ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല


തൊട്ടടുത്ത വീട്ടിലെ പ്രായമായ സ്ത്രീയുമായി വഴക്കുണ്ടായതായി ആദം അലി ഞായറാഴ്ച ഉച്ചയ്ക്കു ശേഷം സഹപ്രവർത്തകരോടു പറഞ്ഞിരുന്നു. ദേഷ്യം വന്ന് താൻ ആ സ്ത്രീയെ തല്ലിയെന്നും ആദം അവരോടു പറഞ്ഞതായി കൂടെയുണ്ടായിരുന്നവർ പോലീസിനു മൊഴികൊടുത്തിട്ടുണ്ട്.

മനോരമയുടെ ഭർത്താവ് ദിനരാജ്, കേശവദാസപുരത്ത് കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റുന്നു, ഇൻസൈറ്റിൽ മനോരമ

തിരുവനന്തപുരം: പട്ടാപ്പകൽ മനോരമയെന്ന വയോധികയെ കൊലപ്പെടുത്തിയത് ആസൂത്രിതമായ നീക്കത്തിനൊടുവിൽ. തൊട്ടടുത്ത വീട്ടിൽ പണിചെയ്തിരുന്ന അയൽസംസ്ഥാന തൊഴിലാളിയാണ് ക്രൂരമായ കൊലപാതകത്തിനു പിന്നിലെന്നാണ്‌ പോലീസ് നിഗമനം. കഴിഞ്ഞ ഒരു വർഷമായി പണിനടക്കുന്ന രക്ഷാപുരി റോഡിലെ വീട്ടിൽ മാറിമാറി വരുന്ന തൊഴിലാളികളാണ് ജോലിക്കെത്തിയിരുന്നത്. ഇവരിൽ ഒന്നുരണ്ടു പേർ കഴിഞ്ഞ കുറച്ചുദിവസമായി രാത്രിയിൽ മനോരമയുടെ വീടിനു സമീപത്തു നിന്ന് ഫോൺ ചെയ്യുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഭർത്താവ് ദിനരാജ് സ്ഥലത്തില്ലാത്തത് ഉറപ്പാക്കിയാണ് അക്രമി വീടിനുള്ളിലെത്തിയത്.

അഞ്ചു തൊഴിലാളികളാണ് ഇവിടെ താമസിച്ചു ജോലിചെയ്തിരുന്നത്. ഇവർക്കു കുടിക്കാനും ഭക്ഷണം പാകംചെയ്യാനുമുള്ള വെള്ളം എടുത്തിരുന്നത് മനോരമയുടെ വീട്ടുമുറ്റത്തെ പൈപ്പിൽനിന്നാണ്. ഇക്കാരണംകൊണ്ട് എപ്പോഴും ഇവിടെ കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം ഇവർക്കുണ്ടായിരുന്നു. ഇതു മുതലെടുത്താണ് ആരുമില്ലാത്ത തക്കം നോക്കി ഇവരുടെ വീട്ടിലെത്തിയ കൊലപാതകി മനോരമയുടെ ജീവനെടുത്തത്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പണത്തിനു പുറമേ മനോരമ അണിഞ്ഞിരുന്ന മാലയും വളകളും കവർന്നിട്ടുണ്ട്.

• മനോരമയുടെ മൃതദേഹം കണ്ടെത്തിയ കിണർ

നിലവിളിശബ്ദം സൂചനയായി; കാലിൽ കല്ലുകെട്ടി കിണറ്റിൽ തള്ളി

തിരുവനന്തപുരം: ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മനോരമയുടെ വീട്ടിൽനിന്നു നിലവിളിശബ്ദവും ഞരക്കവും കേട്ടതായുള്ള അയൽവാസി സെയ്ബയുടെ സംശയമാണ് കൊലപാതകം പുറത്തറിയാൻ കാരണമായത്. ഇവരുടെ വീടിനടുത്തു താമസിക്കുന്ന സെയ്ബ ശബ്ദം കേട്ടെന്ന്‌ ചുറ്റമുള്ളവരോടു സൂചിപ്പിക്കുകയായിരുന്നു. എന്നാൽ, ശ്രദ്ധിച്ചപ്പോൾ മനോരമയുടെ വീട്ടിൽ സംശയാസ്പദമായ നിലയിലുള്ള ആളനക്കം കേട്ടതുമില്ല. പിന്നീടാണ് അയൽവാസികൾ വീട്ടിലെത്തി പരിശോധന നടത്തിയത്.

ഭർത്താവ് ദിനരാജിനെ നാട്ടുകാർ വിവരമറിയിച്ചു. വർക്കലയിൽനിന്ന് കേശവദാസപുരത്തേക്കു വരികയായിരുന്ന അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് വീടിനുള്ളിൽ കയറി നാട്ടുകാർ പരിശോധന നടത്തിയത്. മനോരമയെ കാണാനില്ലെന്നു വ്യക്തമായതോടെ നാട്ടുകാർതന്നെ ചുറ്റുമുള്ള പ്രദേശം മുഴുവൻ പരിശോധന നടത്തി. കാടുപിടിച്ച പറമ്പുകളിലും പൊട്ടക്കിണറ്റിലും സമീപത്തെ വയലിലും തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.

വൈകീട്ടോടുകൂടി മെഡിക്കൽ കോളേജ് പോലീസും സ്ഥലത്തെത്തി. ഇതിനിടെ, പണിനടക്കുന്ന വീടിന്റെ ഉടമസ്ഥനും സ്ഥലത്തെത്തിയിരുന്നു. അപ്പോഴാണ് ആദം അലിയെന്ന തൊഴിലാളിയെ കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ ഇക്കാര്യം പോലീസിനെ അറിയിച്ചു. അപ്പോഴും മനോരമയെ കാണാനില്ലാത്തത് ദുരൂഹതയായി അവശേഷിച്ചു. പോലീസ് നായയും പ്രദേശത്തെത്തി തിരച്ചിൽ തുടങ്ങി. ഇതിനിടെ, പൂട്ടിക്കിടക്കുന്ന സമീപത്തെ വീട്ടുടമസ്ഥന്റെ സഹോദരനെത്തിയപ്പോൾ മൃതദേഹം കണ്ടെത്തിയ കിണറിന്റെ മൂടി തുറന്നുകിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. പിന്നാലെയാണ് അഗ്നിരക്ഷാസേന കിണറ്റിൽ പരിശോധന നടത്തിയത്.

മൃതദേഹം പുറത്തെടുത്തപ്പോൾ കാലുകളിൽ ചുടുകട്ട കെട്ടിയ നിലയിലായിരുന്നു. ഉടുത്തിരുന്ന സാരി കഴുത്തിൽ മുറുക്കിയിരുന്നു.

നഷ്ടമായത് ശനിയാഴ്ച പിൻവലിച്ച തുക

: ദിനരാജ് ശനിയാഴ്ച ബാങ്കിൽനിന്നു പിൻവലിച്ച 50,000 രൂപയാണ് കൊലപാതകി മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം ധരിച്ചിരുന്ന പാന്റ്‌സിന്റെ പോക്കറ്റിലാണ് ഈ തുക സൂക്ഷിച്ചിരുന്നത്. ഈ വസ്ത്രം മുറിയിലെ ഹാങ്ങറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കൊല നടത്തി പണം കൈക്കലാക്കിയയാൾ, വീട്ടിൽ മറ്റു നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ആദ്യം വീട്ടിലെത്തി പരിശോധന നടത്തിയ നാട്ടുകാർക്ക് അക്രമമോ മോഷണമോ നടന്നതിന്റെ സൂചനകളും ലഭിച്ചില്ല.

സൗമ്യരായ ദമ്പതിമാർ; ഞെട്ടലിൽ നാട്ടുകാർ

: വർക്കല സ്വദേശിയായ ദിനരാജും ആലപ്പുഴ സ്വദേശിനിയായ മനോരമയും 25 വർഷം മുൻപാണ് കേശവദാസപുരത്തു താമസമാക്കിയത്. കോളേജ് വിദ്യാഭ്യാസ വകുപ്പിൽനിന്നു വിരമിച്ച ഇവർ നാട്ടുകാർക്കും പ്രിയങ്കരരായിരുന്നു. എല്ലാവരോടും സൗമ്യമായാണ് മനോരമ ഇടപെട്ടിരുന്നതെന്ന് പത്രവിതരണക്കാരനായ സുശീലൻ പറഞ്ഞു. കുടിവെള്ളമുൾപ്പെടെ നൽകിയിരുന്ന വീട്ടമ്മയെയാണ് അക്രമി കൊലപ്പെടുത്തിയത്. പട്ടാപ്പകൽ നടന്ന കൊലപാതകത്തിന്റെ ഞെട്ടലിൽനിന്നു നാട്ടുകാർ മുക്തരായിട്ടില്ല. സംഭവമറിഞ്ഞ് പ്രദേശവാസികൾ മുഴുവൻ ഇവിടേക്കെത്തുകയായിരുന്നു.

രണ്ടു തല്ലുകൊടുത്തു... ഞാൻ പോകുന്നു

തൊട്ടടുത്ത വീട്ടിലെ പ്രായമായ സ്ത്രീയുമായി വഴക്കുണ്ടായതായി ആദം അലി ഞായറാഴ്ച ഉച്ചയ്ക്കു ശേഷം സഹപ്രവർത്തകരോടു പറഞ്ഞിരുന്നു. ദേഷ്യം വന്ന് താൻ ആ സ്ത്രീയെ തല്ലിയെന്നും ആദം അവരോടു പറഞ്ഞതായി കൂടെയുണ്ടായിരുന്നവർ പോലീസിനു മൊഴികൊടുത്തിട്ടുണ്ട്. ഇനി താനിവിടെ നിൽക്കുന്നില്ലെന്നു പറഞ്ഞാണ് ആദം സ്ഥലംവിട്ടത്. ഇക്കാര്യം കൂടെയുണ്ടായിരുന്നവർ കെട്ടിട ഉടമയെ അറിയിച്ചു. ഇതറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് മനോരമയെ കാണാനില്ലെന്ന വിവരം അദ്ദേഹം അറിഞ്ഞത്.

വയോധികയെ കൊന്ന് കിണറ്റിൽ തള്ളി; അയൽപക്കത്തെ മറുനാടൻ തൊഴിലാളിയെ കാണാനില്ല

തിരുവനന്തപുരം: നഗരത്തിലെ ജനവാസമേഖലയിലെ വീടിനുള്ളിൽ കയറി പട്ടാപ്പകൽ വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളി. കേശവദാസപുരം മോസ്‌ക് ലെയ്‌ൻ രക്ഷാപുരി റോഡ്, മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ(68)യാണ് ഞായറാഴ്ച പകൽ കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന പരാതിയെത്തുടർന്നു നടത്തിയ തിരച്ചിലിനിടെയാണ് രാത്രി പത്തുമണിയോടെ മൃതദേഹം കിട്ടിയത്. സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ കാലുകളിൽ കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം ലഭിച്ചത്. െകാളീജിയറ്റ് വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സൂപ്രണ്ടായി വിരമിച്ചവരാണ് മനോരമയും ഭർത്താവ് ദിനരാജും.

ഇവരുടെ വീടിനു സമീപത്തു താമസിച്ചിരുന്ന പശ്ചിമബംഗാൾ സ്വദേശി ആദം അലിയെന്ന തൊഴിലാളിയെ കാണാനില്ല. മനോരമയുടെ വീടിനു സമീപം നിർമാണത്തിലുള്ള വീടിന്റെ പണിക്കായി എത്തിയതാണിയാൾ. ഇയാളോടൊപ്പമുണ്ടായിരുന്ന നാലു പേരെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മനോരമയെ കാണാനില്ലെന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവരുടെ വീട്ടിൽനിന്ന് അസ്വാഭാവികമായ ശബ്ദം കേട്ടെന്ന് പരിസരവാസികളിൽ ചിലർ അറിയിച്ചതിനെത്തുടർന്നാണ് നാട്ടുകാർ അന്വേഷണം തുടങ്ങിയത്. മനോരമയുടെ ഭർത്താവ് ദിനരാജ് ഞായറാഴ്ച വർക്കലയിലുള്ള കുടുംബവീട്ടിൽ പോയിരിക്കുകയായിരുന്നു. തുടർന്ന് ദിനരാജിനെ നാട്ടുകാർ വിവരമറിയിച്ചു. വീട്ടുകാരെത്തി തിരച്ചിൽ നടത്തിയപ്പോൾ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ കാണാനില്ലെന്നു വ്യക്തമായി. തുടർന്ന് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.

പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീടിനടുത്തുള്ള താഴ്ചയുള്ള പ്രദേശത്തെ ആൾത്താമസമില്ലാത്ത വീടിന്റെ കിണറിന്റെ മൂടി തുറന്നുകിടക്കുന്നതു കണ്ടാണ് പരിശോധന നടത്തിയത്. രാത്രി പത്തുമണിയോടെ പാതാളക്കരണ്ടിയിറക്കി അഗ്നിരക്ഷാസേന തിരച്ചിൽ നടത്തിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ആദം അലിയടക്കമുള്ള മറുനാടൻ തൊഴിലാളികൾ കുടിക്കാനും ഭക്ഷണം പാകംചെയ്യാനും സ്ഥിരമായി മനോരമയുടെ വീട്ടിൽനിന്നാണ് വെള്ളമെടുത്തിരുന്നത്. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് അന്വേഷണം മറുനാടൻ തൊഴിലാളികളിലേക്കു നീണ്ടത്. ആദം അലി സ്ഥിരമായി ഒരു മൊബൈൽ നമ്പർ ഉപയോഗിക്കുന്നയാളല്ലെന്ന്‌ ഇയാൾക്കൊപ്പം താമസിക്കുന്നവർ പോലീസിൽ മൊഴിനൽകിയിട്ടുണ്ട്. നീലാഞ്ജനയാണ് മകൾ. മരുമകൻ: ബിനു(കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ).

Content Highlights: Old age woman murdered in kesavadasapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented