നാട്ടുവൈദ്യന്റെ കൊലപാതകം: മൃതദേഹാവശിഷ്ടം കണ്ടെത്താന്‍ നാവികസേനയും, ചാലിയാറില്‍ തിരച്ചില്‍


മൃതദേഹാവശിഷ്ടങ്ങൾക്കായി അഗ്നിരക്ഷാസേനയും സന്നദ്ധസേവകരും കഴിഞ്ഞദിവസം ചാലിയാറിൽ നടത്തിയ തിരച്ചിൽ. ഇൻസെറ്റിൽ ഷൈബിൻ അഷ്റഫിനെയും നിഷാദിനെയും തെളിവെടുപ്പിനെത്തിച്ചതിന്റെ ദൃശ്യം.

നിലമ്പൂര്‍/എടവണ്ണ: മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ ഒരുവര്‍ഷത്തിലേറെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ മൃതദേഹാവശിഷ്ടം കണ്ടെത്താന്‍ ശനിയാഴ്ച നാവികസേനയുടെ അഞ്ചുപേര്‍ ചാലിയാര്‍ പുഴയിലെ എടവണ്ണ സീതി ഹാജി പാലം ഭാഗത്ത് തിരച്ചില്‍നടത്തും.

കൊച്ചിയില്‍നിന്നുള്ള സംഘമാണ് തിരിച്ചിലിനെത്തുക. ഇവര്‍ വെള്ളിയാഴ്ച രാത്രി നിലമ്പൂരിലെത്തി. ശനിയാഴ്ച രാവിലെ പത്തുമണിയോടെ പുഴയിലിറങ്ങാനാണ് ശ്രമം. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസാണ് നാവികസേനയുടെ സഹായം തേടിയത്. കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫ്, ഡ്രൈവര്‍ നിഷാദ് എന്നിവരുമായി വെള്ളിയാഴ്ച പോലീസ് പാലത്തിന്റെ പരിസരത്ത് തെളിവെടുപ്പ് നടത്തി.

പാലത്തില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ അടങ്ങിയ പ്ലാസ്റ്റിക് ചാക്ക് വലിച്ചെറിഞ്ഞ ഭാഗം ഷൈബിന്‍ അഷ്റഫ് ചൂണ്ടിക്കാണിച്ചു. ഈ ഭാഗത്ത് വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെ പരിശോധന നടത്തി. ഇവിടെ അഗ്നിരക്ഷാസേന നിലമ്പൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.ടി. ഉമ്മറിന്റെ നേതൃത്വത്തില്‍ തിരുവാലി, നിലമ്പൂര്‍ നിലയങ്ങളിലെ സേനാംഗങ്ങള്‍ തിരച്ചില്‍ നടത്തി. സന്നദ്ധസേവകരായ എമര്‍ജന്‍സി റെസ്‌ക്യൂഫോഴ്സും പോലീസ് വൊളന്റിയര്‍മാരും പങ്കെടുത്തു.

രണ്ടു റബ്ബര്‍ ഡിങ്കി ബോട്ടുകളുപയോഗിച്ച് രാവിലെ പത്തരയ്ക്കാണ് തിരച്ചില്‍ ആരംഭിച്ചത്. ഒന്നും കണ്ടെത്താനാകാത്തതിനാല്‍ ഒരുമണിയോടെ അവസാനിപ്പിച്ചു. പാലത്തിന്റെ എടവണ്ണക്കടവിനടുത്ത ഭാഗത്താണ് മൃതദേഹാവശിഷ്ടങ്ങള്‍ തള്ളിയതെന്ന് പ്രതികള്‍ പറയുന്നു.

ഷൈബിന്‍ അഷ്റഫിന്റെ മാനേജരായ ബത്തേരി കൈപ്പഞ്ചേരി സ്വദേശി ഷിഹാബുദ്ദീനും ഏഴുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലാണ്. ഷിഹാബുദ്ദീനുമായി കഴിഞ്ഞദിവസം നിലമ്പൂര്‍ പോലീസ് ഷാബാ ഷെരീഫിന്റെ മൈസൂരുവിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യമറിയുന്നതിന് വൈദ്യന്‍ ഷാബാ ഷെരീഫിനെ (60) 2019 ഒക്ടോബറിലാണ് സംഘം തട്ടിക്കൊണ്ടുവന്നത്. മര്‍ദനത്തെത്തുടര്‍ന്ന് 2020 ഒക്ടോബറിലാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്.

നിലമ്പൂര്‍ ഡിവൈ.എസ്.പി. സാജു കെ. എബ്രഹാം, നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി. വിഷ്ണു, എടവണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ എം. അബ്ദുള്‍മജീദ് എന്നിവരുടെ നേതൃത്തിലായിരുന്നു തെളിവെടുപ്പ്.

ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം വെട്ടിനുറുക്കിയ ശൗചാലയത്തിന്റെ പൈപ്പ്, നവീകരിച്ച ശൗചാലയത്തില്‍നിന്ന് നീക്കം ചെയ്ത ടൈല്‍, മണ്ണ്, സിമന്റ് എന്നിവയില്‍നിന്നു ലഭിച്ച രക്തക്കറ, മൃതദേഹം കൊണ്ടുപോകാനുപയോഗിച്ച ഷൈബിന്റെ കാറില്‍ നിന്നു ലഭിച്ച മുടി എന്നിവയാണ് അന്വേഷണസംഘത്തിന് ഇതുവരെ കിട്ടിയ തെളിവുകള്‍.

കൈപ്പഞ്ചേരിയിലെ സ്ഫോടകവസ്തുക്കള്‍ഷൈബിന്‍ അഷ്റഫ് നല്‍കിയത്,പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി

സുല്‍ത്താന്‍ബത്തേരി: ജില്ലയിലെ രാഷ്ട്രീയ നേതാവിനെ വകവരുത്താനായി ഷൈബിന്‍ അഷ്റഫ് നല്‍കിയ സ്‌ഫോടകവസ്തുക്കളാണ് കൈപ്പഞ്ചേരിയില്‍ ഒളിപ്പിച്ചിരുന്നതെന്ന് പ്രതികള്‍ അന്വേഷണസംഘത്തിനു മൊഴിനല്‍കിയതായി വിവരം.

കൈപ്പഞ്ചേരിയില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ കേസിലെ പ്രതികളായ സഹോദരങ്ങളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം നടത്തിയ ചോദ്യംചെയ്യലിലാണ് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. എന്നാല്‍, ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കേസില്‍ പ്രതികളായ കൈപ്പഞ്ചേരി തങ്ങളകത്ത് വീട്ടില്‍ നൗഷാദ്, സഹോദരന്‍ അഷ്റഫ് എന്നിവരെ വെള്ളിയാഴ്ചയാണ് ബത്തേരി പോലീസ് രണ്ടുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്. നിലമ്പൂരിലെ ഷൈബിന്‍ അഷ്റഫിന്റെ വീട് ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ അഷ്റഫും നൗഷാദും മഞ്ചേരി ജില്ലാ ജയിലില്‍ റിമാന്‍ഡിലായിരുന്നു. കവര്‍ച്ചക്കേസിന് പുറമേ മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലും നൗഷാദ് പ്രതിയാണ്. ബത്തേരി പോലീസ് രജിസ്റ്റര്‍ചെയ്ത സ്‌ഫോടകവസ്തു കേസില്‍ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി നിലമ്പൂര്‍ കോടതിയില്‍ വ്യാഴാഴ്ച പോലീസ് അപേക്ഷ നല്‍കിയിരുന്നു.

കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രതികളെ ബത്തേരിയിലെത്തിച്ചത്. തുടര്‍ന്ന് ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം, ഇവരുടെ വൈദ്യപരിശോധന നടത്തി. സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തശേഷം വൈകീട്ടോടെ കൈപ്പഞ്ചേരിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും കനത്ത മഴയെത്തുടര്‍ന്ന് മാറ്റിവെച്ചു. വീട്ടിലെ തെളിവെടുപ്പ് ശനിയാഴ്ച രാവിലെ പൂര്‍ത്തിയാക്കും. പ്രതികളുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്. സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിക്കാനുണ്ട്.

നിലമ്പൂര്‍ മുക്കട്ടയിലുള്ള ഷൈബിന്റെ വീട്ടില്‍ നടന്ന കവര്‍ച്ചക്കേസില്‍ പിടിയിലായ അഷ്റഫുമായി നിലമ്പൂര്‍ പോലീസ് കഴിഞ്ഞ മാസം 28-ന് കൈപ്പഞ്ചേരിയിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. വീടിന് പിന്നിലെ വാഴത്തോട്ടത്തില്‍ കുഴിച്ചിട്ടനിലയില്‍ ഒമ്പത് ജലാറ്റിന്‍ സ്റ്റിക്കുകളും അഞ്ചരമീറ്റര്‍ ഫ്യൂസ് വയറുമാണ് കണ്ടെടുത്തത്. ഇതിന്റെ തൊട്ടടുത്ത മറ്റൊരു കുഴിയില്‍നിന്നും ഷൈബിന്റെ വീട്ടില്‍നിന്നും അപഹരിച്ച നാല് മൊബൈല്‍ ഫോണുകളും കണ്ടെടുത്തിരുന്നു. സഹോദരന്‍ നൗഷാദ് ഒളിപ്പിച്ചുവെക്കാന്‍ പറഞ്ഞുതന്ന രണ്ട് പൊതികള്‍ കുഴിച്ചിടുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ഇതില്‍ സ്‌ഫോടക വസ്തുക്കളുണ്ടായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് അഷ്റഫ് അന്ന് പോലീസിന് മൊഴി നല്‍കിയത്.

Content Highlights: nilambur shaba shareef murder case investigation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


England vs India 5th Test Birmingham day 1

2 min

സെഞ്ചുറിയുമായി പന്ത്, നിലയുറപ്പിച്ച് ജഡേജ, ആദ്യദിനം ഇന്ത്യയ്ക്ക് സ്വന്തം

Jul 1, 2022

Most Commented