1. പ്രതീകാത്മകചിത്രം 2. നയനാ സൂര്യ
തിരുവനന്തപുരം : ദുരൂഹസാഹചര്യത്തിൽ മരിച്ച യുവസംവിധായിക നയനാ സൂര്യന്റെ പേരിൽ തിരുവനന്തപുരത്ത് ഫ്ലാറ്റ് കൈമാറ്റമോ വസ്തു ഇടപാടുകളോ നടന്നിട്ടുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കും. പുനരന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം നയനയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സ്വത്തുവകകളെക്കുറിച്ചും ആദ്യഘട്ടത്തിൽ അന്വേഷിക്കും.
ആൽത്തറ ജങ്ഷന് സമീപത്തെ വാടകവീട്ടിലാണ് നയന(28) യെ 2019 ഫെബ്രുവരി 24-ന് മരിച്ചനിലയിൽ കണ്ടത്. മരണത്തിന് തൊട്ടടുത്ത ദിവസം നയനയുടെ സഹോദരൻ മധു പോലീസിനൊപ്പം, മരണം നടന്ന മുറിയിലെത്തിയപ്പോൾ കടലാസുകളടക്കം മുറിയിൽ നിറയെ സാധനങ്ങൾ കണ്ടിരുന്നു. എന്നാൽ പിന്നീട് വസ്ത്രങ്ങളും മറ്റും എടുക്കാൻ എത്തിയപ്പോൾ മുറിയിൽ അതൊന്നുമില്ലായിരുന്നു. വസ്ത്രങ്ങളും ലാപ്ടോപ്പും ഫോണും മാത്രമാണ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളായി പോലീസ് പിന്നീട് കൈമാറിയത്.
നയന ഉപയോഗിച്ചിരുന്ന സ്വർണാഭരണങ്ങളിൽ ഒരു കമ്മൽ ഒഴികെ എല്ലാം തിരികെ കിട്ടിയിട്ടുണ്ട്. ലാപ്ടോപ്പിലെ ഡേറ്റകൾ പൂർണമായും നശിപ്പിച്ച നിലയിലും മൊബൈൽഫോണിലെ സന്ദേശങ്ങൾ മായ്ച്ച നിലയിലുമാണ് വീട്ടുകാർക്ക് മടക്കിനൽകിയത്. മരണം നടന്ന് മാസങ്ങൾക്കുശേഷം വൻ തുകയുടെ ചെക്ക് കേസുമായി ബന്ധപ്പെട്ട് വീട്ടുകാർക്ക് വക്കീൽ നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ വീട്ടുകാർ അത് കാര്യമായി എടുത്തില്ല. ആ നോട്ടീസ് നഷ്ടപ്പെടുകയും ചെയ്തു.
സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹായിയായിരുന്ന നയന, അദ്ദേഹം കെ.എസ്.എഫ്.ഡി.സി. എം.ഡി.യായി ചുമതലയേറ്റപ്പോൾ അദ്ദേഹത്തിന്റെ സ്റ്റാഫായി കെ.എസ്.എഫ്.ഡി.സി.യിൽ ജോലി ചെയ്തിരുന്നു.
ചെയർമാൻ ആയിരിക്കേയായിരുന്നു ലെനിൻ രാജേന്ദ്രന്റെ മരണം. ലെനിൻ രാജേന്ദ്രൻ മരിച്ച് ഒരു മാസം കഴിഞ്ഞപ്പോഴാണ് നയനയുടെ ദുരൂഹമരണവും.
നയനയുടെ മൃതദേഹം കെ.എസ്.എഫ്.ഡി.സി.യുടെ കീഴിലുള്ള വഴുതക്കാട് കലാഭവൻ തിയേറ്ററിൽ പൊതുദർശനത്തിന് വെയ്ക്കാൻ സുഹൃത്തുക്കൾ ശ്രമം നടത്തിയെങ്കിലും അനുവാദം കിട്ടിയില്ല. ഉന്നത ഇടപെടൽ കാരണമാണ് പൊതുദർശനത്തിന് അനുവാദം കിട്ടാത്തതെന്നാണ് സുഹൃത്തുക്കളുടെ സംശയം. ഒടുവിൽ മൃതദേഹം വെള്ളയമ്പലം മാനവീയം വീഥിയിലാണ് പൊതുദർശനത്തിന് വെച്ചത്.
പോസ്റ്റ്മോർട്ടം ഫെബ്രുവരി 24-ന്; ഒപ്പിട്ടത് ഏപ്രിൽ അഞ്ചിന്
തിരുവനന്തപുരം : നയനാ സൂര്യന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജിൽ ഫൊറൻസിക് വിഭാഗം പ്രൊഫസറും പോലീസ് സർജനുമായ ഡോ.കെ.ശശികല പോസ്റ്റ്മോർട്ടം നടത്തിയത് മരണം നടന്ന 2019 ഫെബ്രുവരി 24-നായിരുന്നു. എന്നാൽ ഡോ.കെ.ശശികല റിപ്പോർട്ടിൽ ഒപ്പിട്ടത് ഏപ്രിൽ അഞ്ച് എന്ന് രേഖപ്പെടുത്തിയാണ്. ഒപ്പിടാൻ ഇത്രയും കാലതാമസം ഉണ്ടാകാറില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്താരെയും കാണിക്കരുതെന്ന് നിർദ്ദേശിച്ചിട്ടാണ് മ്യൂസിയം പോലീസ് നയനയുടെ സഹോദരന് കൈമാറിയത്. സ്വയം ശരീരപീഡ നടത്തി ആനന്ദം കണ്ടെത്തുന്ന 'അസ്ഫിക്സിയോഫീലിയ' എന്ന അവസ്ഥയാണ് മരണകാരണമെന്നും അത് പുറത്തറിഞ്ഞാൽ നാണക്കേടാകും എന്നു പറഞ്ഞാണ് പോലീസ് റിപ്പോർട്ട് മറച്ചുവെയ്ക്കാൻ ഉപദേശിച്ചത്. നാലുവർഷത്തിനുശേഷം 'മാതൃഭൂമി' പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ മാത്രമാണ് മരണകാരണം കഴുത്ത് ഞെരിഞ്ഞാണ് എന്ന വിവരം വീട്ടുകാർ അറിഞ്ഞത്.
Content Highlights: Nayana Surya death: Financial transactions and property transfers will be investigated
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..