അജറുദ്ദീൻ അൻസാരി
ശ്രീകണ്ഠപുരം(കണ്ണൂര്‍): ഓണ്‍ലൈനില്‍ ചുരിദാര്‍ ബുക്ക് ചെയ്ത യുവതിയുടെ ഒരുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍. രഘുവാഡിയ വില്ലേജിലെ അജറുദ്ദീന്‍ അന്‍സാരിയെ (28) ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവര്‍ഷം നവംബറിലാണ് ഓണ്‍ലൈനിലൂടെ ചുരിദാര്‍ ബുക്ക് ചെയ്ത കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ ചെല്ലട്ടന്‍ വീട്ടില്‍ രജനയുടെ ഒരുലക്ഷം രൂപ നഷ്ടമായത്.ഫെയ്സ്ബുക്കില്‍ പരസ്യം കണ്ടതിനെ തുടര്‍ന്ന് സിലൂറി ഫാഷന്‍ എന്ന സ്ഥാപനത്തിലേക്ക് രജന ഓണ്‍ലൈന്‍ വഴി 299 രൂപയാണ് അയച്ചത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ചുരിദാര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പരസ്യത്തില്‍ കണ്ട സ്ഥാപനത്തിന്റെ നമ്പറിലേക്ക് വിളിച്ചു. വിലാസം ഉറപ്പാക്കുന്നതിനായി ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ഫോണില്‍നിന്ന് കമ്പനിയുടെ നമ്പറിലേക്ക് സന്ദേശം അയക്കാന്‍ പറഞ്ഞു. പണം അയച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെട്ടു. ഇതെല്ലാം ഉള്‍പ്പെടുത്തി സന്ദേശമയക്കുകയും ഒ.ടി.പി. നമ്പര്‍ പറഞ്ഞുകൊടുക്കുകയും ചെയ്തതോടെയാണ് രജനയുടെ ശ്രീകണ്ഠപുരം എസ്.ബി.ഐ. അക്കൗണ്ടില്‍നിന്ന് ആറുതവണയായി പണം നഷ്ടപ്പെട്ടത്.
തളിപ്പറമ്പ് ഡിവൈ.എസ്.പി.യായിരുന്ന ടി.കെ. രത്നകുമാര്‍, ശ്രീകണ്ഠപുരം സി.ഐ. ഇ.പി. സുരേശന് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അന്‍സാരി തട്ടിപ്പിന് ഉപയോഗിച്ച നമ്പറില്‍നിന്ന് ഒരുതവണ പിതാവിനെ വിളിച്ചിരുന്നു. ഇത് പിന്തുടര്ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്.
ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സി.പി. സജിമോന്‍, സീനിയര്‍ സി.പി.ഒ. പി.വി. രതീഷ്, സി.പി.ഒ. കെ.എ. ശിവപ്രസാദ് എന്നിവരാണ് ജാര്‍ഖണ്ഡിലെത്തി പ്രതിയെ പിടികൂടിയത്. സമാനരീതിയിലുള്ള തട്ടിപ്പ് ഇയാള്‍ നിരവധി തവണ നടത്തിയിട്ടുണ്ടെന്നും നേരത്തെ ഒരുതവണ പിടിയിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
Content Highlights: online churidar sales fraud accused arrested by police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..