മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ കുളത്തിൽ പ്രതി സുരേഷ് ഉപേക്ഷിച്ച പന്നിയെ കെണിവെയ്ക്കാനുപയോഗിച്ച കമ്പികളും മരക്കഷ്ണവും കണ്ടെടുത്തപ്പോൾ
പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി. രണ്ട് ബറ്റാലിയന് ക്യാമ്പിലെ രണ്ട് പോലീസുകാരുടെ ദുരൂഹമരണം സേനയെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കിയത്. ഷോക്കേറ്റാകാം മരണമെന്ന് പോലീസ് നിഗമനത്തിലെത്തിയെങ്കിലും അതിനുള്ള സാഹചര്യങ്ങളോ സാധ്യതകളോ കണ്ടെത്താനാവാത്തത് പോലീസിനെ കുഴപ്പിച്ചിരുന്നു. പന്നിക്ക് കെണിവെക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണമാണ് പോലീസിനെ സുരേഷിലേക്കെത്തിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ, സ്ഥലംവിട്ട സുരേഷിനെ ചിറ്റൂരില്‍നിന്ന് വ്യാഴാഴ്ച വൈകുന്നേരത്തോടെ തന്നെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ സുരേഷ് കുറ്റം സമ്മതിച്ചു.
പന്നിയെ പിടികൂടാന്‍വെച്ച കെണിയാണെന്നും പോലീസുകാരുടെ മരണം പ്രതീക്ഷിച്ചതല്ലെന്നും സുരേഷ് മൊഴിനല്‍കി. തുടര്‍ന്ന്, കാര്യങ്ങള്‍ വിശദീകരിച്ചു. ഏതെങ്കിലും സഹായികളുണ്ടായിരുന്നോ, ചെളിനിറഞ്ഞ പാടവരമ്പിലൂടെ ഒരാള്‍ക്ക് ഉന്തുവണ്ടിയില്‍ മൃതദേഹം അരക്കിലോമീറ്ററിലധികം കൊണ്ടുപോകാനാവുമോ തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. മരിച്ച പോലീസുകാരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ഇപ്പോഴും തിരിച്ചുകിട്ടിയിട്ടില്ല. ഇതെവിടെയാണെന്നും കണ്ടെത്തേണ്ടതുണ്ട്.
ഹേമാംബികനഗര്‍ ഇന്‍സ്പെക്ടര്‍ എ.സി. വിപിന്‍, എസ്.ഐ. മധുബാലകൃഷ്ണന്, ജി.എസ്.ഐ. കെ. ശിവചന്ദ്രന്, എ.എസ്.ഐ. രാധാകൃഷ്ണന്, എസ്.സി.പി.ഒ. പ്രമോദ്, സി.പി.ഒ. സി.എന്‍. ബിജു, ഗ്ലോറിസണ്‍, രാജേഷ് ഖന്ന എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
തെല്ലുംകൂസാതെ സുരേഷിന്റെ കുറ്റസമ്മതം; വിശ്വസിക്കാനാവാതെ നാട്ടുകാര്‍
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് തെളിവെടുപ്പിനായി സുരേഷിനെ വാര്‍ക്കാട് തോട്ടക്കര വീട്ടിലെത്തിച്ചത്. സംഭവം വിശ്വസിക്കാനാവാതെ കനത്ത മഴയത്തും നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. തെല്ലും കൂസലോ ഭയമോ ഇല്ലാതെയായിരുന്നു സുരേഷിന്റെ കുറ്റസമ്മതം. മൃതദേഹങ്ങള്‍ എടുത്തുമാറ്റാന്‍ ഉപയോഗിച്ചിരുന്ന ഇരുമ്പിന്റെ ഉന്തുവണ്ടി സുരേഷ് പോലീസിന് കാണിച്ചുകൊടുത്തു.
വീടിന്റെ വലതുവശത്തുള്ള പറമ്പിലെ മരച്ചുവട്ടിലായിരുന്നു വണ്ടി സൂക്ഷിച്ചിരുന്നത്. വീടിന്റെ പിറകിലുള്ള വിറകുപുരയില്‍നിന്ന് കണക്ഷന് നല്കാന് ഉപയോഗിച്ച വയറും കണ്ടെടുത്തു. വിറകുപുരയുടെ തട്ടിന്‍പുറത്ത് സൂക്ഷിച്ചിരുന്ന വയര്‍ സുരേഷ് തന്നെയാണ് പോലീസിന് കാണിച്ചുകൊടുത്തത്. തുടര്‍ന്ന്, ക്യാമ്പിലെ ചുറ്റുമതിലിനടുത്ത് കെണിവെച്ച സ്ഥലവും പ്രതി കാണിച്ചുകൊടുത്തു. മരക്കമ്പുകുറ്റികളില് ഇരുമ്പ് കമ്പികള്‍ കെട്ടിവെച്ചാണ് കെണി നിര്‍മിച്ചിരിക്കുന്നത്. വാഴത്തോട്ടത്തോട് ചേര്‍ന്നുള്ള മതിലിലും മരത്തിലുമായാണ് കെണിവെച്ചത്.
സംഭവശേഷം മുട്ടിക്കുളങ്ങര ക്യാമ്പിനകത്തുള്ള പഴയ കുളത്തിലാണ് സുരേഷ് മരക്കുറ്റികളും ഇരുമ്പ് കമ്പിയുമുള്ള കെണി ഉപേക്ഷിച്ചത്. വീടിന്റെ മതിലിനപ്പുറത്തുനിന്ന് പ്രതി, ക്യാമ്പിലെ കുളത്തിലേക്ക് കമ്പിക്കെട്ടുകള്‍ വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ക്യാമ്പിനകത്തെ കുളത്തില്‍ നടത്തിയ തെളിവെടുപ്പില്‍ മൂന്നുകെട്ട് കന്പികളും കണ്ടെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..