ബക്കറ്റിൽ കണ്ടെത്തിയ കുഞ്ഞുമായി പോലീസുകാർ വാഹനത്തിലേക്ക് ഓടുന്നു
ചെങ്ങന്നൂര്‍: പ്രസവിച്ചയുടന്‍ യുവതി ഉപേക്ഷിച്ച കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധന നടത്തിയേക്കുമെന്ന് വിവരം. കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയിലുള്ള കുഞ്ഞിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. യുവതിയ്‌ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് 75, ഇന്ത്യന്‍ ശിക്ഷാനിയമം 317 എന്നിവ പ്രകാരം കേസെടുക്കും. യുവതിയുടേയും അകന്നു കഴിയുന്ന ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കുഞ്ഞിന് ജനിച്ചശേഷം പ്രാഥമിക ശുശ്രൂഷകള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇതിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കുഞ്ഞിനുണ്ട്. 24 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം മാത്രമേ ആരോഗ്യനിയില്‍ മാറ്റമുണ്ടോ എന്ന് വ്യക്തമാകു എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നതിനടക്കമുള്ള ചികിത്സകളാണ് നിലവില്‍ കുഞ്ഞിനു നല്‍കുന്നത്. മഞ്ഞപിത്തമടക്കമുള്ള രോഗങ്ങള്‍ വരാതെയിരിക്കാനുള്ള ചികിത്സയും നല്‍കുന്നുണ്ട്.
32 ആഴ്ച വളര്‍ച്ചയുള്ള കുട്ടിയ്ക്ക് 1.3 കിലോഗ്രാം തൂക്കം മാത്രമാണ് ഉള്ളത്. ഈ പ്രായത്തില്‍ ആരോഗ്യകരമായ ശരാശരി തൂക്കം 2.7 കിലോഗ്രാം ആണെന്നിരിക്കെ കുഞ്ഞിന്റെ ശരീരം ഭാരം കുറവായതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ആറന്മുള സ്വദേശിനിയായ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടില്‍നിന്ന് പ്രസവിച്ചതിന് പിന്നാലെ അമിതരക്തസ്രാവമുണ്ടായപ്പോളാണ് യുവതി ചെങ്ങന്നൂരിലെ ആശുപത്രിയിലെത്തിയത്. ആശുപത്രി അധികൃതര്‍ കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് നല്‍കിയത്. കുഞ്ഞ് മരിച്ചെന്നും മൊഴി നല്‍കി. ഇതോടെ ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസ് യുവതിയുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ബക്കറ്റില്‍ ഉപേക്ഷിച്ചനിലയില്‍ നവജാതശിശുവിനെ കണ്ടെത്തിയത്.
യുവതിയുടെ ആറന്മുളയിലെ വീട്ടിലെത്തിയ പോലീസ് സംഘത്തിന് ആദ്യം കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് വീട്ടിലുണ്ടായിരുന്ന ബക്കറ്റില്‍നിന്ന് കരച്ചിലും ബക്കറ്റിലെ അനക്കവും പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. പരിശോധിച്ചതോടെ ബക്കറ്റിനുള്ളില്‍ തുണിയില്‍പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ പോലീസ് സംഘം കുഞ്ഞിനെയും എടുത്ത് ഓടി. ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതി ഗര്‍ഭിണിയായവിവരം ആരെയും അറിയിച്ചിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. തുടര്‍ന്ന് മറ്റാരുമറിയാതെ യുവതി വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു. ഇതിനുപിന്നാലെ അമിത രക്തസ്രാവമുണ്ടായതോടെയാണ് യുവതി ആശുപത്രിയില്‍ ചികിത്സതേടിയത്.
Content Highlights: newborn baby abandoned in bucket in chengannur, alappuzha, case against woman


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..