ഷൈബിൻ അഷ്റഫ്
മലപ്പുറം: നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ കൂടി കസ്റ്റഡിയില്‍. പാരമ്പര്യ വൈദ്യനായ ഷാബാ ഷരീഫിനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായിട്ടുള്ളത്. ഇവരെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
അതിനിടെ, പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഷൈബിന് അഷ്റഫിനെതിരേ പോലീസ് പുതിയ കേസും രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് കുന്ദമംഗലത്തെ പ്രവാസി വ്യവസായി ഹാരിസും ഒരു യുവതിയും അബുദാബിയില്‍വെച്ച് മരണപ്പെട്ട സംഭവത്തിലാണ് പോലീസ് ഷൈബിനും കൂട്ടാളികള്‍ക്കുമെതിരേ പുതിയ കേസെടുത്തിരിക്കുന്നത്. ഹാരിസിന്റെയും യുവതിയുടെയും മരണം കൊലപാതകമാണെന്ന് നേരത്തെ തന്നെ സംശയമുയര്‍ന്നിരുന്നു. ഹാരിസിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ബ്ലൂപ്രിന്റുകളും വീഡിയോ തെളിവുകളും പുറത്തുവന്നിരുന്നു. വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ ഷൈബിന് അറസ്റ്റിലായതിന് പിന്നാലെയാണ് ഈ തെളിവുകള്‍ പുറത്തുവന്നത്.
ഷൈബിന് പിടിയിലായതോടെ ഹാരിസിന്റെ മരണത്തിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി. എന്നാല്‍ സംഭവം നടന്നത് വിദേശത്തായതിനാല്‍ കേസെടുക്കാന്‍ പോലീസ് ആദ്യം തയ്യാറായില്ല. തുടര്‍ന്ന് കുടുംബം കോടതിയെ സമീപിക്കുകയും സംഭവത്തില്‍ കേസെടുക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കുകയുമായിരുന്നു.
2020 മാര്‍ച്ചിലാണ് പ്രവാസി വ്യവസായിയായ ഹാരിസിനെ അബുദാബിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരു യുവതിയെയും ഇവിടെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. രണ്ട് മരണങ്ങളും കൊലപാതകമാണെന്നും ഷൈബിനും കൂട്ടാളികളുമാണ് ഈ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതെന്നുമാണ് പോലീസ് നല്കുന്ന സൂചന. യുവതിയെ കൊലപ്പെടുത്തി ഹാരിസ് ജീവനൊടുക്കിയെന്ന് വരുത്തിതീര്‍ക്കാനാണ് ഷൈബിനും കൂട്ടാളികളും ശ്രമിച്ചതെന്നും ഷൈബിനാണ് ഈ ആസൂത്രണത്തിന് നേതൃത്വം നല്‍കിയതെന്നും പോലീസ് സൂചന നല്‍കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..