1. പ്രതീകാത്മകചിത്രം 2. നയനാ സൂര്യ
തിരുവനന്തപുരം: യുവസംവിധായികയെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. അന്തരിച്ച സംവിധായകന് ലെനിന് രാജേന്ദ്രന്റെ സഹസംവിധായികയായിരുന്ന നയനാ സൂര്യ (28)യുടെ മരണമാണ് മൂന്നുവര്‍ഷത്തിനുശേഷം ചര്‍ച്ചയാവുന്നത്.
കഴുത്തുഞെരിഞ്ഞാണ് മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. ഇത് കൊലപാകമെന്ന സംശയം ബലപ്പെടുത്തുന്നതായി മുന്‍ പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
അതേസമയം പോലീസ് നടത്തിയ മൃതദേഹപരിശോധനയില്‍ കഴുത്തിലുണ്ടായിരുന്ന 31.5 സെ.മീ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായികയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. അടിവയറ്റില്‍ മര്‍ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും പോലീസ് അന്വേഷിക്കുകപോലും ചെയ്യാതെ കേസ് അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പരാതി.
2019 ഫെബ്രുവരി 24 -നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയനാസൂര്യയെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പത്തുവര്‍ഷത്തോളമായി സംവിധായകന് ലെനിന് രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന. 'ക്രോസ് റോഡ്' എന്ന ആന്തോളജി സിനിമയില്‍ 'പക്ഷികളുടെ മണം' എന്ന സിനിമ നയന സംവിധാനംചെയ്തിട്ടുണ്ട്. ഒട്ടേറെ പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരേ നടന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നയനയുണ്ടായിരുന്നു.
ലെനിന് രാജേന്ദ്രന്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയനയുടെ മരണം. വിഷാദരോഗത്തിന് ചികിത്സതേടിയിരുന്ന നയന ആത്മഹത്യചെയ്തതാവാം എന്ന മട്ടിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. പ്രമേഹരോഗിയായിരുന്ന നയന ഷുഗര്‍താഴ്ന്ന അവസ്ഥയില്‍ മുറിക്കുള്ളില്‍ കുഴഞ്ഞുവീണ് പരസഹായംകിട്ടാതെ മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
ഫോണ്‍വിളിച്ചിട്ട് എടുക്കാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് താമസസ്ഥലത്തെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ നയനയെ കാണുന്നത്. ഇവരാണ് ആശുപത്രിയിലെത്തിച്ചത്.
അസ്വാഭാവികമരണത്തിനാണ് മ്യൂസിയം പോലീസ് കേസെടുത്തത്. എന്നാല്‍, കേസ് എങ്ങുമെത്തിയില്ല. പോസ്റ്റ്മോര്‍ട്ടം, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല എന്നാണ് ആര്.ഡി.ഓഫീസ് നല്കുന്ന വിവരം.
എന്നാല്‍, നയനയുടെ സഹൃത്തുക്കള്‍ക്ക് ഇതിന്റെ കോപ്പി ലഭിച്ചിട്ടുണ്ട്. നയനയുടെ വീട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടില്ല.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്
കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിനുചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ട്. 31.5 സെന്റീമീറ്റര്‍വരെ നീളമുള്ള മുറിവുകളുണ്ട്. ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതം കണ്ടെത്തി. ഇതിന്റെ ആഘാതത്തില്‍ ആന്തരീകാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. ക്ഷതമേറ്റാണ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Nayana Surya assistant director death crime beat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..