കൊല്ലപ്പെട്ട ധീരജ്, കേസിലെ മുഖ്യപ്രതി നിഖിൽ പൈലി
ചെറുതോണി: 2022 ജനുവരി 10. ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ എല്ലാവരും യൂണിയന് തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന വാര്‍ത്തയറിഞ്ഞത്. മൂന്ന് സഹപാഠികള്‍ക്ക് കുത്തേറ്റിരിക്കുന്നു. ഒരാള്‍ കൊല്ലപ്പെട്ടു. കാമ്പസിന്റെ പ്രിയപ്പെട്ട പാട്ടുകാരന് ധീരജാണ് കൊലക്കത്തിക്ക് ഇരയായതെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും വിങ്ങിപ്പൊട്ടി.
ഇടുക്കി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായ കണ്ണൂര്‍ തളിപ്പറമ്പ് പാലക്കുളങ്ങര ആതിരനിവാസില്‍ (അദ്വൈതം) ധീരജ് രാജേന്ദ്രന് (21) കുത്തേറ്റ് മരിച്ചിട്ട് വ്യാഴാഴ്ച ഒരുവര്‍ഷം തികയുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി ഉള്‍പ്പെടെയുള്ളവരായിരുന്നു പ്രതികള്‍,
എന്‍ജിനീയറിങ് കോളേജില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ 2022 ജനുവരി 10-നാണ് എസ്.എഫ്.ഐ. പ്രവര്ത്തകന് ധീരജ് രാജേന്ദ്രന് കുത്തേറ്റ് മരിച്ചത്. കോളേജ് യൂണിയന് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു മണിക്ക് പോളിങ് കഴിഞ്ഞശേഷം കുട്ടികള്‍ ഉച്ചഭക്ഷണത്തിനു പിരിയുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
തൃശ്ശൂര്‍ സ്വദേശി അഭിജിത്ത് ടി.സുനില്‍, കൊല്ലം സ്വദേശി പുണര്‍തം വീട്ടില്‍ എ.എസ്. അമല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അന്നുതന്നെ പ്രധാന പ്രതിയായ നിഖില്‍ പൈലിയെ അറസ്റ്റുചെയ്തു. ഇയാള്‍ ഉള്‍പ്പെടെ എട്ട് പ്രതികളുണ്ടായിരുന്നു,
കൊലപാതകം നടന്ന് 80-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രധാന തൊണ്ടിയായ കൊല നടത്താനുപയോഗിച്ച കത്തി കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.
നിഖില്‍ പൈലി, ജെറിന് ജോജോ, ജിതിന് ഉപ്പുമാക്കല്‍, ടോണി തേക്കിലക്കാടന്‍, നിതിന്‍ ലൂക്കോസ്, സോയിമോന്‍ സണ്ണി, ജസിന് ജോയി, അലന് ബോബി എന്നിവരാണ് പ്രതികള്‍. നിലവില്‍ ഇവരെല്ലാം ജാമ്യത്തിലാണ്.
ധീരജ് രക്തസാക്ഷിത്വ ദിനാചരണം
ധീരജ് രാജേന്ദ്രന്റെ ഒന്നാം രക്തസാക്ഷിത്വ ദിനാചരണം ചൊവ്വാഴ്ച വൈകീട്ട് ചെറുതോണിയില്‍ വ്യവസായ, നിയമവകുപ്പു മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് ബഹുജനറാലിയും നടക്കും.
Content Highlights: one year of idukki dheeraj murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..