വിദേശത്തെ യുവാവുമായി സൗഹൃദം, ഒടുവില്‍ സമ്മാനവും; തൊടുപുഴയിലെ അധ്യാപികയ്ക്ക് നഷ്ടം 12 ലക്ഷം


വി.എസ്. അസ്ഹറുദ്ദീന്‍

പ്രതീകാത്മക ചിത്രം | Photo: Kevin Frayer/ Getty Images

ഇടുക്കി: തൊടുപുഴ സ്വദേശിനിയായ അധ്യാപികയെ കള്ളക്കടത്ത് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണയായി തട്ടിയെടുത്തത് 12 ലക്ഷത്തോളം രൂപ. സാമൂഹികമാധ്യമത്തില്‍ വിദേശത്തുള്ള യുവാവുമായി സ്ഥാപിച്ച സൗഹൃദമാണ് അധ്യാപികയ്ക്ക് വിനയായത്. സൗഹൃദം ശക്തമായതോടെ സമ്മാനങ്ങള്‍ അയച്ചു നല്‍കാന്‍ വിദേശിയായ യുവാവ് തയ്യാറായി. സമ്മാനങ്ങള്‍ അയച്ചശേഷം എയര്‍പോര്‍ട്ട് കസ്റ്റംസ് വിഭാഗത്തില്‍ നിന്നെന്ന വ്യാജേന ഫോണ്‍ വന്നു. സമ്മാനങ്ങള്‍ എത്തിയതിന് കസ്റ്റംസ് ഡ്യൂട്ടിയായി അഞ്ച് ലക്ഷം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പണം അടച്ചതോടെ ഡ്യൂട്ടി അടച്ചാല്‍ മാത്രം പോര കള്ളക്കടത്തിന് കേസെടുക്കും എന്നായി ഭീഷണി. ഇതോടെ മാനസ്സികമായി തകര്‍ന്ന അധ്യാപിക കേസ് ഒഴിവാക്കാന്‍ കൂടുതല്‍ തുക നല്‍കുകയായിരുന്നു. ഇങ്ങിനെ 12 ലക്ഷം രൂപയോളം നഷ്ടമായതോടെ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസ്സിലായത്. സൈബര്‍ സെല്‍ കേസ് അന്വേഷിച്ച് വരികയാണ്.

ഇന്റര്‍പോളെന്നപേരില്‍ നഴ്‌സില്‍ നിന്ന് 18 ലക്ഷം തട്ടി

നഴ്‌സിങ് പാസായി വിദേശത്ത് പോകാന്‍ ഒ.ഇ.ടി. കോഴ്‌സ് പഠിക്കാന്‍ ചേര്‍ന്ന യുവതിക്ക് സൈബര്‍ തട്ടിപ്പിന് ഇരയായി 18 ലക്ഷം രൂപയാണ് നഷ്ടമായത്. പരിശീലന കേന്ദ്രത്തിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും നമ്പര്‍ മനസ്സിലാക്കിയ തട്ടിപ്പ് സംഘം ഒ.ഇ.ടി. പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ത്തി തരാം എന്നുപറഞ്ഞ് യുവതിയെ ബന്ധപ്പെട്ടു. ചോദ്യപ്പേപ്പറിനായി വന്‍ തുക കൈക്കലാക്കിയ സംഘം പിന്നീട് വിളിച്ചത് എയര്‍പോര്‍ട്ടില്‍ എത്തിയ ചോദ്യപ്പേപ്പര്‍ അധികൃതര്‍ പിടികൂടി എന്നറിയിക്കാനാണ്. കേസ് ഒഴിവാക്കാനായി വീണ്ടും തട്ടിപ്പുകാര്‍ പറഞ്ഞ അക്കൗണ്ടില്‍ പണം അയച്ച് നല്‍കി. പണം നല്‍കിയതിന് പിന്നാലെ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതിന് ഇന്റര്‍പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അറസ്റ്റ് ഉണ്ടാവുമെന്നും ഭയപ്പെടുത്തി കൂടുതല്‍ പണം വാങ്ങി. 18 ലക്ഷം രൂപ നഷ്ടമായ വിവരം യുവതിയുടെ സുഹൃത്തുക്കള്‍ അറിഞ്ഞതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കെ.വൈ.സി.അപ്‌ഡേഷന്‍

ബാങ്കുകള്‍ തങ്ങളുടെ ഉപഭോക്താക്കളോട് കെ.വൈ.സി. (ഉപഭോക്താവിന്റെ കൃത്യമായ വിവരങ്ങള്‍) കൈമാറാന്‍ ആവശ്യപ്പെടാറുണ്ട്. ഇത് മറയാക്കിയും തട്ടിപ്പുകള്‍ വ്യാപകമാണ്. ബാങ്കില്‍ നിന്ന് എന്ന വ്യാജേന ഫോണ്‍ വിളിച്ചശേഷം അക്കൗണ്ട് നമ്പരും, പാസ് വേര്‍ഡും, ഒ.ടി.പി. (ഒറ്റത്തവണ പാസ് വേര്‍ഡ്), എ.ടി.എം.കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ കൈമാറാന്‍ ആവശ്യപ്പെടും. ഇത്തരം വിവരങ്ങള്‍ ഫോണിലൂടെ കൈമാറിയ പലര്‍ക്കും അക്കൗണ്ടിലുള്ള വന്‍ തുകകളാണ് നഷ്ടമായത്. എ.ടി.എം.കാര്‍ഡ് ഇറങ്ങിയ സമയത്ത് ഉപഭോക്താക്കളുടെ അജ്ഞത മറയാക്കി പ്രാദേശിക തട്ടിപ്പ് സംഘങ്ങള്‍ പണം തട്ടിയിരുന്നെങ്കില്‍ ഇന്ന് അക്കൗണ്ടിലെ പണം തട്ടുന്ന ഹൈടെക് സംഘങ്ങള്‍ സജീവമാണ്. പാസ് വേര്‍ഡും ഒ.ടി.പി.യും ആവശ്യപ്പെട്ട് ബാങ്കില്‍ നിന്നും ഉപഭോക്താക്കളെ ഫോണ്‍ ചെയ്യാറില്ലെന്നും ഇങ്ങിനെയുള്ള ഫോണ്‍ വിളികളോട് പ്രതികരിക്കരുതെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.

വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുമെന്ന് കാണിച്ചും തട്ടിപ്പ്

കെ.എസ്.ഇ.ബി.യില്‍ നിന്നെന്ന വ്യാജേന എസ്.എം.എസ്.അയച്ചും ഫോണ്‍ ചെയ്തും പണം തട്ടുന്നതും പതിവായിട്ടുണ്ട്. ഉടന്‍ പണം അടച്ചില്ലെങ്കില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പു സംഘങ്ങള്‍ തരുന്ന അക്കൗണ്ടിലേക്ക് പണം അടച്ചശേഷമാണ് പലര്‍ക്കും തട്ടിപ്പ് മനസ്സിലായത്. ചെറിയ തുകകളാണ് നഷ്ടപ്പെട്ടത് എന്നതിനാല്‍ പലരും പരാതിപ്പെടാന്‍ തയാറായിട്ടില്ല. ബില്‍ കുടിശ്ശികയുള്ളവരെ വൈദ്യുതി ബോര്‍ഡ് അധികൃതരും ബന്ധപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ഫോണ്‍ വിളികളൊ എസ്.എം.എസ്. സന്ദേശങ്ങളൊ ലഭിച്ചാല്‍ കെ.എസ്.ഇ.ബി.യില്‍ വിളിച്ച് ആധികാരികത ഉറപ്പു വരുത്തണം.

Content Highlights: online fraud cyber cases in idukki


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented