സത്യ ഖാറ
തൃശ്ശൂര്‍: ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒഡിഷയില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ തൃശ്ശൂരിലെത്തിച്ച യുവാവ് അറസ്റ്റില്‍. ഒഡിഷ സ്വദേശി സത്യ ഖാറ(20)യാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ പിടിയിലായത്. ഒരു പെണ്‍കുട്ടിക്ക് 15-ഉം രണ്ടുപേര്‍ക്ക് പതിനേഴുവയസ്സുമാണ് പ്രായം. അറസ്റ്റിലായ യുവാവിനെ ശനിയാഴ്ച വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടികളെ രാമവര്‍മപുരം ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.
വിശാഖപട്ടണം-കൊല്ലം സ്‌പെഷ്യല്‍ ട്രെയിനില്‍ വന്ന ഇവര്‍ വെള്ളിയാഴ്ച രാവിലെ 7.40-നാണ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയത്. യുവാവിനൊപ്പം മൂന്ന് പെണ്‍കുട്ടികളെ കണ്ടപ്പോഴാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ചൈല്‍ഡ് ലൈന്‍ അധികൃതരും ചോദ്യംചെയ്തത്. ആദ്യം ഇവര്‍ കേരളത്തിലേക്ക് വിനോദയാത്രയ്‌ക്കെത്തിയതാണെന്നാണ് പറഞ്ഞത്. പിന്നീട് ഓരോരുത്തരെയും വെവ്വേറെ ചോദ്യംചെയ്തതിലൂടെയാണ് ജോലി അന്വേഷിച്ച് തൃശ്ശൂരിലെത്തിയതാണെന്ന് തെളിഞ്ഞത്.
ജൂലായ് ഇരുപതിനാണ് ഇവര്‍ ഒഡിഷയിലെ കോരാപുടില്‍നിന്ന് തീവണ്ടി കയറിയത്. ഇവരെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് ആര്‍.പി.എഫ്. അധികൃതര്‍ അറിയിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ ജോളി സി. വിന്‍സെന്റ്, കോണ്‍സ്റ്റബിള്‍ ജോസഫ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..