1. പ്രതീകാത്മകചിത്രം 2. നയനാ സൂര്യ
തിരുവനന്തപുരം: മരണപ്പെടുന്നതിന് ഒരാഴ്ച മുൻപ് യുവസംവിധായക നയനാ സൂര്യന് മർദനമേറ്റിരുന്നതായി വെളിപ്പെടുത്തൽ. മുഖത്ത് അടിയേറ്റതിന്റെ ക്ഷതം ഉണ്ടായിരുന്നതായും ഫോണിലൂടെ ഭീഷണിയുണ്ടായിരുന്നതായും അടുത്ത സുഹൃത്തുകൾ വെളിപ്പെടുത്തി. ഇതോടെ നയനയുടെ മരണം കൊലപാതകമാണെന്ന സംശയം ശക്തിപ്പെട്ടു.
നയനയുടെ മുഖത്ത് അടിയേറ്റ് നീലിച്ചതിന്റെ പാട് ശ്രദ്ധയിൽപ്പെട്ട സുഹൃത്ത് ഇക്കാര്യം ചോദിച്ചപ്പോൾ ഒരുവശം ചരിഞ്ഞ് കിടന്നപ്പോൾ സംഭവിച്ചതാണെന്ന് പറഞ്ഞ് ആദ്യം നയന ഒഴിഞ്ഞുമാറി. പിന്നീട് ഇതേ സുഹൃത്തിനോട്് തന്നെ ഒരാൾ മർദിച്ചതാണെന്ന് നയന പറയുകയും ചെയ്തു. നയന അവസാനം താമസിച്ചിരുന്ന വീട്ടിലെത്തിയായിരുന്നു മർദനം. സ്വത്തോ പണമിടപാടോ ആയി ബന്ധപ്പെട്ടായിരുന്നു ഈ ആക്രമണമെന്നാണ് വിവരം. ആൽത്തറ ജങ്ഷന് സമീപത്തെ ഈ വാടക വീട്ടിലായിരുന്നു നയനയെ (28) 2019 ഫെബ്രുവരി 24-ൽ മരിച്ച നിലയിൽ കണ്ടത്.
മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് ഫോണിൽവിളിച്ച് ഒരാൾ ഭീഷണിപ്പെടുത്തിയ കാര്യവും നയന ഉറ്റ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. നയനയുടെ ഗുരുവും സംവിധായകനുമായ ലെനിൻ രാജേന്ദ്രൻ അസുഖബാധിതനായി ആശുപത്രിയിലായ സമയത്ത് അദ്ദേഹത്തിന്റെ ചികിത്സച്ചെലവിനായി സുഹൃത്തുക്കളും സിനിമാ സ്നേഹികളുമൊക്കെ ചേർന്ന് പണം സ്വരൂപിച്ചിരുന്നു. ലെനിൻ രാജേന്ദ്രന്റെ മരണശേഷം ഈ പണപ്പിരിവിന്റെ കണക്ക് ആവശ്യപ്പെട്ട് നയന പലരുമായും വഴക്കിട്ടിരുന്നതായും വിവരമുണ്ട്. താൻ മരണപ്പെടുകയാണെങ്കിൽ മൂക്കുത്തിയും ചുവന്ന വസ്ത്രവും അണിയിച്ച് കിടത്തണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളും നയന അവസാന ആഗ്രഹമെന്ന മട്ടിൽ അടുത്ത സുഹൃത്തുക്കളോട് പറയുകയും ചെയ്തു. മരണത്തെ തുടർന്ന് സുഹൃത്തുക്കൾ നയനയുടെ താമസസ്ഥലത്ത് മൂക്കുത്തി എടുക്കാൻ ചെന്നപ്പോൾ പോലീസ് തടഞ്ഞു. ഒടുവിൽ സഹോദരൻ മധുവിന്റെ അനുവാദത്തോടെ മൂക്കുത്തിയും കമ്മലും മാലയുമടക്കമുള്ള ആഭരണങ്ങൾ കണ്ടെടുക്കുകയും മൃതദേഹത്തിൽ മൂക്കുത്തി അണിയിക്കുകയും ചെയ്തിരുന്നു.
അതേസമയം നയനയുടെ ഫോൺകോളുകൾ പോലും പരിശോധിക്കാതെയാണ് മ്യൂസിയം പോലീസ് കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചത്. ഇത്തരമൊരു മരണത്തിൽ പോലീസ് പ്രാഥമികമായി ചെയ്യേണ്ടിയിരുന്ന കാര്യങ്ങളിൽ പോലും വീഴ്ചയുണ്ടായി. ലാപ്ടോപ്പിലെ ഡേറ്റ പൂർണമായും നശിപ്പിച്ച നിലയിലും മൊബൈൽഫോണിലെ സന്ദേശങ്ങൾ മായ്ച്ച നിലയിലുമായിരുന്നു വീട്ടുകാർക്ക് മടക്കി നൽകിയത്. മരണം നടന്ന് മാസങ്ങൾക്കുശേഷം ഒരു വൻ തുകയുടെ ചെക്ക് കേസുമായി ബന്ധപ്പെട്ട് വീട്ടുകാർക്ക്് വക്കീൽ നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ വീട്ടുകാർ അത് കാര്യമായി എടുത്തില്ല. നയനയുടെ പേരിൽ തിരുവനന്തപുരത്ത് വസ്തു ഇടപാടുകളോ മറ്റ് പണമിടപാടുകളോ നടന്നിണ്ടോ എന്നാവും പുനരന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം പ്രധാനമായും പരിശോധിക്കുക.
Content Highlights: Nayan suryan was beaten up a week before his death
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..