നിമിഷപ്രിയ| Photo:Mathrubhumi news screengrab
ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ ലഭിച്ച വധശിക്ഷക്കെതിരേ പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയക്ക് അപ്പീല്‍ സമര്‍പ്പിക്കാനുള്ള സഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ബെഞ്ചിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ബന്ധുക്കളുമായി ബ്ലഡ് മണി സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിന് ഇന്ത്യന്‍ സംഘത്തിന് യാത്ര അനുമതി നല്‍കുമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. സേവ് നിമിഷ പ്രയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.
യെമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദി 2017-ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയ നല്കിയ ഹര്‍ജി യെമനിലെ അപ്പീല്‍ കോടതി തള്ളിയിരുന്നു. അപ്പീല്‍ കോടതി വിധിക്ക് എതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന് നിമിഷ പ്രിയക്ക് അവകാശമുണ്ട്. ഇതിനുള്ള സഹായം നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ തര്‍ജ്ജിമ ചെയ്യുന്നതിന് ഉള്‍പ്പെടെയുള്ള സഹായം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും കേന്ദ്രത്തിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് 2016 മുതല്‍ യെമനിലേക്ക് സഞ്ചരിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ നിമിഷ പ്രിയയുടെ ബന്ധുക്കള്‍ക്കോ, അവരുടെ ജീവന് രക്ഷിക്കാന്‍ ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങള്‍ക്കോ യെമനിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ യാത്ര വിലക്കില്‍ ഇളവ് അനുവദിച്ച് ഇന്ത്യന്‍ സംഘത്തിന് യാത്ര അനുമതി നല്‍കുമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ നിലപാടുകള്‍ രേഖപ്പെടുത്തി സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുകയും ചെയ്തു.
സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി അഭിഭാഷകന് കെ.ആര്. സുഭാഷ് ചന്ദ്രനാണ് ഹൈക്കോടതിയില്‍ ഹാജരായത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഭിഭാഷകന് അനുരാഗ് അലുവാലിയയും ഹാജരായി.
Content Highlights: nimisha priya case yemen union government will help her to submit appeal in yemen
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..