വിഷ്ണുവും അഭിലാഷും
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ ഗ്രൗണ്ട് ഹാൻഡ്ലിങ് ജീവനക്കാർ മുമ്പ് ആറുവട്ടം സ്വർണം കടത്തിയതായി കണ്ടെത്തി. എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡിലെ ജീവനക്കാരായ കോതമംഗലം സ്വദേശി വിഷ്ണു, തിരുവനന്തപുരം സ്വദേശി അഭീഷ് എന്നിവരാണ് ബുധനാഴ്ച കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ചോദ്യം ചെയ്തപ്പോഴാണ് ആറുവട്ടം സ്വർണം കടത്തിയിട്ടുള്ളതായി വിവരം ലഭിച്ചത്. നാലുകോടി രൂപയുടെ സ്വർണം ഇവർ മുഖേന കടത്തിയിട്ടുണ്ട്.
ബുധനാഴ്ച നടന്നതുപോലെ തന്നെ വിമാനത്താവളത്തിലെ ശൗചാലയത്തിൽ വെച്ചായിരുന്നു ആറുവട്ടവും സ്വർണ കൈമാറ്റം. സ്വർണവുമായി എത്തുന്ന യാത്രക്കാരൻ കസ്റ്റംസ് പരിശോധനയ്ക്കു മുമ്പ് അറൈവൽ ഹാളിൽ ബാഗേജ് ബെൽറ്റിനു സമീപത്തുള്ള ശൗചാലയത്തിൽ എത്തും. അവിടെ വിഷ്ണു, അഭീഷ് എന്നിവരിലാരെങ്കിലുമെത്തി സ്വർണം ഏറ്റുവാങ്ങും. തുടർന്ന് കൈവശമുള്ള ബാഗിലാക്കി സ്വർണം ടെർമിനലിനു പുറത്തെത്തിച്ച് നൽകും. ഈ ഓപ്പറേഷനാണ് ബുധനാഴ്ച ഡി.ആർ.ഐ. കൈയോടെ പിടികൂടിയത്. ഇക്കുറിയും സ്വർണം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെ പാർക്കിങ് ഏരിയയിൽ ഒരാൾ എത്തിയിരുന്നു.
കൊടുവള്ളി സ്വദേശിയായ ഇയാളെ പിടികൂടിയെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. വിഷ്ണു, അഭീഷ് എന്നിവരിൽ ആരെങ്കിലും ഒരാൾ ഡ്യൂട്ടിയിൽ ഉള്ളപ്പോൾ മാത്രമാണ് ഇവരെ ഉപയോഗിക്കുന്ന സംഘം സ്വർണം കടത്തിക്കൊണ്ടുവരുന്നത്. ഇതിന് നല്ല പ്രതിഫലവും നൽകിയിരുന്നു. മൂവാറ്റുപുഴ സംഘവും കൊടുവള്ളി സംഘവും ചേർന്നാണ് സ്വർണം കടത്തുന്നത് എന്ന സൂചനയും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്..
വിഷ്ണുവിനെയും അഭീഷിനെയും സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കി.
ഇവരെ കാക്കനാട് ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ദുബായിയിൽനിന്ന് സ്വർണം കടത്തിക്കൊണ്ടുവന്ന മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഫാസിലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
വിഷ്ണുവിനെയും അഭീഷിനെയും പിരിച്ചുവിടും
നെടുമ്പാശ്ശേരി: സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ വിഷ്ണുവിനെയും അഭീഷിനെയും ജോലിയിൽനിന്നു പിരിച്ചുവിടും. ഇരുവരും കരാർ ജീവനക്കാരാണ്.
എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡിൽ ഇരുവരും ജോലിയിൽ പ്രവേശിച്ചത് 10 മാസം മുമ്പാണ്. വൈകാതെ ഇരുവരും സ്വർണക്കടത്ത് സംഘത്തിന്റെ വലയിലായി.
Content Highlights: nedumbassery airport gold smuggling ground handling workers habitual smugglers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..