1. പ്രതീകാത്മകചിത്രം 2. നയനാ സൂര്യ
തിരുവനന്തപുരം: യുവ സംവിധായിക നയനാ സൂര്യന്റെ മരണം സ്വയം കഴുത്ത് ഞെരിച്ച് ആകാമെന്ന വിചിത്ര പരാമര്‍ശം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ 'അസ്ഫിക്സിയോഫീലിയ' എന്ന സ്വയം പീഡന അവസ്ഥയില്‍ മരണം സംഭവിച്ചതാകാമെന്ന 'കണ്ടെത്തല്‍' ആണ് ഫൊറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. ആര്.ഡി.ഓഫീസിലെ ഫയലില്‍ ഇല്ലാത്ത ഈ റിപ്പോര്‍ട്ട് ഉന്നത പോലീസ് സംഘം വീണ്ടും പരിശോധിച്ചുവരികയാണ്. സ്വയം പീഡിപ്പിച്ചും ശ്വാസംമുട്ടിച്ചും ആനന്ദം കണ്ടെത്തുന്ന അത്യപൂര്‍വമായ ഈ അവസ്ഥ പാശ്ചാത്യരാജ്യങ്ങളില്‍ പോലും വിരളമായേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നാണ് നയനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനെ സാധൂകരിക്കാന്‍ പിന്നീട് 'അസ്ഫിക്സിയോഫീലിയ' വെച്ചുകെട്ടിയതാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഈ നിഗമനത്തിലേക്കെത്തിയതെന്നും ഇതിനുള്ള വിദൂര സാധ്യതകള്‍ പോലുമില്ലെന്നും നയനയുടെ ബന്ധുക്കളും സുഹൃത്തുക്കളും സംശയം പ്രകടിപ്പിക്കുന്നു.
അതേസമയം 'അസ്ഫിക്സിയോഫീലിയ' കാരണമാണ് മരണം എന്ന തീര്‍പ്പിലെത്തണമെങ്കില്‍ മരണം നടന്ന സ്ഥലത്തെ ചുറ്റുപാടും വസ്തുക്കളും ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഒത്തുവരണം എന്ന് വ്യവസ്ഥയുണ്ട്. ഇക്കാര്യങ്ങളില്‍ ഒന്നുപോലും പോലീസ് തയാറാക്കിയ മഹസര്‍ റിപ്പോര്‍ട്ടിലില്ല.
മൃതദേഹം കണ്ട സ്ഥലത്ത് ദൂരെമാറി ചുരുട്ടിയ പുതപ്പ് കണ്ടു എന്നാണ് മഹസറിലുള്ളത്. അതേസമയം ഗുരുതരമായ മുറിവുകള്‍ ഉണ്ടായിരുന്നിട്ടും അതൊന്നും ഇന്‍ക്വസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുമില്ല. മുറി അകത്തുനിന്ന് കുറ്റിയിട്ടിരുന്നു എന്നാണ് മൃതദേഹം ആദ്യം കണ്ട സുഹൃത്തുക്കള്‍ മൊഴി നല്‍കിയത്. എന്നാല്‍ വാതില്‍ കൈകൊണ്ട് തള്ളിത്തുറന്നു എന്നും മൊഴിയിലുണ്ട്.
ഇത്രയും മുറിവുകള്‍..ക്ഷതം; എന്നിട്ടും പോലീസ് ഫയല്‍ പൂട്ടി
തിരുവനന്തപുരം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ള, കഴുത്തിന്റെ ഇടതു ഭാഗത്ത് 31.5 സെന്റീമീറ്റര്‍ നീളത്തില്‍ ഉരഞ്ഞുണ്ടായ മുറിവ് പോലീസിന്റെ ഇന്‍ക്വസ്റ്റില്‍ ഇല്ല. താടിയെല്ലില്‍ 6.5 സെന്റീമീറ്റര്‍ നീളത്തില്‍ ഉരഞ്ഞ പാടുണ്ടായിരുന്നു. കഴുത്തിന് താഴെയും മുന്‍വശത്തും കഴുത്തെല്ലിന് സമീപത്തും ഉരഞ്ഞ പാടുകളുണ്ടായിരുന്നു. കഴുത്തിന് മുന്‍ഭാഗത്തും താഴെയും നെഞ്ചിന് ഭാഗത്തെ അസ്ഥിക്ക് മുകളിലും പിങ്ക് നിറമായിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
ചവിട്ടേറ്റതുപോലുള്ള, അഞ്ചു സെന്റീമീറ്റര്‍ വലിപ്പത്തിലെ ക്ഷതമേറ്റ പാടും പോലീസ് കണ്ടിട്ടില്ല.
ഇതിന്റെ ആഘാതത്തില്‍ ആന്തരികാവയവങ്ങള്‍ ഞെരിഞ്ഞ് രക്തസ്രാവം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇത്രയും ഗുരുതരമായ കണ്ടെത്തലുകളുള്ള റിപ്പോര്‍ട്ട് എന്തുകൊണ്ട് അവഗണിച്ചു എന്നതാണ് ദുരൂഹം.
ഫയലുകളില്‍ വീണ്ടും പരിശോധന പുനരന്വേഷണത്തിനും സാധ്യത
തിരുവനന്തപുരം: നയനയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസ് വീണ്ടും പരിശോധിക്കുന്നു. പുനരന്വേഷണത്തിനും സാധ്യത. മൃതദേഹപരിശോധനാഫലം 'മാതൃഭൂമി' പുറത്തുവിട്ടതിനു പിന്നാലെ ഇതുവരെയുള്ള പോലീസ് നടപടികള്‍ പരിശോധിക്കാനും തുടരന്വേഷണം വേണോയെന്നു പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ ജെ.കെ.ദിനിലിനെ ചുമതലപ്പെടുത്തി. തിരുവനന്തപുരം ഡി.സി.പി. വി.അജിത്താണ് നിര്‍ദേശം നല്‍കിയത്.
മൃതദേഹപരിശോധനാഫലവും കേസ് ഡയറിയും പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. തുടര്‍ന്ന് പുനരന്വേഷണത്തില്‍ തീരുമാനമെടുക്കും.
സ്വയം ശരീരപീഡ നടത്തുന്ന അപൂര്‍വ അവസ്ഥയാണ് മരണകാരണമെന്ന് െഫാറന്‍സിക് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടെന്ന് ഡി.സി.പി. വി.അജിത് 'മാതൃഭൂമി'യോടു പറഞ്ഞു. നയന മരിച്ചുകിടന്ന മുറിയില്‍ പുറത്തുനിന്ന് ആരെങ്കിലും കയറാനുള്ള സാധ്യതയുമില്ല. കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
2019 ഫെബ്രുവരി 24-നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയനാ സൂര്യ(28)നെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന സൂചനയാണ് മൃതദേഹപരിശോധനാഫലത്തിലുള്ളത്. അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായികയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്.
സംവിധായകന് ലെനിന് രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന. ലെനിന് രാജേന്ദ്രന് മരണപ്പെട്ട് ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു നയനയുടെ മരണം.
ദുരൂഹത നീക്കണം-ബന്ധുക്കള്‍
കരുനാഗപ്പള്ളി: യുവസംവിധായിക നയന സൂര്യയുടെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്ന് മാതാപിതാക്കളും സഹോദരനും ആവശ്യപ്പെട്ടു. നയന സൂര്യയുടെ മരണത്തിനുശേഷം പലവട്ടം കേസന്വേഷിച്ച തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പോയിരുന്നതായി സഹോദരന് മധു പറഞ്ഞു. അന്ന് അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വളരെ നല്ല രീതിയിലാണ് പെരുമാറിയത്. മരണത്തില്‍ അസ്വാഭാവികതയൊന്നും ഉള്ളതായി തോന്നുന്നില്ലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞുവിശ്വസിപ്പിച്ചു.
പോലീസുകാരുടെ പെരുമാറ്റത്തില്‍ അതു വിശ്വസിച്ചുപോയി. എന്നാല്‍, ഇപ്പോള്‍ ദുരൂഹത തോന്നുന്നതായും സഹോദരന് ആരോപിക്കുന്നു.
Content Highlights: Nayana Surya death police forensic reprt
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..