പരിക്കേറ്റ കാർത്യായനി ആസ്പത്രിയിൽ, അബ്ദുൾ ജബ്ബാർ
തളിപ്പറമ്പ്: കുറുമാത്തൂര്‍ കീരിയാട്ടെ തളിയന്‍ കാര്‍ത്യായനിയെ (73) തലയില്‍ ചുറ്റികകൊണ്ടടിച്ചു വീഴ്ത്തി മൂന്നരപ്പവന്‍ മാല കവര്‍ന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.
വളക്കൈയിലെ മുക്കാടത്ത് അബ്ദുള്‍ ജബ്ബാറിനെയാണ് (51) പോലീസ് അറസ്റ്റ് ചെയ്തത്. മരുന്ന് വില്‍പ്പനയ്ക്കെന്ന വ്യാജേനയാണ് ഇയാള്‍ വീട്ടിലെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
ഈ സമയം കാര്‍ത്യായനി വീട്ടില്‍ തനിച്ചായിരുന്നു. ശരീരവേദനയ്ക്കുള്ള മരുന്നുകളുമായെത്തിയ ജബ്ബാര്‍ കുടിവെള്ളം ചോദിച്ചു. വെള്ളമെടുക്കാന്‍ അകത്തുചെന്നപ്പോഴാണ് പിറകെ പോയി തലക്കടിച്ചുവീഴ്ത്തിയത്. വൈകിട്ട് മകന് സജീവന് വീട്ടിലെത്തിയപ്പോഴാണ് പരിക്കേറ്റ് കിടക്കുന്ന കാര്‍ത്യായനിയെ കണ്ടത്. ഉടന്‍ തളിപ്പറമ്പ് സഹകരണ ആസ്പത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയിലും പ്രവേശിപ്പിച്ചു. തലയില്‍ മുപ്പതിലേറെ തുന്നിക്കെട്ട് വേണ്ടിവന്നു.
വെള്ളിയാഴ്ച രാവിലെ വീട്ടില്‍വെച്ച് അറസ്റ്റിലായ ഇയാള്‍ ചോദ്യംചെയ്യലില്‍ കുറ്റംസമ്മതിച്ചതായി അന്വേഷണസംഘം പറഞ്ഞു.
തലയ്ക്കടിച്ച ചുറ്റിക സമീപത്തെ കടയില്നിന്നാണെടുത്തത്. നേരത്തേതന്നെ വീട് കണ്ടുവെച്ചിരുന്നു. അക്രമത്തിനുശേഷം തളിപ്പറമ്പിലെത്തി ആഭരണം ഒരു കടയില്‍ വിറ്റു. വിദേശത്ത് ജോലിചെയ്ത ജബ്ബാറിന് ഇപ്പോള്‍ സാമ്പത്തികബുദ്ധിമുട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ രാവിലെ കീരിയാട്ടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. വെള്ളിയാഴ്ച രാവിലെ വിരലടയാള വിദഗ്ധരെത്തിയും തെളിവെടുത്തു.
ഫോട്ടോ കണ്ട് പ്രതിയെ തിരിച്ചറിഞ്ഞു
വീട്ടില്‍ക്കയറി എഴുപത്തിമൂന്നുകാരിയെ തലയ്ക്കടിച്ചുവീഴ്ത്തി മാല കവര്‍ന്ന കേസില്‍ മണിക്കൂറുകള്‍ക്കകം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്‍സ്പെക്ടര്‍ എ.വി.ദിനേശന്, എസ്.ഐ. പി.സി.സഞ്ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം പോലീസുകാരുടെ ശ്രമഫലമായാണ് ജബ്ബാറിനെ പെട്ടെന്ന് പിടികൂടാനായത്.
കേസന്വേഷണത്തിന്റെ ഭാഗമായി റോഡരികിലെയും മറ്റും മുപ്പതോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രദേശത്തുകാരായ അന്‍പതോളം പേരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ചിലരെ ചോദ്യംചെയ്തു. വീടുകള്‍ കയറിയും പോലീസ് വിവരങ്ങള്‍ തേടി. സി.സി.ടി.വി. ദൃശ്യങ്ങളില്നിന്നൊന്നും ചിത്രങ്ങള്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് ആളുകളുടെ ഫോട്ടോകള്‍ ശേഖരിച്ച് കാര്‍ത്യായനിയെ കാണിച്ചു. ഇത്തരമൊരു നീക്കമാണ് പോലീസിന് തുണയായത്.
ആസ്പത്രി കിടക്കയിലായിരുന്ന പരാതിക്കാരിയെ മൊബൈല്‍ ഫോണ്‍ വഴിയാണ് ചിത്രങ്ങള്‍ കാണിച്ചത്. പോലീസ് പിടിയിലായിട്ടും പ്രതി കവര്‍ച്ച നടത്തിയത് അംഗീകരിച്ചില്ല. ചില തെളിവുകള്‍ കൂടി നല്‍കിയപ്പോഴാണ് കുറ്റം സമ്മതിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ ചിലര്‍ ക്ഷുഭിതരായി കൈയേറ്റത്തിന് ശ്രമിച്ചു. പോലീസ് അവരെ അകറ്റിനിര്‍ത്തി. പ്രതിയെ തളിപ്പറമ്പ് കോടതി റിമാന്റ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..