റെയ്മണ്ട് ഒനിയെമ്മ
പാലക്കാട്: സമൂഹമാധ്യമം വഴി സൗഹൃദം സ്ഥാപിച്ചശേഷം പലപ്പോഴായി 21.65 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയ സ്വദേശി അറസ്റ്റിൽ. സൗത്ത് ഡൽഹി നെബ് സരായ്യിൽ താമസമാക്കിയ റെയ്മണ്ട് ഒനിയെമയെയാണ് (35) പാലക്കാട് സൈബർ പോലീസ് സംഘം ന്യൂഡൽഹിയിലെത്തി പിടികൂടിയത്.
2021 നവംബറിലാണ് പണം നഷ്ടപ്പെട്ടതായി കാണിച്ച് കൂറ്റനാട് സ്വദേശി പരാതി നൽകിയത്. സമൂഹമാധ്യമം വഴി ലഭിച്ച റെയ്മണ്ടിന്റെ സൗഹൃദ അപേക്ഷ സ്വീകരിക്കുകയും പിന്നീട് സ്ഥിരമായി ചാറ്റ് ചെയ്ത് സൗഹൃദം ദൃഢമാക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. യു.എസിലെ ടെക്സസിൽ ഡോക്ടറായ താൻ ഇന്ത്യ സന്ദർശിക്കാൻ വരുന്നുണ്ടെന്നും സമ്മാനങ്ങൾ കരുതിയിട്ടുണ്ടെന്നും അറിയിച്ച് കൂറ്റനാട് സ്വദേശിയുടെ വിശ്വാസം പിടിച്ചുപറ്റിയായിരുന്നു തട്ടിപ്പ്. യാത്രയ്ക്കിടെ ന്യൂഡൽഹി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയെന്നും പിഴയിനത്തിൽ അടയ്ക്കാൻ തുക വേണമെന്നും പറഞ്ഞ് ആദ്യം ചെറിയതുക വാങ്ങി. പിന്നീട് പലപ്പോഴായി മൊത്തം 21.65 ലക്ഷം രൂപയും കൈപ്പറ്റി. പിന്നീട് ആളെ നേരിൽ കാണാതായതോടെ കൂറ്റനാട് സ്വദേശി സൈബർ പോലീസിനെ സമീപിച്ചു.
മൊബൈൽ നമ്പറും ഇരുവരും നടത്തിയ ബാങ്ക് ഇടപാടിന്റെ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് റെയ്മണ്ടിനെ കുടുക്കിയത്. 2014 മുതൽ റെയ്മണ്ട് ഇന്ത്യയിൽ സ്ഥിരതാമസക്കാരനാണെന്നും പോലീസ് പറഞ്ഞു. കൂറ്റനാട് സ്വദേശിയിൽനിന്ന് തട്ടിയെടുത്ത പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സൈബർ പോലീസ് ഇൻസ്പെക്ടർ എ. പ്രതാപ് പറഞ്ഞു.
ആർ.ബി.ഐ.യുടേതടക്കം വ്യാജ വെബ് സൈറ്റുകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നതിനുപിന്നിലും റെയ്മണ്ടിന് പങ്കുണ്ടെന്ന് പോലീസ് കരുതുന്നു. എ.എസ്.ഐ. യു. സലാം, എസ്.സി.പി.ഒ. എം. മനേഷ്, സി.പി.ഒ. ജി. അനൂപ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..