നയന സൂര്യ
തിരുവനന്തപുരം: യുവസംവിധായിക നയനാ സൂര്യന്റെ മൃതദേഹത്തില്‍നിന്ന് ശേഖരിച്ചവയുള്പ്പെടെയുള്ള സാംപിളുകളില്‍ ഒന്നുപോലും പരിശോധനയ്ക്കായി ഫൊറന്‍സിക് ലാബില്‍ എത്തിയില്ല. കേസില്‍ നിര്‍ണായകമാകേണ്ടിയിരുന്ന നഖം ഉള്‍പ്പെടെയാണ് ലബോറട്ടറിയില്‍ എത്താതെ അപ്രത്യക്ഷമായത്.
പ്രാഥമികമായി അയക്കേണ്ടവ പോലും എത്തിയില്ലെന്ന് കേസിന്റെ ആദ്യഘട്ട അന്വേഷണ സമയത്ത് ഫൊറന്‍സിക് ലാബ് ജോയന്റ് ഡയറക്ടറായിരുന്ന ഡോ. സുനില്‍ എസ്.പി. വെളിപ്പെടുത്തി. സൈബര്‍ പരിശോധനകളും നടന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.
പോസ്റ്റ്മോര്‍ട്ടം നടത്തിയ സര്ജന് ശേഖരിച്ച സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കാന്‍ പോലീസിനാണ് കൈമാറിയത്. സ്രവം ഉള്‍പ്പെടെയുള്ള സാംപിളുകള്‍ പോലീസ് സര്ജന് തന്നെ രാസപരിശോധനയ്ക്ക് കെമിക്കല്‍ എക്സാമിേനഷന്‍ ലാബില്‍ നേരിട്ടയച്ചു. പോലീസിന്റെ പക്കലുള്ള സാംപിളുകളിലെ വസ്ത്രവും ഇലക്ട്രോണിക് സാധനങ്ങളും ഉള്‍പ്പെടെ ഒന്നുംതന്നെ ഫൊറന്‍സിക് ലാബിലേക്ക് അയച്ചിട്ടില്ല.
നയനയുടെ നഖം പരിശോധനയ്ക്ക്് അയക്കാനായി അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസിന് കൈമാറിയെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സര്ജന് ഡോ. കെ. ശശികല പറഞ്ഞിരുന്നു. മരണസ്ഥലത്ത് രണ്ടാമതൊരാളിന്റെ സാന്നിധ്യം ഉണ്ടായിരുന്നോ എന്നറിയാന്‍ നഖത്തിന്റെയും വസ്ത്രത്തിന്റെയും സാംപിള്‍ പരിശോധനയിലൂടെ കഴിയുമായിരുന്നു. ഡി.എന്‍.എ. പരിശോധനാ സാധ്യതയും ഉണ്ടായിരുന്നു.
നയനയുടെ ലാപ്ടോപ്പിലെ ഡേറ്റകളും ഫോണിലെ സന്ദേശങ്ങളും മായ്ച്ച നിലയിലാണ് മ്യൂസിയം പോലീസ് നയനയുടെ വീട്ടുകാര്‍ക്ക് കൈമാറിയത്.
ലെനിന് രാജേന്ദ്രന്റെ വേര്പാടിന് നാല് വര്‍ഷം;ചര്‍ച്ചകളില്‍ നിറഞ്ഞ് പ്രിയശിഷ്യയുടെ മരണം
തിരുവനന്തപുരം: പ്രമുഖ സംവിധായകന് ലെനിന് രാജേന്ദ്രന്റെ വേര്‍പാടിന്റെ നാലാം വാര്‍ഷികദിനമായിരുന്ന ശനിയാഴ്ച ചര്‍ച്ചകളില്‍ നിറഞ്ഞത് അദ്ദേഹത്തിന്റെ പ്രിയശിഷ്യ നയനാ സൂര്യന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍. ലെനിന് രാജേന്ദ്രന് മരിച്ച് ഒരു മാസം പിന്നിടുമ്പോഴായിരുന്നു നയനയുടെ മരണം.
കച്ചവട സിനിമകള്‍ക്ക് പിന്നാലെ പോകാതെ കലാമൂല്യമുള്ള ചിത്രങ്ങള്‍ മാത്രം മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനായിരുന്നു ലെനിന് രാജേന്ദ്രന്. 1982-ല്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമായ 'വേനല്‍' മുതല്‍ ഈ മൂല്യവും നിലപാടും അദ്ദേഹം കാത്തുസൂക്ഷിച്ചു. 'ഇടവപ്പാതി' എന്ന സിനിമയില്‍ സംവിധാന സഹായി ആയാണ് നയനാ സൂര്യന് ഇദ്ദേഹത്തിന്റെ ശിഷ്യയാകുന്നത്. തുടര്‍ന്ന് ലെനിന് രാജേന്ദ്രന്റെ എല്ലാ ഡോക്യുമെന്ററികളിലും സ്റ്റേജ് ഷോകളിലുമെല്ലാം നയന പ്രധാന സഹായിയായി.
പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 'വാസവദത്ത' എന്ന ചിത്രത്തിലും ഇവര്‍ ഒരുമിച്ചുണ്ടായിരുന്നു. ലെനിന് രാജേന്ദ്രന് അസുഖ ബാധിതനായപ്പോഴും നയന ഒപ്പമുണ്ടായിരുന്നു.
2019 ജനുവരി 14-ന് ലെനിന് രാജേന്ദ്രന്റെ വേര്‍പാടോടെ ഉലഞ്ഞുപോയ നയന കടുത്ത വിഷാദ രോഗത്തിലേക്ക് പോയി. അടുത്ത മാസം 24-ന് നയനയെ താമസ സ്ഥലത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വയം ജീവനൊടുക്കിയതാണ് എന്ന് വിശദീകരിച്ച് പോലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു.
എന്നാല്‍ നാലുവര്‍ഷത്തിനുശേഷം നയന മരിച്ചത് കഴുത്ത് ഞെരിഞ്ഞായിരുന്നു എന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് 'മാതൃഭൂമി' പുറത്തുവിട്ടതോടെയാണ് ഈ മരണം വീണ്ടും ചര്‍ച്ചയായത്. ക്രൈംബ്രാഞ്ച് ഇപ്പോള്‍ ഈ കേസ് പുനരന്വേഷിക്കുകയാണ്.
Content Highlights: nayana suryan death case samples did not get in forensic lab
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..