സുനിൽ
നിലമ്പൂര്‍: മൈസൂരുവിലെ നാട്ടുവൈദ്യന് ഷാബാ ഷെരീഫ് വധക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്ക് സഹായം നല്‍കിയെന്നതിന് ഒരാള്‍ പിടിയില്‍. നിലമ്പൂര്‍ ചന്തക്കുന്ന് വൃന്ദാവനം കൈപ്പന്‍ഞ്ചേരി സുനിലിനെയാണ്(40) നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി. വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തത്. ഇയാള്‍ മുഖ്യപ്രതി ഷൈബിന് അഷറഫിന്റെ ബന്ധുവും എസ്.ഡി.പി.ഐ. പ്രവര്‍ത്തകനുമാണെന്ന് പോലീസ് പറഞ്ഞു.
ഈ മാസം പതിനൊന്നിന് ഷൈബിനെ പോലീസ് അറസ്റ്റ് ചെയ്തതറിഞ്ഞ് കൂട്ടുപ്രതികളായ കൈപ്പഞ്ചേരി ഫാസില്‍, കുന്നേക്കോടന്‍ ഷെമീം, പുളകുളങ്ങര ഷബീബ് റഹ്മാന്, കുത്രാടന്‍ മുഹമ്മദ് അജ്മല്‍, വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷെഫീഖ് എന്നിവര്‍ ഒളിവില്‍പോകുകയായിരുന്നു. ഇവര്‍ കോയമ്പത്തൂരില്‍നിന്ന് പല മൊബൈലുകളില്നിന്നായി സുനിലിനെ വിളിച്ച് പണം ആവശ്യപ്പെട്ടു.
സുനില്‍ നിലമ്പൂരില്‍നിന്ന് കാറില്‍ സുഹൃത്തിനൊപ്പം കോയമ്പത്തൂരിലെത്തി എ.ടി.എമ്മില്‍നിന്ന് പണമെടുത്തുനല്കി. പിന്നീട് ഇവരില്‍ ഒരാള്‍ ആവശ്യപ്പെട്ട അക്കൗണ്ടിലേക്കും പണം അയച്ചു. സുനില്‍ കുറച്ച് ദിവസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒളിവിലുള്ള പ്രതികള്‍ക്ക് സഹായം നല്കിയ കൂടുതല്‍ ആളുകളെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഷാബാ ഷെരീഫ് കൊലപാതക കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി മുക്കട്ട സ്വദേശി കൈപ്പഞ്ചേരി ഷൈബിന് അഷറഫ്, ഷൈബിന്റെ മാനേജരായിരുന്ന ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്, ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ്, വയനാട് ബത്തേരി സ്വദേശി നൗഷാദ് എന്നീ നാല് പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. സുനിലിനെ അറസ്റ്റ് ചെയ്തതോടെ പിടിയിലായ പ്രതികളുടെ എണ്ണം അഞ്ചായി.
ഒളിവിലായവരെ കണ്ടെത്താന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇവര്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.
പ്രതിയുടെ ഭാര്യയെ കേസില്‍ ഉള്‍പ്പെടുത്തില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: ഷാബ ഷെറീഫിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷൈബിന് അഷറഫിന്റെ ഭാര്യ ഫസ്നയെ നിലവില്‍ കേസില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. ഇതിനെ തുടര്‍ന്ന് ജസ്റ്റിസ് പി. ഗോപിനാഥ് മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി.
കേസുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ പോലീസ് തന്നെ ഇതിനോടകം രണ്ടുതവണ ചോദ്യം ചെയ്തുവെന്നും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഫസ്ന മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..