ഓട്ടോ ഓടിച്ച് ഉപജീവനം: ഇന്ന് 300 കോടി ആസ്തി, കെട്ടിപ്പൊക്കുന്നത് 20000 സ്‌ക്വയര്‍ഫീറ്റ് വീട്; ദുരൂഹത


സുൽത്താൻബത്തേരി പുത്തൻകുന്നിൽ ഷൈബിൻ അഷ്‌റഫ് നിർമിക്കുന്ന വീട്. ഇൻസെറ്റിൽ ഷൈബിൻ അഷ്‌റഫ്

സുല്‍ത്താന്‍ ബത്തേരി: ഒറ്റമൂലിക്കായി നാട്ടുവൈദ്യനെ അരുംകൊല ചെയ്ത ഷൈബിന്‍ അഷ്‌റഫിന്റെ സാമ്പത്തിക വളര്‍ച്ച കണ്ണടച്ച് തുറക്കും വേഗത്തിലായിരുന്നു. തനിക്ക് 300 കോടിയിലധികം രൂപയുടെ സ്വത്തുണ്ടെന്നാണ് ചോദ്യംചെയ്യലില്‍ ഷൈബിന്‍ തന്നെ വെളിപ്പെടുത്തിയത്. ബത്തേരിയില്‍ ഓട്ടോറിക്ഷ ഓടിച്ചും ലോറി ക്ലീനറായും അല്ലറച്ചില്ലറ അടിപിടിയുമൊക്കെയായി നടന്നിരുന്ന ഷൈബിന്‍ കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് കോടീശ്വരനും പ്രവാസി വ്യവസായിയുമൊക്കെയായി മാറിയത്. അതിനാല്‍ ഷൈബിന്റെ സാമ്പത്തിക സ്രോതസ്സും അന്വേഷണ പരിധിയിലാണ്.

ഷൈബിന്റെ പൊടുന്നനെയുള്ള സാമ്പത്തികവളര്‍ച്ചയും കച്ചവടവുമെല്ലാം അടിമുടി ദുരൂഹത നിറഞ്ഞതാണ്. നാട്ടില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫിലേക്ക് വണ്ടികയറിയ ഷൈബിന്റെ വളര്‍ച്ച അത്ഭുതകരമായ രീതിയിലായിരുന്നു. ഒരു പതിറ്റാണ്ടുമുമ്പ് സാധാരണ തൊഴിലാളിയായി ഗള്‍ഫിലേക്കുപോയ ഷൈബിനിപ്പോള്‍ കോടികളുടെ ആസ്തിയുണ്ട്.

ഓട്ടോ ഓടിച്ചും ക്ലീനറായും ഉപജീവനം

സുല്‍ത്താന്‍ ബത്തേരിക്കടുത്ത് പുത്തന്‍ക്കുന്നില്‍ ഷൈബിന്‍ പണിതുകൊണ്ടിരിക്കുന്നത് കൊട്ടാര സദൃശ്യമായ മാളികയാണ്. വയനാട് ബത്തേരിക്കടുത്ത് മൈതാനിക്കുന്നിലെ കുടിലില്‍നിന്നാണ് കോടിപതിയിലേക്കുള്ള യാത്ര ഷൈബിന്‍ അഷ്‌റഫ് തുടങ്ങുന്നത്. കുറച്ചുകാലം ബത്തേരിയിലെ ലോറിയില്‍ ക്ലീനറായും പിന്നീട് ഓട്ടോറിക്ഷ ഓടിച്ചും ഉപജീവനം കണ്ടെത്തി. ഇതിനിടെ മാതാവ് ജോലി തേടി ഗള്‍ഫിലേക്ക് പോയി. ആ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഷൈബിനും പ്രവാസ ജീവിതത്തിന് തുടക്കമിടുന്നത്. പിന്നീടുള്ള വളര്‍ച്ച അതിവേഗമായിരുന്നു. മൈതാനിക്കുന്നിലെ കുടിലില്‍നിന്ന് ബത്തേരി നഗരത്തിലെ മാനിക്കുനിയിലേയും മാന്തുണ്ടിക്കുന്നിലേയും വലിയ വാടക വീടുകളിലേക്ക് കുടുംബം താമസം മാറി.

20,000 ചരുരശ്രയടിയുള്ള വീട്

ഗള്‍ഫില്‍നിന്നും പണമൊഴുകിത്തുടങ്ങിയതോടെ ഏഴ് വര്‍ഷം മുമ്പ് ബത്തേരി പുത്തന്‍കുന്നില്‍ ഊട്ടി റോഡില്‍ ആഡംബര വസതിയുടെ നിര്‍മാണം ആരംഭിച്ചു. 20,000 ചതുരശ്രയടിക്കടുത്ത് വിസ്തീര്‍ണമുള്ള ഈ വീടിന്റെ നിര്‍മാണം പത്തുവര്‍ഷമാകാറായിട്ടും പൂര്‍ത്തിയായിട്ടില്ല. 20 കോടിയിലേറെ രൂപയാണ് വീടിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇടക്കാലത്ത് കെട്ടിടത്തിന്റെ പണികള്‍ നിലച്ചുപോയിരുന്നെങ്കിലും അടുത്തിടെ പുനരാരംഭിച്ചിരുന്നു. എണ്ണവ്യാപാരമടക്കമുള്ള ഒട്ടേറെ സംരംഭങ്ങള്‍ ഗള്‍ഫിലുണ്ടെന്നാണ് ഷൈബിന്‍ നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്.

യുവാക്കളെ ഗള്‍ഫിലെത്തിച്ചു, അംഗരക്ഷകരാക്കി

പണക്കൊഴുപ്പില്‍ നാട്ടിലെ യുവാക്കളെ ഒപ്പംകൂട്ടി ഒരുസംഘം തന്നെ ഷൈബിന്‍ രൂപീകരിച്ചിരുന്നു. ഇതില്‍ ചിലരെ ഷൈബിന്‍ ഗള്‍ഫിലേക്ക് കൊണ്ടുപോയിരുന്നു. ഗള്‍ഫില്‍നിന്നും ഇടയ്ക്കിടെ നാട്ടിലെത്തുന്ന ഷൈബിന്‍, ആഡംബരവാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ അകമ്പടിവാഹനങ്ങളില്‍ ഈ ചെറുപ്പക്കാര്‍ അംഗരക്ഷകരെന്നപോലെ കൂടെയുണ്ടാകുമായിരുന്നു. 2014-15 കാലങ്ങളില്‍ ബത്തേരി മേഖലയില്‍നിന്ന് ഒട്ടേറെ ചെറുപ്പക്കാരെ ഷൈബിന്‍ ഗള്‍ഫിലേക്ക് ജോലിക്കായി കൊണ്ടുപോയിരുന്നു. കൈപ്പഞ്ചേരി, റഹ്‌മത്ത് നഗര്‍ എന്നിവിടങ്ങളിലുള്ള ചെറുപ്പക്കാരായിരുന്നു ഇതിലധികവും. 2018-19 വര്‍ഷത്തോടെ ഇതില്‍ പലരും നാട്ടിലേക്ക് തിരിച്ചെത്തി.

ബത്തേരി പോലീസിന്റെ ഗുണ്ടാപട്ടികയിലുള്ള സീസിങ് ജോസിന്റെ സംഘവുമായി അടിപിടികളിലൂടെ ഷൈബിന്‍ ക്വട്ടേഷന്‍ ബന്ധങ്ങളും തുടങ്ങി. സംഘത്തിലുള്ളവരെ പല ബിസിനസുകളും ഏല്‍പ്പിച്ചു. അക്കാലത്തുതന്നെ സംഘാഗങ്ങളില്‍ പലരും ഷൈബിനെതിരേ തിരിഞ്ഞുതുടങ്ങി. എതിര്‍ ശബ്ദങ്ങളെ അനായാസം അടിച്ചമര്‍ത്താന്‍ ഷൈബിനിലെ കുശാഗ്രബുദ്ധിക്കാരന് കഴിഞ്ഞു. അതിനിടെ ഷൈബിന് വൃക്കരോഗം അലട്ടിതുടങ്ങി. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രികയയ്ക്ക് ശേഷം ബിസിനസില്‍ സജീവമായപ്പോഴാണ് അബുദാബിയില്‍ കേസില്‍പ്പെടുന്നത്. രണ്ടു വര്‍ഷത്തോളം അവിടെ ജയിലില്‍ കഴിഞ്ഞു. കേസില്‍ കുടുങ്ങിയതോടെയാണ് വയനാട്ടിലെ വീടുപണി നിലച്ചത്. പിന്നീട് ജയില്‍വിട്ട് കേരളത്തിലെത്തിയ ഷൈബിന്‍ ഏഴുവഷം മുമ്പ് നിലമ്പൂരില്‍ രണ്ട് കോടിയുടെ വീട് വാങ്ങി താമസം തുടങ്ങി. ഇക്കാലയളവില്‍ ഷൈബിന് വേണ്ടി നടത്തിയ കുറ്റകൃത്യങ്ങളെല്ലാം സംഘാംഗങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് ഒടുവില്‍ കുടുങ്ങിയത്.

സ്റ്റാര്‍ വണ്‍ ഗ്രൂപ്പ് പ്രവര്‍ത്തിച്ചത് ക്വട്ടേഷന്‍ സംഘമായി

ഷൈബിന്റെ സ്റ്റാര്‍ വണ്‍ ഗ്രൂപ്പ് എന്ന പേരിലുള്ള വ്യാപാരശൃംഖല ഒരു ക്വട്ടേഷന്‍ സംഘത്തെപ്പോലെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. എതിര്‍ക്കുന്നവരെയും ശത്രുതയുള്ളവരെയും ഷൈബിന്റെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോകുകയും മര്‍ദിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്.

ആക്രമണത്തിനിരയായവര്‍ പോലീസില്‍ പരാതിനല്‍കുകയും മാധ്യമങ്ങള്‍ക്കുമുമ്പില്‍ വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്‌തെങ്കിലും ഫലമൊന്നുമുണ്ടായില്ല. അതെല്ലാം സ്വാധീനവും പണവുമുപയോഗിച്ച് തേച്ചുമാച്ചുകളയുകയാണുണ്ടായത്. ചോദിക്കുന്നവര്‍ക്കെല്ലാം വാരിക്കോരി പണം നല്‍കുന്നതിനാല്‍ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരുമെല്ലാമായി ഷൈബിന് അടുത്തബന്ധമുണ്ട്. ഇതെല്ലാം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുണ്ട്. ഏതാനും വര്‍ഷംമുമ്പാണ് നിലമ്പൂര്‍ മുക്കട്ടയില്‍ ഷൈബിന്‍ വീടുവാങ്ങി താമസം മാറിയത്.

ഷൈബിന് മുന്‍ പോലീസ് ഓഫീസറുടെ ഉപദേശമെന്നു സൂചന

ഷൈബിന്‍ അഷ്‌റഫിന് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ മുന്‍ പോലീസ് ഓഫീസറുടെ ഉപദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നു സൂചന. കുറ്റകൃത്യങ്ങളുടെ പഴുതടയ്ക്കാന്‍ ഷൈബിന് കഴിഞ്ഞത് ഈ ബന്ധം മൂലമാണ്. വയനാട് സ്വദേശിയായ ഈ ഉദ്യോഗസ്ഥന്‍ ഷൈബിന്റെ വീടുകയറി അക്രമമുണ്ടായശേഷം നിലമ്പൂരിലെത്തിയതായും സൂചനയുണ്ട്.

ദരിദ്ര കുടുംബത്തില്‍ ജനിച്ച ഷൈബിനെ പിതാവ് ചെറുപ്പത്തില്‍ നിലമ്പൂരില്‍നിന്ന് വയനാട്ടിലേക്കു കൊണ്ടുപോയി. തിരികെയെത്തിയ ഷൈബിന്‍ 2005-ല്‍ വിദേശത്തു ജോലിക്കുപോകുമ്പോഴും സാമ്പത്തികനില മെച്ചമായിരുന്നില്ല.

ആറേഴുവര്‍ഷം കഴിഞ്ഞപ്പോഴാണ് സ്ഥിതിയാകെ മാറിയത്. 2013-ല്‍ മടങ്ങിയെത്തി നിലമ്പൂര്‍ മുക്കട്ടയില്‍ വീട് വാങ്ങി. നാട്ടുകാരുമായി വലിയ ചങ്ങാത്തത്തിന് ഷൈബിന്‍ പോയിരുന്നില്ല. ഏതാനും സുഹൃത്തുക്കള്‍ മാത്രമേ നിലമ്പൂരിലുണ്ടായിരുന്നുള്ളൂ.

അടുത്തകാലത്ത് വിദേശത്തെ ബിസിനസ് തകര്‍ന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഷൈബിനെന്ന് അടുപ്പക്കാര്‍ പറയുന്നു. നിലമ്പൂരിലുണ്ടായിരുന്ന സ്ഥലത്തിന്റെ പകുതിയോളം വിറ്റു. കബഡികളി തര്‍ക്കത്തെത്തുടര്‍ന്ന് വയനാട്ടിലുള്ള ഒരാളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ നിലമ്പൂരില്‍ ഏറെനാള്‍ ഒളിവില്‍ കഴിയുകയും ചെയ്തിരുന്നു.

രണ്ടു പ്രതികള്‍ തമിഴ്‌നാട്ടിലേക്കു കടന്നു

അതേസമയം കേസില്‍ ഇനി കിട്ടാനുള്ള അഞ്ചു പ്രതികളില്‍ രണ്ടുപേര്‍ തമിഴ്‌നാട്ടിലേക്കു കടന്നതായി സൂചനയുണ്ട്. എല്ലാവരെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചുവെന്നും തമഴിനാട്ടിലേക്ക് പ്രത്യേക സംഘത്തെ അയച്ചതായും അന്വേഷണസംഘം പറഞ്ഞു. മൈസൂരുവില്‍നിന്ന് ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവരാന്‍ സഹായിച്ചവരാണ് ഇനി കിട്ടാനുള്ളവര്‍. എല്ലാവരും മലയാളികളാണ്. ഷൈബിന് പുറമെ അറസ്റ്റിലായ നിഷാദ്, ഷിഹാബുദ്ദീന്‍ എന്നിവരാണ് മഞ്ചേരി സബ്ജയിലില്‍ കഴിയുന്നത്.

Content Highlights: mysuru murder case, shibin ashraf's luxury life

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented