ഷൈബിൻ അഷ്റഫ്
നിലമ്പൂര്‍: മൈസൂരുവിലെ നാട്ടുവൈദ്യന് ഷാബാഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തി ചാലിയാര്‍ പുഴയില്‍ത്തള്ളിയ കേസില്‍ മൃതദേഹം കണ്ടെത്താനായില്ലെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പോലീസ്. മേയ് എട്ടിനാണ് കേസെടുത്തത്. 12 പേര് അറസ്റ്റിലായി. സാഹചര്യത്തെളിവുകളും തൊണ്ടിമുതലുകളും ഉപയോഗപ്പെടുത്തി കൊലപാതകം തെളിയിക്കാനാവുമെന്നാണ് പോലീസ് പ്രതീക്ഷ. മുഖ്യപ്രതി ഷൈബിന് അഷറഫിന്റെ വീട്ടില്‍നിന്നും മൃതദേഹം തള്ളിയ പുഴയില്‍നിന്നും കണ്ടെടുത്ത ഫോറന്‍സിക് തെളിവുകളും നിര്‍ണായകമാകും.
മൃതദേഹം വെട്ടിനുറുക്കിയ ശൗചാലയത്തിന്റെ പൈപ്പ്, നവീകരിച്ച ശൗചാലയമുറിയില്നിന്ന് നീക്കംചെയ്ത ടൈല്‍, മണ്ണ്, സിമെന്റ് എന്നിവയില്‍നിന്നുമായി ലഭിച്ച രക്തക്കറ, പുഴയില്‍ കണ്ടെത്തിയ എല്ല്, മൃതദേഹം കൊണ്ടുപോകാനുപയോഗിച്ച കാറില്‍നിന്ന് ലഭിച്ച മുടി, മൃതദേഹം വെട്ടിനുറുക്കാനുപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി തുടങ്ങിയവയാണ് നിര്‍ണായക തെളിവുകള്‍. ഡി.എന്‍.എ. ഫലം വന്നാലേ മൃതദേഹം ഷാബാ ഷരീഫിേന്റതാണെന്ന് സ്ഥിരീകരിക്കാനാവൂ. തൃശ്ശൂര്‍ ഫൊറന്‍സിക് ലാബില്‍നിന്ന് ഫലം വേഗംകിട്ടാന് പോലീസ് ശ്രമിക്കുന്നുണ്ട്.
ഷാബാ ഷെരീഫിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവും പോലീസ് ഫൊറന്‍സിക് സംഘത്തിന് കൈമാറി. ഇതിലെ കുറേ ദൃശ്യങ്ങള്‍ നീക്കംചെയ്യപ്പെട്ട നിലയിലാണ്. ഇത് തിരിച്ചുപിടിക്കാന്‍ ശ്രമം നടക്കുന്നു. തട്ടിക്കൊണ്ടുവരാന്‍ ഉപയോഗിച്ച വാനും ഷാബാ ഷരീഫിന്റെ കാറും തൊണ്ടിമുതലാണ്.
മൂലക്കുരുവിന് ഒറ്റമൂലി ചികിത്സ നടത്തുന്ന ഷാബാ ഷെരീഫിനെ 2019 ഓഗസ്റ്റ് ഒന്നിനാണ് മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്നത്.
ഒന്നേകാല്‍വര്‍ഷം മുക്കട്ടയിലെ ഷൈബിന് അഷ്റഫിന്റെ വീട്ടില്‍ ചങ്ങലയ്ക്കിട്ട് തടവില്‍ പാര്‍പ്പിച്ചശേഷം കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയില്‍ത്തള്ളി എന്നാണ് കേസ്.
അറസ്റ്റിലായത് 12 പേര്, കിട്ടാനുള്ളത് മൂന്നുപേര്‍
ഷൈബിന് അഷറഫിനു പുറമെ അയാളുടെ മാനേജരായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന് (36), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട നടുത്തൊടിക നിഷാദ് (32), വയനാട് കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് (41), വൈദ്യനെ തട്ടിക്കൊണ്ടുവന്ന സംഘത്തിലെ ചന്തക്കുന്ന് കൂത്രാടന്‍ അജ്മല്‍ (30), പൂളക്കുളങ്ങര ഷബീബ് റഹ്മാന് (30), വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷെഫീഖ് (28), ചന്തക്കുന്ന് ചാരംകുളം കാപ്പുമുഖത്ത് അബ്ദുള്‍ വാഹിദ് (26), ഒളിവില്‍ക്കഴിയുന്ന പ്രതികള്‍ക്ക് സഹായം നല്കിയ നിലമ്പൂര്‍ ചന്തക്കുന്ന് വൃന്ദാവനം കൈപ്പഞ്ചേരി സുനില്‍ (40), വണ്ടൂര്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരന് വണ്ടൂര്‍ ഗവ. ആശുപത്രിക്കു സമീപം താമസിക്കുന്ന കാപ്പില്‍ മിഥുന് ( 28), പ്രതികള്‍ക്ക് പണവും സിംകാര്‍ഡും മൊബൈല്‍ഫോണും സംഘടിപ്പിച്ചു കൊടുത്ത വണ്ടൂര്‍ കൂളിക്കാട്ടുപടി പാലപറമ്പില്‍ കൃഷ്ണപ്രസാദ് (26), ഷൈബിന് അഷറഫിന്റെ ഭാര്യ ഫസ്ന (28) എന്നിവരെയാണ് അറസ്റ്റുചെയ്തത്. തെളിവുനശിപ്പിച്ചുവെന്നാണ് ഫസ്നയ്ക്കെതിരായ കുറ്റം.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും തട്ടിക്കൊണ്ടുവരാന്‍ പോയവരും ഇപ്പോഴും റിമാന്‍ഡിലാണ്.
മുക്കട്ട കൈപ്പഞ്ചേരി ഫാസില്‍ (31), കുന്നേക്കാടന്‍ ഷമീം (32), ഷൈബിന്റെ സഹായിയായിരുന്ന റിട്ട. എസ്.ഐ. സുന്ദരന്‍ സുകുമാരന്‍ എന്നിവര്‍ ഒളിവിലാണ്. ഇവര്‍ ഡിണ്ടിഗലിലെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..