പ്രതീകാത്മകചിത്രം|Photo: Mathrubhumi
കോഴിക്കോട്: സ്വകാര്യഭാഗത്ത് അതിമാരകമായി പരിക്കേറ്റ ഒന്നര വയസ്സുകാരി മെഡിക്കല്‍കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ഗുരുതരാവസ്ഥയില്‍. 22-ന് കുട്ടിയുടെ പന്നിയങ്കര സ്വദേശിയായ മാതാവും അവരുടെ അമ്മയുമാണ് കുട്ടിയെ രാത്രിയോടെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ പിതാവ് മൈസൂരിലാണെന്ന് ഇവര്‍ പറയുന്നു.
പരിക്കേറ്റതിന്റെ ഫലമായ ആന്തരികാവയങ്ങള്‍ തകര്‍ന്നുപോയതിനാല്‍ അടിയന്തരമായി ശസ്ത്രക്രിയ നടത്തി. കുടലിലും മലദ്വാരത്തിനുംവരെ പരിക്കേറ്റിട്ടുണ്ട്. കൊളോസ്റ്റമി ശസ്ത്രക്രിയയ്ക്ക് വിധേയയായ കുട്ടി പീഡിയാട്രിക് ഐ.സി.യു.വില്‍ ചികിത്സയിലാണ്.
സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും പരാതിയില്ലെന്നുമാണ് വീട്ടുകാരുടെ നിലപാട്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ തന്നെ പന്നിയങ്കര പോലീസിലേക്ക് വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ രണ്ടുതവണ റിപ്പോര്‍ട്ടു ചെയ്‌തെങ്കിലും പോലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപമുണ്ട്.
കുട്ടിയുടെ സ്വകാര്യഭാഗത്ത് നിന്നുള്ള വിവിധ സാംപിളുകള്‍ ശേഖരിച്ചുവച്ചിട്ടുണ്ട്. എന്നാല്‍, ഈ സാംപിളുകള്‍ 72 മണിക്കൂറിനുള്ളില്‍ കെമിക്കല്‍ പരിശോധനയ്ക്കായി ലാബിലെത്തിക്കേണ്ട പോലീസ് ഇത് സ്വീകരിച്ചിട്ടില്ല. സാംപിളുകള്‍ സമയത്ത് ലാബില്‍ എത്തിച്ചില്ലെങ്കില്‍ നഷ്ടപ്പെടുന്നത് സുപ്രധാനമായ തെളിവുകളാണ്. ശിശുക്ഷേമ സമിതി (സി.ഡബ്‌ള്യു.സി.) യിലേക്ക് വിവരം കൈമാറിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചതായും അതേസമയം, തങ്ങളും സി.ഡബ്‌ള്യുയു.സി. യെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
എന്നാല്‍, കുട്ടിയുടെ ബന്ധുക്കളുടെയും ബന്ധപ്പെട്ട എല്ലാവരുടെയും മൊഴിയെടുത്തതായി പന്നിയങ്കര പോലീസ് അറിയിച്ചു. കേസെടുക്കാന്‍ തക്കതായ ഒന്നും കണ്ടെത്തിയിട്ടില്ല. മെഡിക്കല്‍കോളേജ് അധികൃതരെ എല്ലാ വിവരങ്ങളും ധരിപ്പിച്ചിട്ടുണ്ട്. അവര്‍ എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ അറിയിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Content Highlights: one and half year old girl fatally injured in private part


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..