
മൈസൂരുവിലെ ബോഗാദി രണ്ടാംസ്റ്റേജിലെ വസന്തനഗരയിലുള്ള ഷാബാ ഷെരീഫിന്റെ വീട്. ഷാബാ ഷെരീഫിന്റെ ഭാര്യ ജെബീന താജ്.
മൈസൂരു: ''ഇത്രയുംകാലം കാത്തിരുന്നപ്പോള്‍ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, തുണ്ടംതുണ്ടമാക്കിക്കളഞ്ഞില്ലേ. ഇനി ഞാന്‍ എന്തു പ്രതീക്ഷിക്കാനാണ്. അവസാനമായി എനിക്കൊന്ന് കാണാന്‍പോലും കിട്ടിയില്ലല്ലോ'' -നാല്പത്തിയഞ്ചുവയസ്സുകാരിയായ ജെബീന താജിന്റെ ഈ വാക്കുകളിലൂടെ അറിയാം തന്റെ ഭര്‍ത്താവിനായി അവര്‍ എത്രമാത്രം കാത്തിരുന്നെന്ന്. നിലമ്പൂരിലെ പ്രവാസി വ്യവസായി ഷൈബിന് അഷ്റഫ് മൃഗീയമായി കൊലപ്പെടുത്തിയ മൈസൂരുവിലെ ഒറ്റമൂലി നാട്ടുവൈദ്യന് ഷാബാ ഷെരീഫിന്റെ ഭാര്യയുടെ വാക്കുകളാണിത്.
മൈസൂരു നഗരത്തിലെ ബോഗാദി രണ്ടാംസ്റ്റേജിലുള്ള വസന്തനഗരയിലെ ഒരുനിലവീട്ടിലാണ് മൂലക്കുരുവിനുള്ള ഒറ്റമൂലിവൈദ്യനായ ഷെരീഫ് കുടുംബസമേതം താമസിച്ചിരുന്നത്. കാത്തിരിപ്പിനൊടുവില്‍ ഭര്‍ത്താവിന്റെ വിയോഗവാര്‍ത്ത കേള്‍ക്കേണ്ടിവന്ന ജെബീനയുടെ സങ്കടമാണ് ഇപ്പോള്‍ ഈവീട്ടില് അലയടിക്കുന്നത്. താന്‍ ഏറെ സ്നേഹിച്ചിരുന്ന പ്രിയഭര്‍ത്താവ് ഇനിയില്ലെന്ന യാഥാര്‍ഥ്യം അവര്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ഭര്‍ത്താവ് ഏറെ ക്രൂരമായി കൊല്ലപ്പെട്ടതിലുള്ള ദേഷ്യവും ദുഃഖവും അവരുടെ വാക്കുകളില്‍ പ്രകടമാണ്.
''വീട്ടില്‍വന്ന് ഒരുസംഘം ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുപോയി. എവിടെനിന്നോ ഭര്‍ത്താവിനെക്കുറിച്ച് കേട്ടറിഞ്ഞാണ് വന്നത്. ആദ്യം പോകാന്‍ കൂട്ടാക്കിയില്ല. പിന്നീട് രോഗിയെ മൈസൂരുവില്‍ എത്തിച്ചെന്ന് പറഞ്ഞാണ് ബൈക്കില്‍ കൊണ്ടുപോയത്. അഞ്ചുമിനിറ്റുകൊണ്ട് വരാമെന്നുപറഞ്ഞ് പോയയാള്‍ പിന്നീടൊരിക്കലും വന്നില്ല'' - ജീവിതത്തില്‍ ഇനിയൊരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത അന്നത്തെ ദിവസത്തെ സംഭവത്തെക്കുറിച്ചുള്ള ജെബീനയുടെ വാക്കുകള്‍.
ഷാബാ ഷെരീഫിനെ കാണാതെവന്നതോടെ ഇദ്ദേഹത്തിന്റെ കുടുംബം മൈസൂരുവിലെ സരസ്വതിപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പോലീസ് വേണ്ടവിധത്തില്‍ അന്വേഷിക്കാതെ സമയം കളഞ്ഞെന്ന് ജെബീന കുറ്റപ്പെടുത്തി. അന്നുതന്നെ കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ ഭര്‍ത്താവ് ഇപ്പോള്‍ തനിക്കൊപ്പം കൂടെയുണ്ടാകുമായിരുന്നു. കേരളത്തില്‍നിന്നുള്ളവര്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയിരുന്നില്ല. ഭര്‍ത്താവ് കൊല്ലപ്പെട്ടെന്ന വിവരം കേരളാ പോലീസാണ് അറിയിച്ചതെന്നും ജെബീന പറഞ്ഞു.
വിവാഹിതരായ എട്ടുമക്കളാണ് ഷാബാ ഷെരീഫ്-ജെബീന താജ് ദമ്പതിമാര്‍ക്കുള്ളത്. ഇവരില്‍ രണ്ട് ആണ്മക്കളും രണ്ട് പെണ്മക്കളുമായി നാലുപേര്‍ ജെബീനയ്ക്കൊപ്പമാണ് താമസം. മറ്റുള്ളവര്‍ മൈസൂരുവിന്റെ വിവിധയിടങ്ങളില്‍ അവരവരുടെ കുടുംബസമേതം കഴിയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..