍ വില്‍പ്പന നടത്താനുള്ള ഒ.എല്‍.എക്സിലും തട്ടിപ്പുകള്‍ വ്യാപകമാണ്. കുറഞ്ഞ വില കാണിച്ച് ആവശ്യക്കാരെ കണ്ടെത്തി മുന്‍കൂര്‍ തുക ആവശ്യപ്പെട്ടാണ് ഇത്തരം സൈറ്റുകളില്‍ തട്ടിപ്പുകള്‍ നടക്കുന്നത്. ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളുമുണ്ട്. ഡാറ്റാ എന്‍ട്രി ജോലിക്ക് സെക്യൂരിറ്റി തുകയായി ആയിരവും പതിനായിരവും അയച്ചുകൊടുക്കാന്‍ പറയും. ഒരു മാസം കഴിഞ്ഞാലും ജോലി കിട്ടില്ല, പണം ആവശ്യപ്പെട്ടവരെ വിളിക്കാനും പറ്റില്ല. മറ്റുള്ളവര്‍ അറിഞ്ഞാലുള്ള നാണക്കേടോര്‍ത്ത് പലപ്പോഴും തട്ടിപ്പിനിരയായവര്‍ പുറത്തുപറയാന്‍ മടിക്കും. ഇത് വീണ്ടും തട്ടിപ്പിന് വഴിയൊരുക്കുകയാണ്.

കരുതലാകാം...
1. തട്ടിപ്പ് സ്വഭാവമുള്ള മെയിലുകളും ലിങ്കുകളും തുറക്കാതെത്തന്നെ ഡിലീറ്റ് ചെയ്യുക.

2. തട്ടിപ്പിനിരയായാൽ ഉടൻ പോലീസിൽ പരാതിപ്പെടുക.

3. അനാവശ്യ ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യാതിരിക്കുക.

4. അക്കൗണ്ട് വിവരങ്ങൾ പങ്കുവെയ്ക്കാതിരിക്കുക.

5. അറിയാത്ത പ്രൊഫൈലുകളിൽനിന്ന് വരുന്ന സന്ദേശങ്ങളെ അവഗണിക്കുകയോ ബ്ലോക്ക് ചെയ്യുകയോ വേണം.

ലോണ്‍ വേണോ... ലോണ്‍

വായ്പ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകളാണ് ഇപ്പോള്‍ മുന്‍പന്തിയിലുള്ളത്. വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലുമെല്ലാം ഇവ ധാരാളമായി കാണാം. കുറഞ്ഞ പലിശയില്‍ രേഖകളൊന്നും ഇല്ലാതെ ഉടനടി പണം നല്‍കും എന്ന മോഹനവാഗ്ദാനത്തില്‍ വീണുപോകുന്നവരാണ് ഏറെയും. വായ്പ നേടാന്‍ പ്രോസസിങ് ഫീസായി അയ്യായിരമോ മൂവ്വായിരമോ ആവശ്യപ്പെടും. ആ പണം അയച്ചുകഴിഞ്ഞാല്‍ പിന്നെ ഫോണ്‍ സ്വിച്ച് ഓഫ്. ചില തട്ടിപ്പുകള്‍ അവിടെ തീരും. ലഭിച്ച തുകയുടെ മൂന്നിരട്ടി അടച്ചാലും നിരന്തരമുള്ള ഭീഷണിപ്പെടുത്തലും അപകീര്‍ത്തിപ്പെടുത്തുമെന്ന സന്ദേശവുമെല്ലാം അയക്കുന്ന തട്ടിപ്പുകളുമുണ്ട്. വലിയ തുക സമ്മാനമടിച്ചു എന്ന കുറിപ്പോടെ എത്തുന്ന സന്ദേശങ്ങളും ഇപ്പോള്‍ നിത്യസംഭവമാണ്.

എങ്ങുമെത്താത്ത അന്വേഷണങ്ങള്‍

പരാതികളില്‍ അന്വേഷണം തുടങ്ങുമെങ്കിലും പലപ്പോഴും പാതിവഴിയില്‍ നിലയ്ക്കും. വ്യാജ നമ്പറുകള്‍ ഉപയോഗിച്ച് മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍നിന്നുമാണ് തട്ടിപ്പുസംഘങ്ങള്‍ സന്ദേശങ്ങളയക്കുന്നത്. ഇത് കണ്ടെത്തുന്നത് പ്രയാസകരമാണ്. പല കേസുകളിലും ഇതരസംസ്ഥാനങ്ങളിലെ പോലീസിന്റെ സഹായവും വേണ്ടിവരും.

ജാഗ്രത വേണം

സാമൂഹികമാധ്യമങ്ങളില്‍ പൊതുഇടങ്ങളില്‍ കാണിക്കുന്നപോലുള്ള ജാഗ്രത പുലര്‍ത്തണം. വ്യക്തിനിയമങ്ങള്‍ ശക്തിപ്പെടുത്തണം. ഇത്തരം കേസുകളില്‍ പിടികൂടുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം.

ജോസഫ് സി. മാത്യു (മുന്‍ ഐ.ടി. ഉപദേഷ്ടാവ് )

Content Highlights: Online fraud is rampant-malayalee


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented